Wednesday, 20 July 2016

ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഒന്നാം വാർഷികം


ഞാൻ ജനിച്ചു വീണപ്പോഴും ഒരുപക്ഷേ എന്റെ കൈകൾ മടക്കി ക്യാമറ ഉണ്ടാക്കി അതിലൂടെ നഴ്സിനെ നോക്കിക്കാണും. ഒരു ക്യാമറ സ്വന്തമാക്കണമെന്ന മോഹം എപ്പോഴാണ് എന്റെയുള്ളിൽ പൊട്ടമുളച്ചതെന്നറിയില്ല. ചെറുപ്പത്തിൽ നമുക്കെല്ലാവർക്കും പലതരം മോഹങ്ങൾ ഉണ്ടാകും. ഒന്നു വലുതാകുമ്പോഴാകും തിരിച്ചറിയുക അതിൽ പലതും ഭൂലോക മണ്ടത്തരവും, മറ്റു ചിലത് അപ്രാപ്യവും ആണെന്ന്. എന്നാൽ ഈ മോഹം അങ്ങിനെ തന്നെ കിടന്നു വർഷങ്ങളോളം. വ്യത്യസ്തവും, അപൂർവതയുള്ളതുമായ കാഴ്ചകൾ ഞാനെന്റെ കൈകൾ മടക്കി ക്യാമറയായി സങ്കൽപ്പിച്ചു അതിലൂടെ പകർത്തി. ഇതൊരു ശീലമായി തുടങ്ങിയത് എന്ന് മുതലാണെന്ന് വ്യക്തമായി ഓർമ്മയില്ലെങ്കിലും സ്‌കൂൾ ജീവിതത്തിൽ ഞാനെന്റെ പ്രണയിനിയുടെ സുന്ദരമായ മുഖത്തെ പലതവണ പകർത്തിയിട്ടുണ്ട് ഈ ക്യാമറയിലൂടെ. അത് പക്ഷേ, പതിഞ്ഞത് മെമ്മറി കാർഡിലല്ല, എന്റെ ഹൃദയത്തിലാണ്.  കാലമെത്ര കഴിഞ്ഞാലും മായാത്ത അപൂർവം ചിത്രങ്ങളിൽ ചിലത് അതും.

കോളേജ് ജീവിതത്തിലേക്ക് കടന്നപ്പോഴും ശീലങ്ങൾക്ക് മാറ്റമൊന്നും സംഭവിച്ചില്ല. ക്യാമറയുള്ള ഫോൺ കയ്യിൽ കിട്ടിയതിൽ പിന്നെ അതൊരു വെപ്രാളമായിരുന്നു. കാണുന്ന കാഴ്ചകളെല്ലാം പകർത്താനുള്ള ആവേശം. ചിത്രങ്ങളോടുള്ള ഇഷ്ടം പതിയെ ചലച്ചിത്രങ്ങളിലേക്ക് ചേക്കേറി. അങ്ങിനെ ഡിഗ്രി പഠനകാലത്ത് ലഘു ചിത്രങ്ങൾ പലതും ചെയ്തു. ഒരു വിനോദത്തിനുമപ്പുറം മറ്റു പലതുമായിരുന്നു അതെനിക്ക്. പിന്നെ കൂട്ടുകാരന്റെ ഹാൻഡി ക്യാമറ കടം വാങ്ങി ചെയ്ത ഡോക്യൂമെന്ററിയും, അതിനു ശേഷം ചെയ്ത ലഘു ചിത്രങ്ങളും വേറെ. 

ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ആകെ ബാക്കിയായത് അത് മാത്രമാണ് എന്ന തിരിച്ചറിവ്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നും, ചെയ്യാനിഷ്ടമുള്ള കാര്യങ്ങൾ ആസ്വദിച്ചു ചെയ്യണമെന്നുമുള്ള എന്റെ വാശി എനിക്ക് നല്ല ഇന്നലെകൾ സമ്മാനിച്ചു. 

എന്നാൽ ഇന്ന്, വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന്റെ ഫലമായി ഞാൻ സ്വന്തമാക്കിയ എന്റെ വിലപിടിപ്പുള്ള ക്യാമറ അലമാറയ്ക്കകത്തെ ഇരിപ്പു തുടങ്ങിയിട്ട് വർഷം ഒന്ന് തികയുന്നു.  മാറി വരുന്ന മാറാലകൾക്കും, ചിതറിക്കിടക്കുന്ന ചിതലുകൾക്കും കൂട്ടായി അതിനിയും അവിടെ തന്നെ കാണും, സ്വപ്നസാക്ഷാത്ക്കാരത്തിന്റെ സ്മാരകമായി. 

മോഹങ്ങളും, സ്വപ്നങ്ങളും കുഴിച്ചു മൂടപ്പെട്ട ഈ മരുഭൂമിയിൽ അഞ്ചക്ക ശമ്പളവും, തിരക്കേറിയ ജോലിയും എന്റെ ജീവിതത്തിന് പുതിയ നിർവചനങ്ങൾ നൽകിയിരിക്കുന്നു.

തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള ഓട്ടത്തിനിടയിലും ഈ ജീവിതയാത്രയിൽ എവിടെയോ വെച് എനിക്ക് നഷ്ടമായ എന്റെ മോഹങ്ങളും, ഇഷ്ടങ്ങളും ചികഞ്ഞെടുക്കാൻ ഈ ക്യാമറ ചിതലുകൾക്കും, മാറാലകൾക്കും കൂട്ടായി ഇവിടെ തന്നെ കാണണം. അതെ, അൽപ്പം ചാരിതാർഥ്യത്തോട് കൂടി തന്നെ ഞാൻ പറയും,

    "ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഒന്നാം വാർഷികം" എന്ന്.

Monday, 11 July 2016

കാഴ്ച (Vision)









പ്പോഴും കാണാറുള്ള കാഴ്ച
മൊബൈലിൽ പകർത്തിക്കോളൂ.

വല്ലപ്പോഴും കാണാറുള്ള കാഴ്ച
കണ്ണു കൊണ്ടു കാണാൻ ശ്രമിക്കൂ.