Saturday, 19 November 2016

ഒരു അവധിക്കാല ഓർമ്മകൾ (Vacation Memories)


ബാംഗ്ലൂരിൽ നിന്ന് MBA പഠിക്കുന്ന സമയം. അവസാന സെമസ്റ്റർ പരീക്ഷയുടെ സ്റ്റഡി ലീവിന് നാട്ടിലെത്തിയതാണ് ഞാൻ. ഇടയ്ക്കിടയ്ക്ക് നാട്ടിൽ വരുന്നത് തന്നെ ഉമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്. അതിൽ എനിക്കേറ്റവും പ്രിയപ്പെട്ടതാണ് തേങ്ങ ഇട്ടരച്ച മീൻകറിയും, ചോറും... ലോകത്തിലേതു ദിക്കിൽ പോയാലും എന്നെ തിരികെ വിളിക്കാൻ പോന്ന എന്തോ ഒരു കാന്തശക്തി അതിനുണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോ ഉസ്താദ് ഹോട്ടലിലെ കരീമിക്കയുടെ സുലൈമാനിയിലെ മൊഹബ്ബത് പോലെ ഇതിലും കാണും എന്തെങ്കിലും...

ഉമ്മയുടെ ഈ തേങ്ങാ ഇട്ടരച്ച മീൻകറിക്ക് ഞാനല്ലാതെ വേറെയും ആരാധകരുണ്ടെന്ന് ഞാനറിയുന്നത് കഴിഞ്ഞ ലീവിനായിരുന്നു. അത് മറ്റാരുമല്ല..  വീട്ടിലെ ഒരു പൂച്ചയാണ്...

അടുക്കളയുടെ അതിർത്തി കടന്ന് അക്രമം പതിവാക്കിയ ഈ പൂച്ചയുടെ ക്രൂരതയ്ക്ക് എന്നും ഉപ്പയുടെ പഴി കേൾക്കേണ്ടി വരുന്നത് ഉമ്മയ്ക്കാണ്. അതുകൊണ്ട് തന്നെ ഇവർ തമ്മിൽ എപ്പോഴും ഭയങ്കര വഴക്കാണ് .

രാവിലെ ഉമ്മ മീൻ നന്നാകുമ്പോൾ ''മ്യാവൂ'' വിളിച്ചു  കൊണ്ട് പുറകെ കൂടും. ഉമ്മയുണ്ടോ ഗൗനിക്കുന്നു.  ഉമ്മ മീൻ നന്നാക്കിക്കഴിഞ്ഞു മീനിന്റെ ബാക്കിവന്ന തലയും മറ്റു അവശിഷ്ടങ്ങളും അപ്പുറത്തുള്ള തെങ്ങിൻകുഴിയിൽ കൊണ്ട് പോയി  കളയും.

അതുവരെ കണ്ണും കൂർപ്പിച്ചു വെള്ളമിറക്കിക്കൊണ്ടിരുന്ന ആ പൂച്ച നേരെ തെങ്ങിൻകുഴിയിലേക്കു കുതിച്ചു ചാടി അവ മണത്തു നോക്കി അകത്താക്കും. വിശപ്പിന്റെ തീവ്രതയും, അതുണ്ടാക്കുന്ന വേദനയും അൽപ്പമെങ്കിലും ഞാനറിയുന്നത് ബാംഗ്ലൂരിലെ പഠന കാലത്താണ്. അതുകൊണ്ടായിരിക്കാം വിശന്നു കരയുന്ന ആ പൂച്ചയോട് എനിക്കൊരു 'അലിവ്' തോന്നിയത്.

ആ പൂച്ച എന്റെ വീടുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട് എന്നത് അടുത്ത ദിവസങ്ങളിലെ നിരീക്ഷണത്തോടെ എനിക്ക് ബോധ്യമായി. വിലക്കുറവിൽ മീൻ കിട്ടുന്ന സമയത്തു ഒരു കിലോ വാങ്ങി അതിനു കൊടുത്താലോ എന്നുവരെ ഞാൻ ആലോചിച്ചിട്ടുണ്ട്. ചുറ്റുമുള്ളവർ എന്ത് കരുതുമെന്നു കരുതി ചെയ്തില്ല...

എന്നിരുന്നാലും, രാത്രി അത്താഴശേഷം ബാക്കി വരുന്ന മീനിന്റെ മുള്ളും, മറ്റു അവശിഷ്ടങ്ങളും ഞാൻ  ഒരു പരന്ന പാത്രത്തിൽ ശേഖരിച്ചു അടുക്കളയുടെ പുറകുവശത്തു വെക്കുന്നത് പതിവാക്കി. രാത്രി എപ്പോഴെങ്കിലും വന്ന് അത് കഴിച്ചു തീർക്കും.

ദിവസങ്ങൾ കടന്നു പോയി. പതിയെ ആ പൂച്ചയുമായി ഒരു ഇണക്കമൊക്കെ വന്നു തുടങ്ങിയപ്പോഴേക്കും എനിക്ക് തിരിച്ചു പോകാൻ സമയമായി. ഉമ്മയോട് അതിനെ നോക്കാൻ ഏൽപ്പിച്ചു ഞാൻ ബാഗ്ലൂരിലേക്കു മടങ്ങി.

കോഴ്സ് കഴിഞ്ഞു തിരിച്ചു വന്ന എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞ വാർത്തയായിരുന്നു അത്. "റോഡ് മുറിച്ചു കടക്കുമ്പോൾ ഏതോ വണ്ടി വന്നു കയറി ആ പൂച്ച ചത്തുപോയത്രെ.." അൽപ്പം വിഷമത്തോടെയായിരുന്നു ഉമ്മ ഇതെന്നോട് പറഞ്ഞത്. ആദ്യമൊരു ഞെട്ടലായിരുന്നു..  പിന്നെ അതൊരു ദുഃഖമായി.. പതിയെ ഞാൻ  അത്  മറന്നു തുടങ്ങി.

ബാംഗ്ലൂരിലെ പഠനശേഷം ഒരു വർഷം അവിടെ ജോലി ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. ഉപ്പയുടെ എതിർപ്പുകളെ മറികടന്ന് ഇന്റർവ്യൂ പലതും പരീക്ഷിച്ചു, എന്റെ കഴിവും, പാണ്ഡിത്യവും, സാമർഥ്യവും കണ്ടുകൊണ്ട് ഇവനിവിടെ ഒതുങ്ങിപ്പോകേണ്ടവനല്ല എന്ന് കരുതിയാകണം, ആരും എനിക്ക് ജോലിയൊന്നും  തന്നില്ല. കയ്യിലെ കാശെല്ലാം തീർന്നു.. കടങ്ങൾ കഴുത്തോളമെത്തി... ഒന്നാന്തിയിലെ പണമെത്തിയ സന്ദേശങ്ങൾ വരാതായി... പല്ലിറുക്കിക്കൊണ്ടു ഞാൻ ഉപ്പയെ സ്മരിച്ചു.

ഉപ്പ കണക്കു കൂട്ടിയ പോലെ ഞാൻ തിരിച്ചു നാട്ടിലെത്തി (കള്ളവണ്ടി).
ഉപ്പയ്ക്ക് ഒരൊറ്റ നിർബന്ധം.. "ഞാൻ ഗൾഫിൽ പോണം..!"  ആര്??  "ഈ ഞാൻ.!!"

ഗൾഫിനെപ്പറ്റിയും, അവിടത്തെ ജീവിതത്തെപ്പറ്റിയും ഏതാണ്ടൊരു ധാരണയുള്ളതു കൊണ്ടുതന്നെ ഞാൻ തുടക്കം മുതൽ നഖശിഖാന്തം എതിർത്തു.. പെങ്ങളും, അളിയനും ഖത്തറിൽ ഉള്ളതുകൊണ്ട് ഉപ്പ വിടുന്ന ലക്ഷണമില്ല.. "ഖത്തറിൽ പോണം..!"

ചെറുപ്പം മുതലേ അച്ചടക്കവും, മാതാപിതാക്കളെ അനുസരിക്കുകയും ചെയ്യുന്ന മകനായത് കൊണ്ട് ഒടുവിൽ ഞാൻ സമ്മതം മൂളി. MBA റിസൾട്ട് വന്നപ്പോൾ ഖത്തറിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചു.



ഇടവേള



എല്ലാവരും കാപ്പി കുടിച്ചു കഴിഞ്ഞെങ്കിൽ ഞാൻ ബാക്കി പറയട്ടെ, പെട്ടന്നൊരു ദിവസം, വീടിനകത്തു നിന്നെവിടെയോ ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം.. അതെ, അത് കരയുകയാണ്.. എവിടെ നിന്നാണെന്ന് ഒരു പിടിയുമില്ല... ഞാനും ഇക്കയും വീട് മുഴുവൻ പരതി, പക്ഷെ കണ്ടെത്താനായില്ല.. ഇടയ്ക്കെപ്പോഴോ അത് കരച്ചിൽ നിറുത്തി...

അടുത്ത ദിവസം രാത്രിയും ഇത് തുടർന്നു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ ഞങ്ങൾ തിരിച്ചറിഞ്ഞു. വീടിനകത്തു നിന്നല്ല... മുകളിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നത്.

ഞാനും, ഇക്കയും ടോർച്ചെടുത്തു ഏണിയിൽ വലിഞ്ഞു കയറി പുരപ്പുറത്തെത്തി. ചുറ്റും ഇരുട്ട് കയ്യടക്കിയിരിക്കുന്നു. എന്റെ ഉള്ളിലെവിടെയോ ഭയത്തിന്റെ വിത്ത് പാകിയിട്ടു കരച്ചിൽ താനേ നിന്നു. ഇക്ക ഒരു കൂസലുമില്ലാതെ ടോർച്ചു കൊണ്ട് പരതുകയാണ്. പെട്ടന്നാണ് ആ കാഴ്ച കാണുന്നത്. കോൺക്രീറ്റിനും, ഓട് മേഞ്ഞ കമ്പികൾക്കുമിടയിൽ മൂന്നു പൂച്ചക്കുഞ്ഞുങ്ങൾ പേടിയോടെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു. തീരെ ചെറിയ കുഞ്ഞുങ്ങൾ..

എന്തായാലും നാളെയാവട്ടെ എന്നും പറഞ്ഞു ഇക്ക പോയി. ഉമ്മയോട് ഇതിനെക്കുറിച്ചു പറഞ്ഞപ്പോൾ ഇത് ആ ചത്തുപോയ പൂച്ചയുടെ കുഞ്ഞുങ്ങളാകുമെന്നു പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കെന്തോ പോലെ...

ഉറങ്ങാൻ നേരം ആ പൂച്ചക്കുഞ്ഞുങ്ങളുടെ ചിത്രം മനസ്സിൽ നിന്ന് മായുന്നില്ല.. അതിനു വിശക്കുന്നുണ്ടാവുമോ എന്ന് തുടങ്ങിയ നൂറ് സംശയങ്ങൾ... എന്തായാലും നാളെ നോക്കാം എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു പുതപ്പിട്ടു മൂടി.

അടുത്ത ദിവസം രാവിലെ നോക്കുമ്പോൾ അതാ വീണ്ടും കരയുന്നു... ഞാൻ പോയി നോക്കിയപ്പോൾ അവിടെ രണ്ടെണ്ണമേ ഉള്ളു. പിന്നെയാ മനസ്സിലായത്, കരയുന്നത് മൂന്നാമനാണ്. അവൻ ദേ താഴെ അടുക്കളയുടെ ടെറസിന്റെ മുകളിൽ നിൽപ്പുണ്ട്. പെട്ടന്നാണ് ഞാൻ ശ്രദ്ധിച്ചത്, ആ പൂച്ചക്കുഞ്ഞിന്റെ കാലിനൊരു മുറിവുണ്ട്.  അത് ആ മുറിവിൽ നക്കിത്തുടച്ചു കൊണ്ടേയിരിക്കുന്നു. ആ മുറിവു കാരണം അതിന് അവിടുന്ന് ചാടിക്കയറാൻ കഴിയുന്നില്ല. അതാകണം കരച്ചിലിന്റെ കാരണം. ഈ കാഴ്ച കണ്ടു നിന്നിരുന്ന ഇക്ക അല്പനേരത്തെ ചിന്തകൾക്കൊടുവിൽ ഒരു നിഗമനത്തിലെത്തിയെന്ന പോലെ എന്നോടു സംസാരിക്കാൻ തുടങ്ങി.

 "മുകളിലത്തെ കുളിമുറിയിൽ നിന്ന് താഴേക്കു പോകുന്ന പൈപ്പിന് ലീക്കുള്ളതു കൊണ്ട് കുറച്ചു വെള്ളം ഇറ്റി ഇറ്റി പോകുന്നത് കാണുന്നില്ലേ?? മൂന്നു പേരും ആ വെള്ളം കുടിക്കാൻ താഴേക്കു വരികയും, തുടർന്ന്, വെള്ളം കുടിച്ചു കഴിഞ്ഞു തിരികെ പോകാൻ മൂന്നാമന് കാലിലെ മുറിവു കാരണം സാധിക്കുന്നില്ല".
ഇത്രയും പറഞ്ഞു കൊണ്ട് ഇക്ക തന്റെ ബോധമണ്ഡലത്തിന്റെ ആഴവും, പരപ്പും എന്റെ നേർക്ക് തുറന്നു കാട്ടി.
"ഇതിന്റെ പാതി മതിയായിരുന്നല്ലോ ആ ബിടെക് പാസ്സാവാൻ" എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു കൊണ്ട് ആ കഥ വിശ്വസിച്ചു.

അതിനെ കയ്യിലെടുക്കാനുള്ള ഭയം കാരണം ഞാനും ഇക്കയും ഏറെ നേരം പണിപ്പെട്ട് ഒരു മരപ്പലക കൊണ്ട് പാലം തീർത്തു അതിനെ അപ്പുറത്തെത്തിച്ചു. എന്തോ വലിയ കാര്യം ചെയ്തു എന്ന മട്ടിൽ ഞാനും ഇക്കയും മുഖത്തോടു മുഖം നോക്കി അന്തം വിട്ടു നിന്നു. ഇത് കണ്ടുകൊണ്ടു താടിക്കു കൈയും കൊടുത്തു കൊണ്ട് ഉമ്മ അപ്പുറത്തു  നിൽപ്പുണ്ടായിരുന്നു.

പൂച്ചക്കുഞ്ഞുങ്ങളുടെ വിശപ്പിനെ കുറിച്ചോർത്തപ്പോൾ  എന്റെയുള്ളിലെ മനുഷ്യത്വവും, സഹജീവി സ്നേഹവും സട കുടഞ്ഞെഴുന്നേറ്റു. താഴെ അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്നു പാലെടുക്കാൻ നേരം ഉമ്മ ചെവിക്കു പിടിച്ചു തിരികെ വെക്കാൻ കൽപ്പിച്ചു.  അതെനിക്കിഷ്ടപ്പെട്ടില്ല, പിന്നെ ഞാൻ ഒന്നും നോക്കിയില്ല. നേരെ കുതിച്ചു, മൊയ്‌ദുണ്ണിക്കാടെ കടയിലോട്ട്. ഒരു പാക്കറ്റ് പാൽ വാങ്ങി കൊണ്ട് വന്നു രണ്ട് ചിരട്ടയിലായി ഒഴിച്ചു കൊടുത്തു. മൂന്നു പേരും കൂടി ആർത്തിയോടെ അത് നക്കിക്കുടിച്ചു.  മാതാവ് നഷ്ട്ടപ്പെട്ട ഈ കുരുന്നുകൾക്ക് സംരക്ഷണത്തിന്റെ കവചം തീർത്തു കൊടുക്കാനും, കൈകാൽ ഉറയ്ക്കും വരേയ്ക്കും ഭക്ഷണം നൽകീടാനും ഞാൻ ആഗ്രഹിച്ചു.

എന്റെ ഈ പ്രവർത്തി ആദ്യമൊക്കെ മറ്റുള്ളവർക്ക് ഒരു കൗതുമായിരുന്നെങ്കിലും ഇക്ക മാത്രം എന്റെ കൂടെ കൂടി. ഞാനില്ലാത്തപ്പോൾ ഇക്കയും, ഇക്കയില്ലാത്തപ്പോൾ ഞാനും മാറി മാറി അതിന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു.

അങ്ങിനെയിരിക്കുമ്പോഴായിരുന്നു ഖത്തറിലേക്കുള്ള വിസ വന്ന വിവരം ഉപ്പ പറഞ്ഞറിയുന്നത്. ഉടനെ പോകാനുള്ള ടിക്കറ്റും എടുത്തു, ഇനി ഒരാഴ്ച സമയം. ഞാൻ പോയാൽ ഈ പൂച്ചക്കുഞ്ഞുങ്ങൾ ഇവിടെ കിടന്ന് ചാകുമോ എന്ന ചിന്ത എന്നെ ഭയപ്പെടുത്തി. ആ കാലിനു മുറിവുള്ള പൂച്ചക്കുഞ്ഞിനെപ്പറ്റിയാണ് ഞാൻ ഏറെ വ്യാകുലപ്പെട്ടത്. അവരുടെ വളർച്ച വേഗത്തിലാവാൻ ഞാൻ ധാരാളം ഭക്ഷണം കൊടുത്തു. വേണ്ടത് മാത്രം നക്കിക്കുടിച്ചു അവർ മയങ്ങി. ചിരട്ടകളിലെ പാൽ പതിയെ തൈരിലേക്കു പരിണമിച്ചു.

മറ്റു പല തിരക്കുകളിൽ പെട്ടതുകൊണ്ടു ആ ദിവസങ്ങളിൽ ഇക്ക അവരെ ശ്രദ്ധിച്ചിരുന്നില്ല. പെട്ടന്നൊരു ദിവസം ഞാൻ അവർക്കു ഭക്ഷണം കൊടുത്തു ടെറസ്സിൽ നിന്ന് തിരിച്ചു വരുമ്പോൾ ഇക്ക ചോദിച്ചു, അവർ എവിടെ എന്ന്?? ഞാൻ ഒരു ദയനീയ ഭാവം മുഖത്തു വരുത്തി 'ചത്തെ'ന്നു മറുപടി പറഞ്ഞു. ഞാൻ ഒരു തമാശക്ക് പറഞ്ഞതായിരുന്നെങ്കിലും ഇക്കയുടെ മുഖഭാവം ആകെ മാറി. ഉടനെ ഞാൻ കാര്യം പറഞ്ഞു ബോധിപ്പിക്കുകയും എന്റെ അസാന്നിധ്യത്തിലും അവരെ നോക്കണമെന്ന് ഉണർത്തുകയും ചെയ്തു. അവർക്കൊന്നും പറ്റിയിട്ടില്ല എന്നറിഞ്ഞപ്പോഴുള്ള ഇക്കയുടെ സന്തോഷം കണ്ടപ്പോൾ അവരെപ്പറ്റിയുള്ള എന്റെ വേവലാതികൾ അസ്ഥാനത്തായി.

ദിവസങ്ങൾക്കകം ഞാൻ ഖത്തറിലേക്ക് പുറപ്പെട്ടു. എന്റെ ഓർമ്മകളിൽ നിന്നും, ചിന്തകളിൽ നിന്നും ഞാനവരെ പറിച്ചു നട്ടു. ജീവിതത്തിന് പുതിയ നിർവചനങ്ങൾ തേടി നടന്നു. വർഷം ഒന്ന് പിന്നിട്ടു, അവധിക്കു നാട്ടിൽ തന്നെ തിരിച്ചെത്തിയ സമയം.

വീടിന്റെ അടുക്കള പരിസരത്തു തിരിഞ്ഞു കളിക്കുന്ന ആ മുടന്തൻ പൂച്ചയെ എനിക്കാദ്യം തിരിച്ചറിയാനായില്ല. പെട്ടന്നെന്റെ ബോധമണ്ഡലത്തിലൂടെ ഒരു പ്രകാശ രശ്മി പാഞ്ഞു കയറി. അതെ, ആ പഴയ, കാലിനു പരിക്കേറ്റ പൂച്ചക്കുഞ്ഞ് തന്നെ . ഇപ്പോഴതാ ഒരു മുടന്തൻ പൂച്ചയായി എന്റെ മുന്നിൽ അവതരിച്ചിരുക്കുന്നു.

ആകാംഷയുടെ ഭാരം താങ്ങാനാവാതെ ഞാൻ ഉമ്മയെ വിളിച്ചു ചോദിച്ചപ്പോൾ മറ്റു രണ്ടു പൂച്ചകളും എങ്ങോട്ടോ പോയെന്നും, ഈ പൂച്ച മാത്രം ഇവിടെ തന്നെയാണെന്നും ഇതിന്റെ അക്രമം അടുക്കളയിൽ അസഹ്യമാണെന്നും, കഴിയുമെങ്കിൽ ഇതിനെ ദൂരെ എങ്ങോട്ടെങ്കിലും കൊണ്ടു പോയി കളയുവാനും ഉപദേശിച്ചു. ഇതു കേട്ടപ്പോൾ ഞാൻ അറിയാതെ ആ പൂച്ചയെ നോക്കി ചിരിച്ചു. ആ പൂച്ച എന്നെ ഒരപരിചിതനെ പോലെ നോക്കി തലയാട്ടിക്കൊണ്ട് മുടന്തി മുൻപോട്ടു നടന്നു......!!!