Friday, 10 June 2022

വിശപ്പിന്റെ വിളി - ബാംഗ്ലൂർ ഓർമ്മകൾ (Craving for Hunger)





2011 നവംബറിലെ ഒരു മാസാവസാന ദിനം


ബാംഗ്ലൂരിലെ ഡിഗ്രി പഠനം, അവസാന വർഷം. 


കൂടെയുണ്ടായുണ്ടായിരുന്ന രണ്ടു പേരും നാട്ടിലായതിനാൽ റൂമിൽ ഞാൻ തനിച്ചായിരുന്നു.


റൂമിലെ കുക്കിംഗ് ഗ്യാസ് കാലിയായപ്പോൾ പുറത്തു നിന്നു ഭക്ഷണം കഴിച്ചു, ഉണ്ടായിരുന്ന കാശും തീർന്നിരുന്നു.


ഗ്യാസിവിടെ നാട്ടിലേക്കാൾ മൂന്നിരട്ടി വിലയായതു കൊണ്ട് റൂംമേറ്റ്സ് വരാതെ മാറ്റിവാങ്ങാനും നിവൃത്തിയില്ല.


അങ്ങിനെയൊരു മാസാവസാന ദിവസം, ഉച്ച സമയം.


രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ടു വല്ലാത്ത വിശപ്പ്.


കയ്യിലെ കാശെല്ലാം തീർന്നതിനാൽ അടുക്കള മുഴുവൻ പരതി.


ഒരു രക്ഷയുമില്ല.


വിശപ്പ് സഹിക്കവയ്യാതായപ്പോൾ, വസ്ത്രം മാറി, കാലിപ്പേഴ്‌സും കയ്യിലെടുത്ത്‌ പുറത്തിറങ്ങി. 


പരിചയക്കാരെ ആരെങ്കിലും കണ്ടുമുട്ടിയാലോ എന്ന പ്രതീക്ഷയിൽ നടക്കാൻ തുടങ്ങി...


നടന്ന് നടന്ന് ക്ഷീണിച്ചപ്പോൾ, ഉപ്പയെ വിളിച്ചു പണമയക്കാൻ പറയാൻ ആലോചിച്ചു.


അപ്പോഴാണ് ഓർത്തത് ഇന്ന് ഞായറാഴ്ചയാണെന്നും ബാങ്ക് അവധിയാണെന്നും.


"ശുഭം..!!"


വയറാണെങ്കിൽ കത്തിയെരിയുന്നു.


അങ്ങിനെ നടന്ന് നടന്ന് ഒരു ATM നു മുൻപിലെത്തി.


അകത്തു കയറി ബാലൻസ് ചെക്ക് ചെയ്തുനോക്കിയപ്പോൾ ആകെ 98 രൂപയുണ്ട്.


അപ്പോഴാണ്, റൂമിനടുത്തുള്ള SALT N PEPPER Restaurant - ൽ കാർഡ് പേയ്മെന്റ് സൗകര്യം ഉണ്ടെന്ന കാര്യം ഓർമ്മ വരുന്നത്. 


ഒരു വലിയ നെടുവീർപ്പിനു ശേഷം, സന്തോഷത്തോടെ ഞാൻ ധൃതിയിൽ അവിടേക്ക് നടന്നു.


അപ്പോഴേക്കും സമയം മൂന്നു മണി കഴിഞ്ഞിരുന്നു. 


ഭക്ഷണം പറയുന്നതിന് മുൻപ് കാർഡ് പേയ്മെന്റ് സംവിധാനം ഉണ്ടോ എന്ന കാര്യം ഉറപ്പു വരുത്താനായി തിരക്കിയപ്പോൾ, 'ഉണ്ട്' എന്ന മറുപടി കിട്ടി, പക്ഷെ മിനിമം 100 രൂപയുണ്ടെങ്കിലേ കാർഡ് പേയ്മെന്റ് സ്വീകരിക്കൂ എന്നായി അയാൾ.


പണി കിട്ടിയല്ലോ..!!!!


വിശന്നിട്ടാണേൽ തല കറങ്ങുന്നു...


Restaurant ൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ എന്നെതന്നെ നോക്കുന്ന പോലെ.


ഒരുവിധം, മുഖത്തെ ചമ്മൽ മറച്ചുപിടിച്ചു ഇപ്പൊ വരാമെന്നു പറഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി.


ഇനിയെന്താണൊരു വഴി എന്നാലോചിച്ചു തിരിച്ചു നടന്നപ്പോൾ റൂമിനടുത്തുള്ള ഒരു ജ്യൂസ് കടയുടെ മുൻപിലെത്തി.


മലയാളികളുടെ കടയാണ്, ഞാൻ ഇവിടുന്നു മുൻപ് ഒന്ന്-രണ്ടു തവണ ജ്യൂസ് കുടിച്ചിട്ടുണ്ട്, അയാൾക്കെന്നെ ഓർമ്മ കാണുമോ??


ഇന്നൊരു തവണ കടം പറഞ്ഞാലോ..???


ഞാൻ ചിന്തിച്ചു കൂട്ടാൻ തുടങ്ങി..


അഭിമാനമോ, ദുരഭിമാനമോ ???


എന്തോ ഒന്ന് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു.


എന്തായാലും വേണ്ടില്ല, അയാളോട് കാര്യം പറയാം. ക്യാഷ് നാളെ കൊടുത്താൽ മതിയല്ലോ...


കത്തിയെരിയുന്ന വിശപ്പിനു മുൻപിൽ അഭിമാനത്തിന് എത്ര നേരം പിടിച്ചു നിൽക്കാൻ പറ്റും..!!!!


അയാളോട് കടം ചോദിക്കാൻ മനസ്സിലുറച്ചു കൊണ്ടു ഞാൻ കടയ്ക്കകത്തു കയറി.


അകത്താണെങ്കിൽ ഭയങ്കര തിരക്ക്...


അവർ ഓർഡർ എടുക്കുന്നു.,


ജ്യൂസ് അടിക്കുന്നു.,


കൊടുക്കുന്നു.,


വന്നവർ വന്നവർ കുടിക്കുന്നു.,


ക്യാഷ് കൊടുക്കുന്നു.,


പോകുന്നു...


ഒരേ പ്രക്രിയ തന്നെ തുടർന്ന് കൊണ്ടേയിരിക്കുന്നു.


എന്തെങ്കിലും പറയാനോ, കേൾക്കാനോ ആർക്കും സമയമില്ല..


ഞാനൊഴിച്ചു എല്ലാവരും നല്ല തിരക്കിലാണ്...


എനിക്കാണേൽ ഈ കാര്യം അവരോടു ചോദിക്കാനുള്ള ഒരു സാഹചര്യവുമില്ല. 


"ആൾക്കൂട്ടത്തിലകപ്പെട്ടു പോയ ആടിന്റെ അവസ്ഥ".


കുറേസമയം കഴിഞ്ഞാണ് എന്നോടെന്താണ് വേണ്ടതെന്ന ചോദ്യം, അതും ഉറക്കെ.


കേൾക്കാത്ത ഭാവം നടിച്ചു ഞാൻ, ഒരുവിധം അവിടുന്ന് പുറത്തിറങ്ങി ശ്വാസം വിട്ടു.


സമയം നാലാകാറായി.


അപ്പോഴാണ് കൂടെ പഠിക്കുന്ന കണ്ണൂര്കാരൻ റമീസ്, ഫോണിൽ വിളിക്കുന്നത്, അവനോടു കാര്യം പറഞ്ഞു.


അവന്റെ കയ്യിലും കാശൊന്നുമില്ലെന്നും, റൂമിനടുത്തു എത്താൻ പറ്റിയാൽ അടുത്തുള്ള ഹോട്ടലിൽ നിന്ന് ഫുഡ് വാങ്ങിത്തരാമെന്നും പറഞ്ഞു.


അവനവിടെ പറ്റുള്ള കാര്യം എനിക്കറിയാമായിരുന്നു.


അതുകേട്ട സന്തോഷത്തിൽ ഫോൺ വെച്ച ശേഷമാണ് അങ്ങോട്ടേക്ക് എങ്ങിനെ എത്തുമെന്ന കാര്യം ഞാൻ ഓർക്കുന്നത് .???


ബസ്സിന്‌ പോകാനാണെങ്കിൽ ടിക്കറ്റ് ക്യാഷ് വേണ്ടേ...???!!!


ഇവിടുന്നാണെകിൽ നാല് സ്റ്റോപ്പുണ്ട് 'താവരക്കരെയിലേക്കു'...


എന്തുചെയ്യണമെന്നാലോചിച്ചു ബസ് സ്റ്റോപ്പിൽ ചാരിനിൽക്കുമ്പോഴതാ 

എനിക്ക് പോകേണ്ട ബസ് മുന്നിൽ വന്ന് നിൽക്കുന്നു.


"കയ്യിൽ ദമ്പടി കാശില്ല, വിശപ്പാണെൽ അസഹ്യം"


ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ ബസ്സിൽ കയറി.


കണ്ടക്ടർ മുന്പിലായിരുന്നത് കൊണ്ടു ഞാൻ കയറിയപാടെ പുറകിലേക്ക് നടന്നു.


"നല്ല തിരക്കുണ്ട്, ഭാഗ്യം.."


ഞാൻ മനസ്സിൽ മന്ത്രിച്ചു.


ഏതോ ഒരു മൂലയിൽ ഒതുങ്ങി നിന്നുകൊണ്ടു ഞാൻ മറ്റു യാത്രക്കാരെ നിരീക്ഷിച്ചുകൊണ്ടിരുന്നു.


അത്രയും നേരം മുന്പിലുണ്ടായിരുന്ന കണ്ടക്ടർ, പെട്ടന്ന് എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട്, എന്റെ കൂടെ കയറിയവരുടെ കയ്യിൽ നിന്നു ടിക്കറ്റ് ക്യാഷ് വാങ്ങാൻ തുടങ്ങി.


എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വരുന്നു....


 ഇനിയും രണ്ടു സ്റ്റോപ്പുണ്ട്, പോരാത്തതിന് ഒടുക്കത്തെ ട്രാഫിക് ബ്ലോക്കും...


ബസ്സാണെങ്കിൽ ഡയറി സർക്കിൾ ഫ്‌ളൈഓവറിന്റെ ഒത്ത നടുവിൽ.


ഇറങ്ങിയോടാൻ പോലും പറ്റാത്ത അവസ്ഥ...


എന്റെ ചിന്തകൾ അസ്വസ്ഥമാകാൻ തുടങ്ങി.


കണ്ടക്ടർ എന്റെ അടുത്തേക്കി നീങ്ങിക്കൊണ്ട് എന്റെ മുൻപിൽ നിന്നിരുന്ന ആളോട് ടിക്കറ്റ് ചോദിച്ചു.


അയാൾ 'പാസ്' എന്ന് പറഞ്ഞു, കയ്യിലുള്ള 'ട്രാവൽ പാസ്' എടുത്തു കാണിച്ചു.


അടുത്ത ചോദ്യം എന്നോട്,


സകല ധൈര്യവും ആവാഹിച്ചെടുത്തു ഞാനും പറഞ്ഞു.


'പാസ്'


അതുകേട്ട അയാൾ ഒരു ഭാവമാറ്റവുമില്ലാതെ മുന്നോട്ടു നീങ്ങി.


തൊട്ടടുത്ത കസേരയിലെ ആളൊഴിഞ്ഞപ്പോൾ കാറ്റ് പോയ ബലൂൺ പോലെ ഞാൻ അതിൽ തളർന്നുകൊണ്ട് അമർന്നിരുന്നു.


പതിയെ എന്റെ ഹൃദയമിടിപ്പ് സാധാരണഗതിയിലായി...


ബാംഗ്ലൂരിലെ BMTC ബസ്സുകളിൽ അപ്രതീക്ഷിതമായി കയറി വരുന്ന ചെക്കിങ് ഓഫീസറെ ഭയന്ന് കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര.


ഒടുവിൽ, മൂന്നു സ്റ്റോപ്പും കഴിഞ്ഞു നാലാമത്തെ സ്റ്റോപ്പ് എത്തിയതും ഞാൻ ബസ്സിൽ നിന്ന് ചാടിയിറങ്ങി,


പുറകിലേക്ക് നോക്കാതെ മുന്നോട്ട് തന്നെ കുറെ ദൂരം നടന്നു.


നടന്ന് നടന്ന് തളർന്ന ഞാൻ ഒടുവിൽ റെമീസിന്റെ റൂമിനു മുൻപിലെത്തി, അവനെ ഫോണിൽ വിളിച്ചു കാത്തിരുന്നു.


അങ്ങിനെ അവനെയും കൂട്ടി ഹോട്ടലിലേക്ക് നടന്നു.


"അമ്മൂസ് കേരള മെസ്'' 


ഒടുവിൽ ഞങ്ങൾ ഹോട്ടലിൽ എത്തി, കൈ കഴുകി, ടേബിളിൽ 

വന്നിരുന്നപ്പോഴേക്കും സമയം വൈകീട്ട് ആറ് മണി ആയിരുന്നു.


അൽപ്പസമയം കഴിഞ്ഞു ഹോട്ടലിലെ ചേട്ടൻ വന്നു ഞങ്ങളോട് പറഞ്ഞു.


ഉച്ചക്ക് വെച്ചതെല്ലാം കഴിഞ്ഞിരിക്കുന്നു. അര മണിക്കൂർ കൂടെ കഴിഞ്ഞാൽ ഡിന്നർ റെഡി ആവും, അതുവരെ വെയിറ്റ് ചെയ്തൂടെ..????!!!!


ചോദ്യം കേട്ട ഞങ്ങൾ പരസ്പരം നോക്കി തലയാട്ടിക്കൊണ്ട്, ആ ചേട്ടനെ നോക്കി നിഷ്ക്കളങ്കമായി പുഞ്ചിരിച്ചു.