Saturday, 20 November 2021

ഇന്നിലെ ഞാൻ... (Today's Me)









ന്ന് രാവിലെ ഓഫീസിൽ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ ഒരു കുട്ട നിറയെ ലഡുവുമായി ഓഫീസ്ബോയ് വരുന്നു. കാര്യം തിരക്കിയപ്പോൾ തൊട്ടത്തടുത്ത മുറിയിലെ ഉത്തരേന്ത്യക്കാരനായ മുതിർന്ന എഞ്ചിനീയർ, രവിരഞ്ജൻ, ഇന്നലെ UPDA ടെസ്റ്റ് പാസായത്തിന്റെ ട്രീറ്റ് ആണെന്ന് പറഞ്ഞു. കഥാനായകനെ കണ്ട്  കാര്യം തിരക്കിയപ്പോൾ പുള്ളി വളരെ അഭിമാനത്തോടെ എന്നോട് പറയാൻ തുടങ്ങി.

"രാവിലെ 6 മണിക്ക് സൈറ്റിൽ വന്നാൽ വൈകീട്ട് ആറോടെ പണിയെല്ലാം തീർത്തു വീട്ടിൽ പോയി, രാത്രി 10 മണി വരെ എന്നും പഠിക്കും, തുടർച്ചയായി 3 മാസം വിശ്രമമില്ലാതെ ഇങ്ങനെ കഷ്ടപ്പെട്ടതിന്റെ ഫലമാണിത്."

ഇതുകേട്ട് എഴുന്നേറ്റ എന്റെ രോമങ്ങളെ തലോടിയുറക്കികൊണ്ടു ഞാൻ ലഡ്ഡു കഴിക്കൽ പ്രതിഭാസം തുടർന്നു.

മുടിയെല്ലാം നരച്ചു ജോലിയിൽ നിന്ന് വിരമിക്കാറായിനിൽക്കുന്ന ഈ സമയത്തു പോലും അയാൾ കാണിക്കുന്ന ഈ ഡിറ്റർമിനേഷൻ, എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി.


നമ്മളിങ്ങനെ ഇവരുടെയൊക്കെ നേട്ടങ്ങൾ കണ്ട്, അതിൽ നിന്ന് കിട്ടുന്ന ലഡ്ഡുവും ജിലേബിയും കഴിച്ചു ഷുഗറും, പ്രഷറും, കൊളസ്ട്രോളും കൂട്ടി... 

കിട്ടുന്ന ഒഴിവുസമയങ്ങൾ മുഴുവനും വാട്സ്ആപ്പും, ഫേസ്ബുക്കും ഇൻസ്റ്റാറ്റാഗ്രാമും നോക്കിയിരുന്ന്... 

പുറത്തു പോകുന്നതും, ഭക്ഷണം കഴിക്കുന്നതും സ്റ്റാറ്റസ് ആക്കി നാട്ടുകാരേം കാണിച്ചു പൊങ്ങച്ചം കാട്ടി... 

ഏസി റൂമിൽ തിരിയുന്ന കസേരയിൽ കാലും നിവർത്തി ഒന്ന് കുനിയാൻ പോലും മെനക്കെടാതെ, ഈ 30- ആം വയസ്സിലും, 50-കാരന്റെ കാൽമുട്ട് വേദനയും, 60-കാരന്റെ നടുവേദനയുമായി കഴിയുകയാണ്.


ഒന്ന് ഓടാനോ.. പോട്ടെ, നടക്കാനെങ്കിലും പോകാൻ വിചാരിക്കാൻ തുടങ്ങീട്ട് മാസങ്ങൾ പലതായി.

രാവിലെ കിടക്കയിൽ നിന്നെണീക്കാനും, വൈകീട്ട് മൊബൈലിൽ നിന്നെണീക്കാനും, കഴിയാത്തതിനാൽ, ഈ മുട്ടുവേദനയും, നടുവേദനയും സഹിച്ചു...

സാമൂഹ്യ മാധ്യമങ്ങളിലെ ഗോസിപ്പ് വാർത്തകളിലെ, മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയലും, ഉപദേശം കൊടുക്കലും, വിധി പ്രസ്താവിക്കലും കഴിഞ്ഞു കിട്ടുന്ന സമയമെങ്കിലും ഇത്തിരി ദൂരം നടക്കണമെന്നുണ്ട്...


സ്വന്തം കുഴിമാടം വരെയെങ്കിലും...!!!!!