Wednesday, 16 January 2019

ഹൃദയത്തിൽ നിന്നൊരു കത്ത് (Letter from my Heart)





കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഞാൻ നിന്നെ ആദ്യമായി കാണുന്നത്. കണ്ട നാൾ മുതൽ നീ എന്റെ ഹൃദയത്തിൽ കുടിയേറി. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി. നീ എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി. ആഗ്രഹങ്ങളുടെ വിലക്കുകൾ വലിച്ചെറിഞ്ഞു.

പിന്നീട് പല തവണ നിന്നെ ഞാൻ പലരുടെയും കൂടെ കണ്ടിട്ടുണ്ട്. നിന്നെ ഒരുപാട് പിന്തുടർന്ന് വന്നിട്ടുമുണ്ട്. നീയറിയാതെ ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുകയായിരുന്നു. നിന്നെക്കുറിച്ചു കൂടുതലറിയാൻ ഞാനാഗ്രഹിച്ചു.

ഞാൻ അന്വേഷിച്ചവരെല്ലാം വളരെ നല്ല അഭിപ്രായങ്ങൾ നിന്നെപ്പറ്റി പറഞ്ഞിരുന്നു. അത് നിന്നോടുള്ള എന്റെ ഇഷ്ടം ഇരട്ടിയാക്കി. നിന്നോടുള്ള അടങ്ങാത്ത ആഗ്രഹം എന്നിൽ നിറഞ്ഞു കവിഞ്ഞു. പക്ഷെ, നിന്നെ കിട്ടാൻ അവർ എന്നോട് ആവശ്യപ്പെടുന്നത് 33,000 രൂപയാണ്. കേവലം ഒരു വിദ്യാർത്ഥിയായ എന്നെ സംബന്ധിടത്തോളം അതൊരു വലിയ തുക തന്നെയാണെന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷെ, നിന്നെ മറക്കാനോ, വേണ്ടെന്നു വെയ്ക്കാനോ എനിക്ക് സാധിക്കുന്നില്ല. ചിറകടിച്ചു പറന്നു തുടങ്ങിയ എന്റെ സ്വപ്നങ്ങളെ ഞാൻ നിയന്ത്രിച്ചില്ല, ആഗ്രഹങ്ങളെ വിലക്കിയതുമില്ല. പ്രായോഗികതയെപ്പറ്റി ആശങ്കപ്പെടാതെ ഞാൻ കാത്തിരുന്നു, നീ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആ നിമിഷത്തിനായി. എന്റെ മുഖത്ത് ഒരു വിജയിയുടേതിന് സമാനമായ പുഞ്ചിരി എടുത്തണിയുന്ന ആ സുവർണ്ണ നിമിഷത്തിന്.

സെക്കൻഡിൽ മുപ്പതു കിലോമീറ്റർ വേഗതയിൽ സൂര്യനെ ചുറ്റുന്ന ഈ ഭൂമിയിൽ അത്ഭുതങ്ങളെ അവിശ്വസിക്കേണ്ടതില്ല. ഒരുനാൾ നീ എന്റെ കൂടെയുണ്ടാകുമെന്നു എനിക്ക് നല്ല ഉറപ്പുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ കാത്തിരിപ്പ്, പ്രതീക്ഷകളുടെ ഭാരവും താങ്ങി.

ആഗ്രഹങ്ങളും, സ്വപ്നങ്ങളും ചിറകിട്ടടിച്ചു പറന്നുകൊണ്ടേയിരിക്കുന്നു, വിലക്കുകളേയും, പരിധികളേയും  ഭയക്കാതെ...!


To,
Canon 700 D
DSLR Camera