ചിരിക്കുന്ന ഇമ്പായ്ക്കയെ നാട്ടിലാരും തന്നെ കണ്ടിട്ടില്ല. എവിടെയും, എപ്പോഴും ഗൗരവം പിടിച്ച ഒരു നോട്ടം മാത്രം. ഗൾഫുകാരന്റെ ജാഡയായിട്ടാണ് ഞാനുൾപ്പെടെ പലരും അതിനെ മനസ്സിലാക്കി വെച്ചിരുന്നത്. ലീവിന് വന്നാൽ ബൈക്കെടുത്തു അങ്ങാടിയിലോട്ടും, തിരിച്ചു വീട്ടിലോട്ടും പായുന്നത് കാണാം, ഗൗരവം തുന്നിച്ചേർത്ത ആ മുഖവുമായി. ഇമ്പായ്ക്ക ആരോടെങ്കിലും ചിരിക്കുന്നതോ, കുശലം പറയുന്നതോ ഞാൻ അതുവരെ കണ്ടിട്ടില്ല.
ഈ അവധിക്കു നാട്ടിലെത്തിയപ്പോൾ, വീടിന്റെ ഉമ്മറത്ത് ഒരു ഫോൺ വിളിയിൽ മുഴുകുകയായിരുന്ന എന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ഇമ്പായ്ക്ക കയറി വന്നത്. വന്നപാടെ ഉപ്പയെ തിരക്കി. സംസാരിച്ചുകൊണ്ടിരുന്നു കോൾ കട്ട് ചെയ്തു ഇമ്പായ്ക്കയെ ഉമ്മറത്ത് ഇരിക്കാൻ ക്ഷണിച്ചതും, ക്ഷണം നിരസിച്ചു കൊണ്ട് ഇമ്പായ്ക്ക വീണ്ടും ധൃതിയിലെന്ന പോലെ ഉപ്പയെ തിരക്കി. പുറത്തുപോയിരിക്കുകയാണെന്നും, ഇപ്പോൾ വരുമെന്നും പറഞ്ഞു ഇമ്പായ്ക്കയെ അവിടെ കസേരയിലിരുത്തി ഞാൻ കുശലാന്വേഷണം ചോദിക്കാൻ തുടങ്ങി.
"ഇമ്പായ്ക്ക ഇപ്പോൾ നാട്ടിൽ തന്നെയാണോ???"
ഒരു നെടുവീർപ്പോടെ ഉത്തരം വന്നു, "കുറച്ചു മാസങ്ങളായിട്ടു നാട്ടിലുണ്ട്, വൈകാതെ മടങ്ങും".
ഇമ്പായ്ക്കയുടെ മറുചോദ്യം,
"നീ ഇപ്പോൾ പഠിക്കുകയാണോ..??"
"പഠിത്തമൊക്കെ കഴിഞ്ഞു, ഇപ്പോൾ ഖത്തറിൽ ആണ്. രണ്ടു വർഷമായി അവിടെ ജോലി ചെയ്യുന്നു."
പറഞ്ഞു തീർന്നതും, ഇമ്പായ്ക്കയുടെ അടുത്ത ചോദ്യം,
"ഒരു 5000 റിയാലൊക്കെ ശമ്പളണ്ടാകുമായിരിക്കും ല്ലേ..??"
ആ ചോദ്യം എനിക്കത്ര ദഹിച്ചില്ല. കിട്ടുന്ന ശമ്പളം പുറത്തു പറയാൻ ആഗ്രഹിക്കാത്തതിന്റെ ജാള്യത മറച്ചു വെച്ച് കൊണ്ട് ഞാൻ എവിടെയും തൊടാത്ത ഒരു മറുപടി പറഞ്ഞു വിഷയം മാറ്റി.
എന്റെ മറുപടിയെ ശ്രദ്ധിക്കാതെ അലസഭാവത്തിൽ ഇമ്പായ്ക്ക പറഞ്ഞു തുടങ്ങി..
"എനിക്കവിടെയും ഇലെക്ട്രിക്കൽ വർക്ക് തന്നെയായിരുന്നു പണി. മാസം കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്ന് ഭക്ഷണത്തിനു 300 ദിർഹംസ് മാറ്റിവെച്ചാൽ ബാക്കി വരുന്ന ചെറിയ തുക കൊണ്ടായിരുന്നു വീട്ടിലെ ചിലവുകളെല്ലാം കഴിഞ്ഞു പോന്നിരുന്നത്. കൂടാതെ, കുട്ടികളുടെ വിദ്യാഭ്യാസം, ആശുപത്രി, കല്യാണം, അങ്ങിനെ പ്രതീക്ഷിക്കുന്നതും, പ്രതീക്ഷിക്കാത്തതുമായ സകലമാന ചിലവുകൾക്കും അതിൽ നിന്ന് തന്നെ വേണം കരുതാൻ. വന്നിട്ട് വർഷങ്ങൾ പലതും കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയൊന്നും സംഭവിച്ചതുമില്ല. ലൈസൻസ് ഇല്ലാതിരുന്നതു കൊണ്ട് കുറെ ദൂരം ബസ്സിലും, ബാക്കി നടന്നും പോയിട്ടായിരുന്നു പലയിടങ്ങളിലും പണി ചെയ്തു തിരിച്ചു വന്നിരുന്നത്. അവിടത്തെ ചൂടിന്റെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടല്ലോ..!! അതൊക്കെ സഹിച്ചാലും നാട്ടിലെ പരാതികൾക്കും, മാനേജരുടെ തെറിവിളികൾക്കും മാത്രം കാര്യമായ കുറവുകളൊന്നുമുണ്ടായിരുന്നില്ല. ഒന്നുരണ്ടു വട്ടം അസഹ്യമായപ്പോൾ മാനേജരുമായി കയർത്തു. അതിൽ പിന്നെ മൂപ്പര് അടുക്കാറില്ല. കഴിഞ്ഞ തവണ അവധിക്കു പോരാൻ നേരം ശമ്പളം കൂട്ടിച്ചോദിച്ചപ്പോൾ 100 ദിർഹം മാത്രം കൂട്ടിത്തരാമെന്നു പറഞ്ഞു അവരും കൈമലർത്തി. പാസ്പോര്ട്ട് അവർ നേരത്തെ വാങ്ങിവെച്ചിരുന്നത് കൊണ്ട് വേറെ ജോലി കണ്ടെത്താനുള്ള അവസരവും ഇല്ലാതായി. അങ്ങിനെ, ഉണ്ടായിരുന്ന പണിയും കളഞ്ഞായിരുന്നു ഈ വരവ്. ഇപ്പോൾ നാല് മാസമായി നാട്ടിലുണ്ട്".
ഇമ്പായ്ക്ക ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
ഒരു വലിയ നിശബ്ദതയ്ക്കു ശേഷം ഞാൻ പതുക്കെ ചോദിച്ചു, ഇനിയെന്താ ഇമ്പായ്ക്ക്കാ പ്ലാൻ..??
ഒന്നും ആലോചിക്കാതെ തന്നെ ഉത്തരം വന്നു,
"ഉടനെ തിരിച്ചു പോണം. ഇവിടെ ഇങ്ങനെ നിന്നാൽ പറ്റില്ല".
ഇമ്പായ്ക്ക പറഞ്ഞു തീർന്നതും ഗേറ്റ് തുറന്നു, ഉപ്പ കയറി വന്നു. ഉപ്പയെ കണ്ടപാടെ മുണ്ടിന്റെ മടിക്കീശയിൽ നിന്ന് 2000 -ത്തിന്റെ കുറച്ചു നോട്ടുകൾ പരതിയെടുത്തു ഇമ്പായ്ക്ക ഉപ്പയുടെ കൈയിലേക്ക് വെച്ച് നീട്ടി.
ഉപ്പ അത് വാങ്ങി എണ്ണി തിട്ടപ്പെടുത്തുമ്പോഴേക്കും ഇമ്പായ്ക്ക പോകാനൊരുങ്ങി. ചായ കുടിച്ചിട്ട് പോകാമെന്ന ഉപ്പയുടെ ക്ഷണത്തെ, തിരക്കുണ്ടെന്ന മറുപടിയിലൊതുക്കി ഇമ്പായ്ക്ക ധൃതിയിൽ പോകാൻ തുടങ്ങി.
ഗേറ്റ് കടക്കാൻ നേരം തിരിഞ്ഞെന്നെ നോക്കിയ ഇമ്പായ്ക്കയുടെ മുഖത്ത് ഞാനാദ്യമായി ഒരു നേരിയ പുഞ്ചിരി കണ്ടു. മുഖത്ത് തുന്നിച്ചേർത്തിരുന്ന ഗൗരവത്തിന്റെയും, ജാഡയുടെയും മുഖംമൂടി അഴിഞ്ഞു വീണതിന്റെ പച്ചയായ ചിരി....