Sunday, 30 April 2023

MY GULF STORY - Unfinished

 

PART- 1

ബാംഗ്ലൂരിൽ നിന്നും  MBA പഠനം കഴിഞ്ഞു നാട്ടിലെത്തിയ ഞാൻ, ഉപ്പയുടെ നിരന്തരമായ ആവിശ്യപ്രകാരം ഖത്തറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.

ബാംഗ്ലൂരിൽ തന്നെ ഒരു കൊല്ലം കൂടി 'ചിൽ' ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ഉപ്പയുടെ നിർബന്ധത്തിനു വഴങ്ങി വിസയെടുത്തു വിമാനം കയറി.

2014
നവംബർ 26 നു രാത്രി പത്തു മണിക്ക് ഖത്തറിലെ ഹമദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഞാൻ പറന്നിറങ്ങി.

പെങ്ങളും അളിയനും അവിടെ ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു .

 

യാത്രാക്ഷീണം കാരണം മൂന്നു നാല് ദിവസത്തെ വിശ്രമശേഷം പതിയെ സിം എടുത്തു, CV  ശരിയാക്കി തൊഴിലന്വേഷണത്തിൽ മുഴുകി.

 

മൂന്നു ആഴ്ചകൾക്കു ശേഷം ആദ്യ ഇന്റർവ്യൂ കിട്ടി.


അത്ഭുതകരമെന്നു പറയട്ടെ, ജോലി എനിക്ക് കിട്ടി.

സുഹൃത്തുക്കളായ രണ്ടു മലയാളികൾ ഒരുമിച്ചു തുടങ്ങിയ ഒരു ട്രേഡിങ്ങ് കമ്പനിയായിരുന്നു അത്.

"
വൺ മിസ്റ്റർ ജോജൻ വര്ഗീസ് ആൻഡ് മിസ്റ്റർ അജാക്സ് കുര്യാക്കോസ്.."

അവരെ പെട്ടന്ന് മനസ്സിലാക്കാൻ 'ദാസനും വിജയനും' എന്ന് വിളിക്കാം.

SALES EXECUTIVE - ആയിരുന്നു എന്റെ തസ്തിക.


അങ്ങിനെ രണ്ടു മാസം കഴിഞ്ഞു.

 

BLACKBIRD TRADING
എന്ന പേരിൽ തുടങ്ങിയ സ്ഥാപനം, എങ്ങിനെ പ്രവർത്തിപ്പിക്കണമെന്ന കാര്യത്തിൽ അവർക്കു പോലും കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നില്ല, എന്ന് ഞാൻ പതിയെ തിരിച്ചറിഞ്ഞു.

ദാസന് സ്വന്തമായി ഒരു ഗാരേജ് ഉം (വർക്ക് ഷോപ്), വിജയന് ഒരു  ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ വളരെ നല്ല ജോലിയും ഉണ്ടായിരുന്നതിനാൽ കുത്തിക്കഴപ്പിന്റെ ഭാഗമായി തുടങ്ങിയാതാണീ സംരഭം.

ഓരോ ദിവസവും പുതിയ പുതിയ ആശയങ്ങളും, കാറ്റലോഗും, ബ്രോഷറുകളുമൊക്കെയായി  അവർ എന്റെ മുന്നിൽ അവതരിച്ചുകൊണ്ടിരുന്നു.

ആനയെ വാങ്ങി, മറിച്ചു വിൽക്കാം...

ഒട്ടകത്തെ അറുത്തു, മുറിച്ചു വിൽക്കാം...

ബഹിരാകാശത്തു ഭൂമി വാങ്ങാം...

ജയിൽ വാങ്ങി ലീസിനു കൊടുക്കാം...

എന്നൊക്കയുള്ള വിചിത്രമായ ആശയങ്ങളും, ചർച്ചകളും...

 

തുടങ്ങും മുമ്പ് തന്നെ മുങ്ങാൻ പോകുന്ന കപ്പലിൽ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്തയിൽ ഞാൻ തൊഴിലന്വേഷണത്തിന് വീണ്ടും പച്ചക്കൊടി വീശി.


ഇന്റർവ്യൂകൾ പലതും വന്നിരുന്നെങ്കിലും എല്ലാം ഒരേ കണക്കായിരുന്നു.

അങ്ങിനെയിരിക്കെയാണ്, CONCORD SURVEYING WORKS എന്നൊരു കമ്പനിയിൽ നിന്ന് ഒരു ഇന്റർവ്യൂ കാൾ വരുന്നത്.

ഒരു ദിവസം ലീവെടുത്തു ഇന്റർവ്യൂ ന് പോയി.

മിസിരികളായ (ഈജിപ്ത്) രണ്ടു പേർ, അഹമ്മദ് ഉം, ഖാലിദ് ഉം.. ഇരുവരും കൂടിയായിരുന്നു എന്നെ ഇന്റർവ്യൂ എടുത്തത്.

എന്റെ CV യിൽ കണ്ട MBA ഡിഗ്രി ആയിരുന്നു അവർക്കെന്നിലുള്ള പ്രധാന ആകർഷണം എന്നെനിക്കു മനസ്സിലായി.

ഞാനും വിട്ടു കൊടുത്തില്ല. MBA യെ പറ്റി കാര്യമായി തന്നെ വെച്ച് കാച്ചി.

ഇതെന്തോ വലിയ സംഭവമാണെന്ന് ധാരണയിലാവണം, അവർക്കെന്നെ വല്ലാതെ ബോധിച്ചു.

CONCORD -
ന്റെ ഉടമസ്ഥൻ 'നാസർ' എന്ന് പേരുള്ള ഒരു ഖത്തറിയായിരുന്നെങ്കിലും, ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും മിസിരികളായിരുന്നു (ഈജിപ്ഷ്യൻസ്). പ്രധാനമായും മാനേജർ തസ്തികകളിലുള്ളവർ.

അഹമ്മദ് അഡ്മിനും, ഖാലിദ് അക്കൗണ്ടന്റും ആണെങ്കിലും അവർ തന്നെയായിരുന്നു അവിടത്തെ ALL IN ALL.

തരക്കേടില്ലാത്ത ശമ്പളവും, കമ്പനി അക്കോമോഡേഷനും തരാമെന്നു പറഞ്ഞപ്പോൾപിന്നെ മറ്റൊന്നും ആലോചിക്കാതെ ഞാൻ ഓഫർ ലെറ്റർ സൈൻ ചെയ്തു കൊടുത്തു.

 



PART-2

തിരികെ ദാസന്റേയും വിജയന്റെയും അടുത്ത് പോയി അവിടുത്തെ പണികളെല്ലാം ഒരു വിധം കുളമാക്കികൊടുത്തപ്പോൾ അവർ തന്നെ ബാക്കി ശമ്പളം തന്ന് പറഞ്ഞു വിട്ടു.

അങ്ങിനെ, CONCORD ലേക്ക്..

അഹമ്മദും, ഖാലിദും എന്നെ ഓഫീസിലെ എല്ലാവർക്കും പരിചയപ്പെടുത്തി.

ഏറ്റവും ഒടുവിൽ എന്റെ മാനേജർക്കും.

പുള്ളിയുടെ പേര് 'കമാൽ'

മിസിരിയാണ്..!

മുഖം കണ്ടാൽ തന്നെ അറിയാം, ആള് നല്ല ചൂടനാണെന്നും, ഒന്ന് ചിരിച്ചിട്ട് തന്നെ മാസങ്ങളായെന്നും....

താടിയും, ആറടി പൊക്കവുമുള്ള, കണ്ടാൽ ഒരു 45 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തി"

അന്നാണ് ഞാൻ 'റഫീക്ക'യെ പരിചയപ്പെടുന്നത്.

ഇവിടത്തെ ഏറ്റവും സീനിയറും, മാനേജർ പോസ്റ്റിലുള്ള ഏക മലയാളിയും അദ്ദേഹമായിരുന്നു.

വളരെ നല്ല മനുഷ്യൻ.

ഇവിടെയുള്ള എല്ലാ മലയാളികളും സ്നേഹത്തോടെ 'റഫീക്ക' എന്ന് വിളിക്കും. അദ്ദേഹത്തിന്റെ നാട്, വാടാനപ്പിള്ളിയാണ്.

1997 -
ഇൽ തുടങ്ങിയ സ്ഥാപനത്തിൽ 1998 - ഇൽ തന്നെ റഫീക്ക അക്കൗണ്ടന്റ് ആയി ജോലിക്കു കയറി.
 
ഇന്ന് ഇപ്പോൾ ഇവിടുത്തെ ഡെപ്യൂട്ടി മാനേജർ ആണ് കക്ഷി.

നീണ്ട 17 വർഷം, ഒരേ സ്ഥാപനത്തിൽ.

എനിക്കാകെ ആശ്ചര്യമായി..

ഇതുപോലെ എത്ര മലയാളികളുണ്ടാകും ഇവിടുത്തെ പല വലിയ സ്ഥാപനങ്ങളുടെയും തലപ്പത്ത്..

കാട് കയറിയ എന്റെ ചിന്തകളെ തിരിച്ചു വിളിച്ചു ഞാൻ ജോലി ആരംഭിച്ചു.

ഞാൻ വളരെ പ്രയാസപ്പെട്ട നാളുകളായിരുന്നു പിന്നീട്.

BLACKBIRD
ഇൽ ഞാൻ ഒറ്റക്കായിരുന്നെങ്കിലും, ദാസന്റേയും വിജയന്റെയും നേരിട്ടുള്ള ഇടപെടലുകൾ കുറവായിരുന്നതിനാൽ എന്റെ പണി സുഖവും, സ്വസ്ഥവുമായിരുന്നു.

അവിടുന്ന് ഇവിടെ എത്തിയപ്പോൾ സൽവ റോഡിൻറെ (തിരക്കേറിയ റോഡ്) ഒത്ത നടുവിലകപ്പെട്ടപോലെ.

എന്റെ മിസിരിയായ മാനേജർ പറയുന്ന കാര്യങ്ങളൊന്നും എനിക്ക് മനസ്സിലാകാതെ, പുള്ളി എന്നോട് ദേഷ്യം പിടിക്കുന്നതും, ഒച്ചയിടുന്നതും സർവസാധാരണയായി.

നമ്മുടെയും, മിസിരികളുടെയും ഇംഗ്ലീഷ്, അത് പറയുന്ന രീതിയിൽ വളരെയധികം വ്യത്യാസമുണ്ടെന്ന് തിരിച്ചറിഞ്ഞ അതിധാരുണ അനർഘളനിമിഷങ്ങളായിരുന്നു അത്.

അദ്ദേഹം പറയുന്നത് പലതും എനിക്കു മനസ്സിലാകാതെ, പുള്ളി ദേഷ്യം പിടിച്ചു ഒച്ചയിടുമ്പോഴും, ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിൽക്കുന്ന എന്നോട്, ഒടുവിൽ കൈകൾ കൊണ്ട് ആംഗ്യഭാഷ കാണിച്ചു, മനസ്സിലാക്കിത്തരാനുള്ള പാവത്തിന്റെ ശ്രമങ്ങളൊക്കെ അത്യപൂർവ സുന്ദര നിമിഷങ്ങളായി ഓർമ്മകളിൽ തെളിയുന്നു.

ആദ്യകാലങ്ങളിലെ ഞെട്ടലും, നടുക്കവും കാര്യങ്ങൾ പെട്ടന്ന് പഠിച്ചെടുക്കാൻ എന്നെ നിർബന്ധിതനാക്കി.

പതിയെ ഞാനും മെച്ചപ്പെട്ടു, പുള്ളിയുടെ ഭാഷയും സംസാരരീതിയും മനസ്സിലാക്കി കാര്യങ്ങൾ പ്രവർത്തിക്കാൻ ശീലിച്ചു തുടങ്ങി.

റഫീക്ക ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ അല്ലെങ്കിലും അദ്ദേഹവുമായി ഒരു നല്ല ബന്ധം എപ്പോഴും ഞാൻ സൂക്ഷിച്ചിരുന്നു.

ഓഫീസിൽ ഞാനുൾപ്പെടെയുള്ള എല്ലാ മലയാളികൾക്കും ജോലിസംബന്ധമായി എന്തെങ്കിലും പ്രശ്നമോ ബുദ്ധിമുട്ടോ നേരിട്ടാൽ ആദ്യം സമീപിക്കുന്നതും, പരാതികളും, പരിഭവങ്ങളും പറഞ്ഞിരുന്നതും,  ഉപദേശം തേടിയിരുന്നതും റഫീക്കയോടായിരുന്നു.


ഇടയ്ക്കാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്,

അവിടെ ഞാൻ ഒഴികെയുള്ള എല്ലാ മലയാളികളും വാടാനാപ്പള്ളിപ്പക്കാരാണ്.

അതിന്റെ ഗുട്ടൻസ് എന്താണെന്ന് പിന്നീടാണ് ഞാൻ അറിയുന്നത്.

എല്ലാവരും റഫീക്ക മുഖേന ഇവിടെയെത്തിയവരാണ്.

എല്ലാവരും അവനവന്റെ കാര്യം മാത്രം നോക്കി തിരക്കുകളിലേക്ക് ഊളിയിടുന്ന കാലഘട്ടത്തിലും ഇങ്ങനെയുള്ള ആളുകളുണ്ടെന്നറിയുമ്പോൾ ലോകം കൂടുതൽ സുന്ദരമായി അനുഭവപ്പെടുന്നു.

CONCORD
ഇൽ ഒരു വർഷം പൂർത്തിയാക്കിയ ഞാൻ ലീവിന് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, കാത്തിരിപ്പ് തുടങ്ങിയിരുന്നു.

നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളുടെ നീണ്ട ലിസ്റ്റ്, വാങ്ങിയ സാധനങ്ങളുടെ അക്കമിട്ടു ബില്ലുകളായി പരിണമിച്ചു.

അങ്ങിനെയൊരിക്കൽ, വളരെ അപ്രതീക്ഷിതമായി, മിസിരികൾ റഫീക്കയെ ഞങ്ങളുടെ ഡിപ്പാർട്മെന്റിലേയ്ക്ക് സ്ഥലം മാറ്റി.

"
കൂടെയുണ്ടായിരുന്ന 'ഹാനി' എന്ന ഒരു മിസിരിയുമായി റഫീക്കക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നതയുടെ അനന്തര ഫലമായിരുന്നു സ്ഥലംമാറ്റം".

സംഭവം റഫീക്കയെ മാനസികമായി ആകെ തളർത്തി.

ഞാനും, കമാലും, റഫീക്കയും ഒരു ഡിപ്പാർട്മെന്റായി അങ്ങിനെ മുന്നോട്ട് പോകവേ, ഞാൻ നാട്ടിൽ പോകുന്ന ദിവസം തന്നെ, അവർ കമാലിനെ ഒരു നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു.

അതിന്റെ കാരണവും ആർക്കുമറിയില്ല.

കമാലായിരുന്നു നാട്ടിൽ പോകാനുള്ള എന്റെ ലീവെല്ലാം ശരിപ്പെടുത്തി തന്നിരുന്നത്.

എന്നിട്ടും ഞാൻ ലീവിന് പോകുന്ന ദിവസം തന്നെ, പുള്ളി കമ്പനിയിൽ നിന്നും പടിയിറങ്ങി.


ഇത്രയും സീനിയർ പോസ്റ്റിൽ ഇരിക്കുന്നയാളെ ഒരു നോട്ടീസ് പോലും നൽകാതെ പറഞ്ഞുവിട്ടത്ഞാനുൾപ്പെടെ എല്ലാവരുടെയുള്ളിലും വലിയ ആയങ്ക വിതച്ചിരുന്നു.

 

 


PART -3

അങ്ങിനെ പ്രവാസജീവിതത്തിലെ ആദ്യ വെക്കേഷൻ കഴിഞ്ഞു തിരിച്ചു വന്നത് മുതൽ ഡിപ്പാർട്മെന്റിൽ ഞാനും റഫീക്കയും മാത്രമായി.

റഫീക്ക ഒരു മാനേജർ മാത്രമായിരുന്നില്ല, എന്തിനെപ്പറ്റിയും സംസാരിക്കാൻ കഴിയുന്ന നല്ല ഒരു സുഹൃത്ത് കൂടിയായിരുന്നു, മിക്കവാറും വ്യാഴാഴ്ചകളിൽ ഞങ്ങൾ നല്ല അഭിപ്രായമുള്ള സിനിമൾക്കു പോകുമായിരുന്നു.

ഞങ്ങളുടെ സംസാരത്തിനിടയ്ക്കാണ് ഞാൻ അറിയുന്നത്, റഫീക്കയുടെ രണ്ടു കുട്ടികളിൽ മൂത്ത മകന്, കുറച്ചു ശാരീരികവും മാനസികവുമായ വെല്ലുവിളികളുണ്ടെന്നത്.

കൂടുതൽ സമയവും കിടക്കയിലും, പുറത്തു പോയിരുന്നത് വീൽ ചെയറിന്റെ സഹായത്തോടെയുമായിരുന്നു.

ചികിത്സകൾ പലതും ചെയ്തിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും കൈവരിച്ചിരുന്നില്ല. രണ്ടാമത്തേ മകൾക്കാണെങ്കിൽ മൂന്നു വയസ്സായിരുന്നു.

കാരണം കൊണ്ട് തന്നെ റഫീക്കാടെ ഉമ്മയും ഉപ്പയും നാട്ടിൽ നിന്ന് ഇവിടെ വന്നു താമസിക്കാറാണ് പതിവ്. അവർ നാട്ടിലേക്ക് മടങ്ങുമ്പോൾ ഭാര്യാപിതാവും ഉമ്മയും വരും.

വിഷയത്തിൽ ആരെങ്കിലും റഫീക്കയോട് സഹതപിക്കുന്നതോ, കുത്തിക്കുത്തി ചോദിക്കുന്നതോ ഒന്നും പുള്ളിക്ക് ഇഷ്ടമല്ലായിരുന്നു.

ഇതൊക്കെ എന്നോട് പറയുമ്പോൾ തന്നെ വളരെ പോസിറ്റീവ് ആയാണ് അദ്ദേഹം സംസാരിച്ചിരുന്നത്.

ഞങ്ങൾ ഓഫീസിലെ മലയാളികൾക്ക് റഫീക്കാടെ വീട്ടിൽ ഇടയ്ക്കൊക്കെ വിരുന്നു സൽക്കാരങ്ങളുണ്ടാകുമായിരുന്നു.

ഇവിടുത്തെ 2 വർഷത്തെ തൊഴിൽ കരാർ കഴിയാറായപ്പോൾ കുറച്ചുകൂടെ മെച്ചപ്പെട്ട ജോലിക്കായുള്ള ശ്രമങ്ങൾ ഞാൻ തുടങ്ങിയിരുന്നു.

അതിനു വേണ്ടി ഒന്നൊന്നര മാസത്തെ വിശ്രമമില്ലാതെയുള്ള പരിശ്രമഫലമായി ഒരു ഡ്രൈവിംഗ് ലൈസൻസും കരസ്ഥമാക്കി, അതും ആദ്യ അവസരത്തിൽ തന്നെ വിജയിച്ചു കൊണ്ട്.

വൈകാതെ തന്നെ  ഖത്തറിലേ ഒരു പ്രശസ്തമായ  കമ്പനിയിൽ നിന്ന് ഒരു ഇന്റർവ്യൂനു ക്ഷണം വന്നു. ദിവസം തലവേദന എന്നും പറഞ്ഞു ലീവെടുത്തു പോയി ഇന്റർവ്യൂ ന് പങ്കെടുത്തു. രണ്ടു ദിവസം കഴിഞ്ഞു അവർ വീണ്ടും വിളിച്ചു, രണ്ടാം റൗണ്ട് ഇന്റർവ്യൂ. അതും ലീവെടുത്തു പോയി പങ്കെടുത്തു.


അവർക്കു ഞാൻ ഓക്കേ ആണെന്നും, ഇനി വിളിക്കുമ്പോൾ ഓഫർ ലെറ്റർ വാങ്ങാൻ നേരിട്ട് വന്നാൽ മതിയെന്നും അറിയിച്ചു.

അങ്ങിനെ മറ്റൊരു ദിവസം വീണ്ടും കോൾ വന്നത് പ്രകാരം അവിടെ പോയപ്പോൾ, ഞാൻ കാണേണ്ട ആൾ പുറത്തു പോയിരിക്കുകയാണെന്നും ഓഫർ ലെറ്റർ  ഇമെയിൽ ചെയ്യാമെന്ന് പറഞ്ഞു വീണ്ടും അവർ തിരിച്ചയച്ചു.

അടുത്ത ദിവസം ഓഫർ ലെറ്റർ കണ്ടതും, ഞാൻ ഞെട്ടിപ്പോയി.

 

ശമ്പളം, ഞാൻ പ്രതീക്ഷിച്ചതിലും വളരെ കുറവ്

 

ഇപ്പോൾ കിട്ടുന്നത് 3000 റിയാൽ

 

രണ്ടു വർഷത്തെ ജോലി പരിചയവും, ഡ്രൈവിംഗ് ലൈസൻസും, പരിഗണിച്ചു ഒരു 5,000 റിയാലെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, പണി കിട്ടിയത്.

 

നിരാശനായ ഞാൻ, ഓഫർ ലെറ്റർ തിരിച്ചും മറിച്ചും കുറേ നേരം നോക്കിക്കൊണ്ടിരുന്നപ്പോൾ പെട്ടന്ന് തോന്നിയ ഒരു ഐഡിയ പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

 

ഓഫർ ലെറ്ററിലെ 3800 എന്നത് തിരുത്തി 5800 എന്നാക്കി അഹമ്മദിനു കൊടുത്തിട്ടു പറഞ്ഞു, "എനിക്ക് നല്ലൊരു ഓഫർ വന്നിട്ടുണ്ടെന്നും, എന്റെ ശമ്പളം ഒരു 5000 റിയാലെങ്കിലും ആക്കി ഉയർത്തിയില്ലെങ്കിൽ അവിടേയ്ക്കു പോകാൻ  അനുവദിക്കണമെന്നും".

 

"കുറച്ചു കാത്തിരിക്കാനും, നാസറിനോട് സംസാരിച്ചിട്ട് പറയാമെന്നും" അഹമ്മദ് മറുപടി തന്നു.

 

പിന്നീട് അഹമ്മദും, ഖാലിദും കൂടി ദിവസങ്ങളോളം നീണ്ട ചർച്ചകളായിരുന്നു.

 

ഒടുവിൽ രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ശേഷം, എന്റെ ശമ്പളം 4500 റിയാലാക്കി ഉയർത്താൻ തീരുമാനമായി

 

അങ്ങിനെ, ഒരു വ്യാജ ഓഫർ ലെറ്റർ വെച്ചുകൊണ്ട് ശമ്പളം 50 ശതമാനം ഞാൻ വർധിപ്പിച്ചു.

 

ഒരു ബോംബ് കൊണ്ട് പോലും തകർക്കാൻ കഴിയാത്ത പല പൂട്ടുകൾക്കും ഒരു വിരലടയാളം ധാരാളം മതി, എന്നത് എത്ര സത്യമാണ്.

 

കോൺട്രാക്ട് കഴിയാൻ രണ്ടു മാസം ബാക്കി നിൽക്കെ തന്നെ പുതുക്കിയ ശമ്പളം എനിക്ക് കിട്ടിത്തുടങ്ങി.

 

പ്രതീക്ഷിക്കാതെ കിട്ടിയ അധിക പണം ഉപയോഗിച്ച് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാധനങ്ങൾ വാങ്ങി രണ്ടാമത്തെ വെക്കേഷന് വിമാനം കയറി.

 

 

 

PART -4

ഇത്തവണത്തെ അവധിക്കാലം പക്ഷെ, ഞാൻ പ്രതീക്ഷിച്ചത്ര കളറായില്ല

പെണ്ണ് നോക്കുന്നില്ലേ..??

പെണ്ണ് കാണുന്നില്ലേ..??

എത്രയെണ്ണം കണ്ടു..??

എന്തൊക്കെയാ നിന്റെ ഡിമാൻഡ്..??

മനസ്സിലാരെങ്കിലുമുണ്ടോ..??

കെട്ടാൻ പരിപാടിയൊന്നുമില്ലേ..??

ബിരിയാണി കിട്ടുമോ..??, നെയ്‌ച്ചോറ് കിട്ടുമോ..??, ഫ്രൈഡ് റൈസ് കിട്ടുമോ..???

മേൽപ്പറഞ്ഞ അനവധി നിരവധി ചോദ്യശരങ്ങൾ എന്റെ നേർക്ക് ഇടതടവില്ലാതെ വർഷിച്ചു കൊണ്ടേയിരുന്നു.

 

എന്തിന്..., ആദ്യമായി കാണുന്നവർ വരെ ചോദിച്ചു തുടങ്ങി...

പതിവ് പോലെ ഇത്തവണയും ബന്ധുക്കളുടെയും , കുടുംബാംഗളുടെയും, കൂട്ടുകാരുടെയും ഒക്കെ കല്യാണം കൂടൽ ചടങ്ങു ഗംഭീരമായി അരങ്ങേറി.

വരവിൽ പെണ്ണ് നോക്കാനും, പെണ്ണ് കാണാനും പരിപാടിയില്ലെന്നു ഒരു വിധത്തിൽ എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി വെക്കേഷന് കർട്ടനിട്ടു.

ഖത്തറിലേ ലൈസൻസ് കിട്ടിയിട്ടും ജാഡയൊന്നും കാണിക്കാതെ പഴയ പോലെ ബസ്സിലും നടന്നും യാത്ര ചെയ്തിരുന്ന എന്നെ പലരും കൗതുകത്തോട് വീക്ഷിച്ചു.

ഇവിടത്തെ ചൂട് കാലാവസ്ഥയിൽ യാത്രകൾ പലപ്പോഴും അസ്സഹനീയ്യമായിരുന്നു.

മെട്രോ സൗകര്യം ഖത്തറിൽ തുടങ്ങിയിട്ടില്ലാത്ത കാലം. ബസ് സേവനമാണെങ്കിൽ ഒരേ റൂട്ടിൽ 30 മിനിറ്റ് കൂടുമ്പോൾ ഒരു ബസ് വന്നാൽ വന്ന്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണെങ്കിൽ ഏസിയുമില്ല.

സമയങ്ങളിൽ എപ്പോഴും ഞാൻ കയ്യിലുള്ള ബാഗിൽ ഒരു തൂവാല കരുതുമായിരുന്നു. ദീർഘനേരത്തെ ബസ് കാത്തിരിപ്പിന് ശേഷം ബസ്സിൽ കയറിയാൽ തൂവാല കൊണ്ട് മുഖവും, മുടിയും, കഴുത്തും, കൈകളും നന്നായി തുടയ്ക്കുമായിരുന്നു.

ചൂട് കനക്കുമ്പോൾ ഞാൻ തൂവാലയ്ക്കു പകരം തോർത്ത് കരുതാൻ തുടങ്ങി. കേൾക്കുന്നവർക്കൽപ്പം അതിയായോക്തി തോന്നുമെങ്കിലും ഇവിടുത്തെ കാലാവസ്ഥയിൽ വിയർപ്പുതുള്ളികൾ തുടച്ചു നീക്കാൻ തൂവാല തികയാതെ വരുമായിരുന്നു.

 



PART -5

നാട്ടിൽ പോകുമ്പോൾ കിട്ടിയ അവധിക്കാല ശമ്പളവും, ജോലി ചെയ്തു കിട്ടിയ അധിക ശമ്പളവും (പുതുക്കിയ ശമ്പളപ്രകാരം), ബാക്കി ചില്ലറ വെല്ലിക്കയുടെ അടുത്ത് നിന്ന് കടം വാങ്ങിയും, ഒന്നര മാസത്തെ അലച്ചിലിനും തിരച്ചിലിനുമൊടുവിൽ ഞാൻ ഒരു സെക്കന്റ് ഹാൻഡ് കാർ വാങ്ങി ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ചു.

ഏഴു വർഷം പഴക്കമുള്ള ചുവന്ന നിറത്തിലുള്ള നിസ്സാൻ കമ്പനിയുടെ 'ട്ടിട' എന്ന പേരുള്ളൊരു കാർ. കാഴ്ചയിൽ വൃത്തിയുണ്ട്, ഓടിക്കാൻ ഒതുക്കവുമുണ്ട്.

എന്റെ ജീവിതത്തിൽ ഞാനാദ്യമായി സ്വന്തമാക്കുന്ന വാഹനം. ഉള്ളിലെ സന്തോഷം ഒതുക്കി നിർത്താൻ കഴിയാതെ ഞാൻ പുതിയ അതിഥിയെ കൂട്ടുകാർക്കും, കുടുംബക്കാർക്കും, ഓഫീസിലെ സുഹൃത്തുക്കൾക്കും പരിചയപ്പെടുത്തി.

എല്ലാവരുടെയും അഭിനന്ദനങ്ങളും ആശംസകളും ഏറ്റുവാങ്ങിക്കൊണ്ടു ഞാൻ ഖത്തറിലെ മുക്കും മൂലയും അറ്റവും അതിരും തേടി നടന്നു.

അത്രയും നാൾ ഉറക്കവും, ലാപ്ടോപ്പിലെ സിനിമകളുമായിരുന്നു പ്രധാന ഹോബിയെങ്കിൽ പിന്നീടത് പുതിയ അതിഥിയെ കൂട്ടുപിടിച്ചുള്ള യാത്രകളായിരുന്നു.

ഖത്തറിലെ രാത്രിയാത്രകൾ..,

ദോഹയിലെ തെരുവോരങ്ങൾ..,

രാത്രിക്കച്ചവടങ്ങൾ..,

വിനോദ സഞ്ചാര കേന്ദ്രങ്ങൾ..,

ഷോപ്പിംഗ് മാളുകൾ..,

പാർക്കുകൾ..,

സിനിമാ ടാക്കീസുകൾ..,

കടൽ തീരങ്ങൾ..,

വൈവിധ്യമാർന്ന ഭക്ഷണം ലഭിക്കുന്ന വിവിധ രാജ്യക്കാരുടെ ഹോട്ടലുകൾ..,

ഇവിടുത്തെ പഴയ നിർമ്മാണശൈലിയിലുള്ള വലിയ (സൂഖ്) അങ്ങാടികൾ..,

അങ്ങിനെയങ്ങിനെ ഒരുപാടൊരുപാട് യാത്രകൾ....

ഒഴിവുസമയങ്ങൾ ഒത്തുകൂടാനും, അടിച്ചുപൊളിക്കാനും, ആസ്വദിക്കാനുമാണെന്ന തിരിച്ചറിവിന്റെ നാളുകൾ... 

സ്വദേശത്തു നിന്നും വിദേശത്തേയ്ക്ക് പറിച്ചുനടപ്പെട്ട ഞാനുൾപ്പെടുന്ന പ്രവാസികൾക്ക് ഇവിടെ നിന്ന് കിട്ടുന്ന സ്നേഹവും, സൗഹൃദ കൂട്ടായ്മകളും, ഉള്ളിലുള്ള ക്ഷീണവും, വിഷമവും, മറന്നു കൊണ്ട്
ഉന്മേഷവും, ഊർജ്ജവും, നിറക്കാൻ സഹായകമാവാറുണ്ട്.

സ്വന്തമായി ഒരു വാഹനം കൂടെ ആയപ്പോൾ എന്റെ വിവാഹത്തെ പറ്റി വീട്ടുകാർ കാര്യമായി ആലോചനയിലായി. വിവാഹാലോചനയുമായി ബന്ധപ്പെട്ടു നാട്ടിൽ നിന്നും വന്നിരുന്ന തുടരെത്തുടരെയുള്ള ഫോൺ കോളുകൾ ഒരു ബാച്ചിലർ എന്ന നിലയിലുള്ള എന്റെ അവസാന നാളുകളിലൂടെയാണ് ഞാൻ കടന്നു പോകുന്നതെന്ന മുന്നറിയിപ്പ് പോലെ എനിക്ക് അനുഭവപ്പെട്ടു.

പല പെൺകുട്ടികളുടെയും മുഖച്ചിത്രങ്ങൾ എന്റെ ഫോണിലെ വാട്സാപ്പ് ഗാലറികളിൽ അതിക്രമിച്ചു കയറി. നാളിതുവരെ ബ്രഹ്മചര്യത്തിന്റെ ചിട്ടയിൽ കഴിഞ്ഞിരുന്ന എന്റെ ചിന്തയിലേക്ക് വിവാഹത്തിന്റെ തീക്കനലുകൾ ആരൊക്കെയോ ചേർന്ന് കോരിയിട്ടു.

ഇടയ്ക്കു ഉപ്പയുടെ ശക്തമായ നിർബന്ധത്തിനു വഴങ്ങി നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടിയെ പെണ്ണ് കാണാൻ പോകാൻ സമ്മതിക്കേണ്ടി വന്നു.

 '
വ്യക്തി ജീവിതത്തിൽ വിവാഹത്തിന്റെ ആവശ്യകതയും, കുടുംബ ജീവിതത്തിന്റെ പ്രാധാന്യവും' എന്ന വിഷയത്തിൽ റഫീക്കയ്ക്കു ഒരു മണിക്കൂർ ക്ലാസ്സെടുത്തു കൊണ്ട് പെണ്ണ് കാണാൻ നാട്ടിൽ പോകാൻ ഒരാഴ്ചത്തെ ലീവിനുള്ള സമ്മതം തരപ്പെടുത്തി.

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പലരും എന്നെ ഇവിടെ വെച്ച് നേരിൽ കണ്ട് ഇഷ്ടമായതു കൊണ്ട് തന്നെ, ഞങ്ങൾ തമ്മിൽ ഒന്ന് കാണുക എന്ന ഫോർമാലിറ്റി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.




PART -6

നാട്ടിലെത്തി, തൊട്ടടുത്ത ദിവസം തന്നെ പെണ്ണ് കാണാൻ പോകാൻ ഒരുങ്ങാൻ തുടങ്ങുമ്പോൾ ഉപ്പ ഇക്കയെ വിളിച്ചു രഹസ്യമായെന്തോ സംസാരിക്കുന്നതു എന്റെ ശ്രദ്ധയിൽപ്പെട്ടു.

ഉപ്പയുമായുള്ള സംസാരം കഴിഞ്ഞു വന്ന ഇക്ക എന്റെ അടുത്ത് വന്നു പറഞ്ഞു. "പെണ്ണ് കണ്ടോളൂ, പക്ഷെ ഇഷ്ടായില്ലെന്നു പറഞ്ഞാൽ മതി." 

അതുകേട്ടപാട് കിളി പോയി നിന്ന ഞാൻ മനസ്സിൽ മന്ത്രിച്ചു ''ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെ ബിരിയാണി കഴിക്കാൻ വിളിച്ചു വരുത്തിയിട്ടിപ്പോൾ  കൈകഴുകി വന്നപ്പോൾ, ബിരിയാണി തിന്നണ്ട, തിന്നുന്ന പോലെ അഭിനയിച്ചാൽ മതി എന്ന് പറഞ്ഞ പോലെയായി''

കാരണമൊന്നും ഉപ്പ പറഞ്ഞില്ല, ഞാൻ ചോദിച്ചതുമില്ല. ഫേക്ക് പെണ്ണുകാണൽ ഒന്ന് ഒഴിവാക്കി തരാൻ പറ്റുമോ എന്ന് ഞാൻ ഉപ്പയോടും ഇക്കയോടും മാറിമാറി ചോദിച്ചു

പെൺവീട്ടുകാർ ഞാൻ ഖത്തറിൽ നിന്ന് വരാൻ കാത്തിരിക്കുകയായിരുന്നെന്നും, നാട്ടിലെത്തിയത് അറിഞ്ഞിട്ടുണ്ടെന്നും, ഇന്ന് രാവിലെ കാണാൻ പോകുന്ന കാര്യമൊക്കെ നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നെന്നും അതിനാൽ തന്നെ അവസാന നിമിഷം പിന്മാറുന്നത് ശരിയല്ലെന്നും പറഞ്ഞു അവർ എന്റെ അപേക്ഷ നിവൃത്തിയില്ലാതെ നിരസിച്ചു.

എന്റെ ജീവിതത്തിലെ കന്നി പെണ്ണുകാണലിന്റെ വിധിയോർത്തു വിഷമത്തിലായ ഞാൻ അല്പനേരത്തെ ആലോചനകൾക്കു ശേഷം ഒരു തീരുമാനാമെടുത്തു.

ഏതായാലും മെനക്കെട്ടു ടിക്കറ്റെടുത്ത് വിമാനം കയറി പോന്നതല്ലേ, നാട്ടിലുള്ള എൻട്രി മോശമാക്കണ്ട.

മുറിയിൽ പോയി കുളി കഴിഞ്ഞു ഒരുങ്ങി വന്ന എന്നെ കണ്ട വീട്ടുകാർ അന്തം വിട്ടു നിന്നു.

മഞ്ഞ നിറത്തിലുള്ള ഷർട്ടും, നീല ജീൻസും, ജെൽ തേച്ചു തലോടി എണീപ്പിച്ചു നിർത്തിയ തലമുടിയും, മണത്തിനല്പം അത്തറും പൂശിയുള്ള എന്റെ വരവ് ആരും പ്രതീക്ഷിക്കാത്ത ഒരു സെക്കന്റ് ഇൻട്രോയായിരുന്നു.

ഇക്ക നേരത്തെ പറഞ്ഞ കാര്യം കേട്ട് തല താഴ്ത്തി മുറിയിൽ പോയ ഞാൻ ഇങ്ങനൊരു റീ എൻട്രി നടത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

ഉപ്പയോടും ഉമ്മയോടും യാത്ര പറഞ്ഞു ഞാനും, ഇക്കയും, ഇത്തയും, മോനും കൂടി കാറിൽ കയറി പോകാനൊരുങ്ങി. മുൻസീറ്റിൽ ഇരിപ്പുറപ്പിച്ച ഞാൻ ഒരു സ്റ്റൈലിനു വേണ്ടി മുഖത്തെടുത്തു വെച്ച കൂളിംഗ് ഗ്ലാസ് ഇക്കയുടെ തുറിച്ചുനോട്ടത്തെ തുടർന്ന് ഊരി പോക്കറ്റിൽ തന്നെ വെച്ചു.

അവിടെ വന്നിറങ്ങിയ ഞങ്ങളെ വീട്ടുകാർ സ്വീകരണമുറിയിൽ ഇരുത്തി കാപ്പിയും, പലഹാരങ്ങളും തന്നു. കാപ്പികുടി പാതിയായപ്പോൾ കുട്ടിയോട് സംസാരിക്കാൻ വേണ്ടി അകത്തേക്ക് ചെല്ലാൻ പറഞ്ഞു വീട്ടുകാർ എന്നെ ഉന്തിത്തള്ളി വിട്ടു. കാഴ്ചയിൽ ഞാനൊരു ഫ്രീക്കനായിരുന്നെങ്കിലും, ഉള്ളിലെ വിയർക്കലും, വിറയലും പുറത്തറിയാതിരിക്കാൻ അർത്ഥമറിയാത്തൊരു ചിരി പ്രദർശിപ്പിച്ചു ഞാൻ ഡൈനിങ്ങ് ഹാളിലേക്ക് കയറി

പേര് ചോദിച്ചു കൊണ്ട് തുടങ്ങി.. ആഹാ.. നല്ല തുടക്കം.. നല്ല വെറൈറ്റി ചോദ്യം.. (കൂടെ നിന്നവർ ചിന്തിച്ചു കാണും). 

പതിയെ വിദ്യാഭ്യാസത്തെ പറ്റിയും, ആഗ്രഹങ്ങളും ഹോബിയും എല്ലാം ചോദിച്ചറിഞ്ഞു. പെൺകുട്ടിയുടെ ഉമ്മ പുറകിൽ നിന്നിരുന്നത് കൊണ്ട് 15 മിനുട്ടിൽ കൂടുതൽ സംസാരിക്കാൻ തോന്നിയില്ല

വീട്ടുകാരുടെ അനുമതിയോടു കൂടി ഒരു പെൺകുട്ടിയോട് സംസാരിക്കാൻ കിട്ടിയ അവസരം പാഴാക്കാൻ തോന്നിയില്ല. പക്ഷെ, ഇടയ്ക്കു വെച്ച് ഇത്തയുടെ കണ്ണ് കൊണ്ടുള്ള കഥകളി കണ്ട് കാര്യം പിടികിട്ടിയപ്പോൾ സംസാരത്തിനും കർട്ടനിട്ടു.

തണുത്തു പോയ ബാക്കിയായ കാപ്പി കുടിച്ചു അഞ്ചാറു സലാമും കൊടുത്തു ഞങ്ങൾ പടിയിറങ്ങി കാറിൽ തിരിച്ചു കയറി.

തിരിച്ചു വീടെത്തും വരെ കുട്ടിയുമായി ദീർഘനേരം സംസാരിച്ചതായിരുന്നു കാറിലെ സംസാര വിഷയം. പിന്നീടൊരിക്കൽ ഉപ്പ അതേപ്പറ്റി എന്നോട് സംസാരിച്ചപ്പോൾ കുട്ടിയ്ക്കെന്തോ അസുഖമുണ്ടെന്നും, ഉപ്പാക്ക് വേണ്ടപ്പെട്ട ആരോ ബന്ധത്തിൽ നിന്നും പിന്മാറാൻ ആവിശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്നും പറഞ്ഞു.

ഉപ്പയാണെങ്കിൽ കല്യാണാലോചന വന്നതുമുതൽ പറയാത്തതായിട്ടാരുമില്ല നാട്ടിൽ. അതുകൊണ്ടുതന്നെ അത് തിരുത്തിക്കൊടുക്കുക എന്നതാണ് എന്റെ അടുത്ത ആറ് ദിവസത്തെ പ്രധാന കർത്തവ്യം.

കുട്ടിയെ ഇഷ്ടപ്പെടാത്തതിന്റെ കാരണമാണ് ഒരു കൂട്ടർക്കറിയേണ്ടതെങ്കിൽ, മറ്റൊരു കൂട്ടർ ഉപദേഷ്ടാവിന്റെ റോളിലാണ് അവതരിച്ചത്. ആളുകളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കൊടുത്തു 'ഡോക്ടറോട് ചോദിക്കാം' എന്ന പരിപാടിയിലെ ഡോക്ടറുടെ അവസ്ഥയായി എന്റെ

എല്ലാവരുടെയും ചോദ്യശരങ്ങൾ നേരിട്ട് അവധി കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ ഖത്തറിലും അത് തന്നെ സ്ഥിതി.

ഒരു വട്ടം കൂടി ലീവ് ചോദിച്ചുവാങ്ങി വേറെ എങ്ങോട്ടെങ്കിലും പോയാലോ എന്ന് ആദ്യം തോന്നി. റഫീക്കയുടെ മുഖം മനസ്സിലോർത്തപ്പോൾ അതിനു മുതിർന്നില്ല.

പതിയെ ചരിത്രം ആവർത്തിക്കാൻ തുടങ്ങി. പല സ്ഥലത്തുനിന്നുള്ള പെൺമുഖങ്ങൾ എന്റെ വാട്സാപ്പിൽ ഇരിപ്പുറപ്പിച്ചു. ഫോട്ടോയിലുള്ള കുട്ടിയെ നേരിട്ട് കണ്ടിട്ട് തിരിച്ചറിയാനാകാതെ വീട്ടുകാരും കുഴഞ്ഞു.

ഒരു മനുഷ്യനെ ഒരുപാട് മാറ്റങ്ങൾ വരുത്തി ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലാക്കുന്ന പലതരം ഫോട്ടോഷോപ്പ് വിദ്യകൾ ഇപ്പോൾ മൊബൈൽ ആപ്പ്ളിക്കേഷൻസിൽ ലഭ്യമാണെന്ന വാസ്തവം ഞാൻ തിരിച്ചറിഞ്ഞതും ആയിടയ്ക്കാണ്.

വീട്ടുകാർ നാട്ടിലും, ഞാൻ ഇവിടെയും പല ആലോചനകളും പോയി കണ്ടു. കുട്ടി നന്നാകുമ്പോൾ കുടുംബം പറ്റില്ല, കുടുംബം നന്നാകുമ്പോൾ കുട്ടി പറ്റില്ല, രണ്ടും നന്നാകുമ്പോൾ നമ്മളെ പറ്റില്ല..!

അങ്ങിനെ പെണ്ണ് കണ്ടും, ഫോട്ടോ കണ്ടും, മാസങ്ങൾ പലതും കടന്നു പോയി...


 

 

PART - 7

ഒരിക്കൽ ഓഫീസിൽ നല്ല തിരക്കുള്ള ഒരു ദിവസം.

 

റഫീക്കക്കു വീട്ടിൽ നിന്ന് ഒരു കാൾ വന്നയുടനെ അദ്ദേഹം ധൃതിയിൽ വീട്ടിലേക്കു പുറപ്പെട്ടു. കുറച്ചു കഴിഞ്ഞു ഞങ്ങൾ അറിയുന്നത് അദ്ദേഹത്തിന്റെ വയ്യാതിരുന്ന മകൻ മരണപ്പെട്ടെന്നാണ്.

 

ഓഫീസ് ആകെ നിശ്ചലമായി, എല്ലാവരും എന്തൊക്കെയോ പിറുപിറുക്കുന്നു...

 

വല്ലാത്ത ഒരു ദിവസമായിരുന്നു അത്.

 

വളരെ ദൈർഘ്യമേറിയ ദിവസം.

 

ഞങ്ങൾ കുറച്ചു മലയാളികൾ നേരെ ഹമദ് ഹോസ്പിറ്റലിലേക്ക് പോയി.

 

മോർച്ചറിയിലായിരുന്നു മയ്യിത്ത്.

 

ഞങ്ങൾ മോർച്ചറിയുടെ കവാടത്തിനു പുറത്ത്‌ നിസ്സംഗഭാവത്തിൽ ഇരിപ്പാണ്.

 

റഫീക്കയും ശരീഫ്ക്കയും കൂടി മരണ സർട്ടിഫിക്കറ്റിനും, മയ്യിത്ത് മറവു ചെയ്യുന്നതിന്റെ നടപടി ക്രമങ്ങൾക്കും, മന്താലയത്തിന്റെ അനുവാദത്തിനും വേണ്ടിയുള്ള ധൃതി പിടിച്ച ഓട്ടത്തിലാണ്.

 

ഇവിടെ നാട്ടിലെ പോലെയല്ലെന്നും, എല്ലാത്തിനും നമ്മൾ തന്നെ നേരിട്ട് പോകണമെന്നതും എന്നെ അത്ഭുതപ്പെടുത്തി.

 

മറവു ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു റഫീക്ക എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.

 

സൈറൺ മുഴക്കി കൊണ്ട് ആംബുലൻസ് മയ്യിത്തും കൊണ്ട് കബറിസ്ഥാനിലേക്കു പുറപ്പെട്ടു, തൊട്ടു പുറകെ ഞങ്ങളും.

 

അവിടെ എത്തി മയ്യിത്ത് കുളിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും എല്ലാവരും വുളൂഹ് എടുത്തു പള്ളിയിൽ കയറിയിരുന്നു. Concord ലെ മിക്കവാറും എല്ലാവരും മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തു.

 

നമസ്കാരശേഷം മയ്യിത്ത് മറവു ചെയ്യാനായി എല്ലാവരും നീണ്ടു കിടക്കുന്ന കബറിസ്ഥാനിലേക്കു പോകാനൊരുങ്ങി.

 

നിഗൂഢമായ നിശബ്ദതയിൽ, അറ്റം കാണാതെ, ഇരുട്ട് മൂടിക്കിടക്കുന്ന,

എന്നാൽ അവിടിവിടയായി, തെരുവ് വിളക്കിന്റെ നേരിയ മഞ്ഞ വെളിച്ചം മാത്രം ദൃശ്യമായ ഒരു പ്രദേശം.

 

അവിടെയുള്ള എല്ലാ മുഖങ്ങളിലും ഒരു ഭയം പ്രകടമായിരുന്നു. ഞങ്ങളിൽ മിക്കവരും ആദ്യമായാണ് ഇവിടെ വരുന്നതും.

 

ഞങ്ങളുടെ കാറുകൾ കുറച്ചു ദൂരം സഞ്ചരിച്ചു, ഒടുവിൽ ഒരു സ്ഥലത്തു നിർത്തി, ഞങ്ങൾ പുറത്തിറങ്ങി.

 

മയ്യിത്ത് മറവു ചെയ്യാനുള്ള കുഴി അവിടെ സജ്ജമായിരുന്നു, എല്ലാവരും പ്രാർത്ഥനകളിൽ മുഴുകി, മയ്യിത്ത് കുഴിയിലേക്ക് എടുത്തു വച്ച് കൊണ്ട്, മണ്ണ് കൊണ്ട് മൂടി.

 

പതിയെ എല്ലാവരും റഫീക്കക്കു കൈ കൊടുത്തും, ആശ്വാസവാക്കുകൾ പറഞ്ഞു, ആശ്ലേഷിച്ചും അവിടെ നിന്ന് പിരിഞ്ഞു പോകാൻ തുടങ്ങി.

 

ഞങ്ങൾ റഫീക്കയുടെ വീട്ടിലേക്കായിരുന്നു നേരെ പോയത്, അവിടെ ആകെ ഒരു ശൂന്യതയായിരുന്നു.

 

റഫീക്കയുടെ ഭാര്യ ആകെ കരഞ്ഞു തളർന്നിരുന്നു. വളരെ കുറച്ചു പേരെ അവിടെ സമയം ഉണ്ടായിരുന്നു.

 

റഫീക്ക അങ്ങേയറ്റം ക്ഷീണിതനായിരുന്നു, ഒരു ഭാവമാറ്റവുമില്ലാതെ എന്തോ ഓർത്തുകൊണ്ടുള്ള പോലെയൊരു ഇരിപ്പാണ്.

 

റഫീക്ക, സാധാരണ ഒരു ദിവസം പോലെ, രാവിലെ കുളിച്ചു മാറി, ഓഫീസിലേക്ക് വന്നതല്ലേ ഇന്നും, പിന്നെ, ഈയൊരു പകൽ കൊണ്ട് എന്തെല്ലാം കാര്യങ്ങൾ സംഭവിച്ചു.

 

ഇത്രയേ ഉള്ളൂ എല്ലാം.

 

വന്നവരും, അടുത്ത ബന്ധുക്കളും യാത്ര പറഞ്ഞു മടങ്ങാൻ തുടങ്ങി, വീട്ടിൽ വീട്ടുകാർ മാത്രം ബാക്കിയാവാൻ തുടങ്ങി.

 

സമയം ഒരുപാട് വൈകി, ഞങ്ങളും യാത്ര പറഞ്ഞു കമ്പനി വില്ലയിലേക്കു മടങ്ങി.

 

 

 

PART -8

മകന്റെ വിയോഗശേഷം ജോലിയിൽ നിന്നും പൂർണ്ണമായും വിട്ടു നിന്ന റഫീക്ക, കുറച്ചു നാളുകൾക്കു ശേഷമാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്.

റമദാൻ മാസം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വളരെ അപ്രതീക്ഷിതമായി കമ്പനിയിൽ നിന്നും എന്നെ ഫൈനാൻസിലേക്കു സ്ഥലം മാറ്റി.

കമ്പനിക്കു മറ്റു കമ്പനികളിൽ നിന്നും കിട്ടാനുള്ള പണം നേരിട്ട് പോയി വാങ്ങിക്കൊണ്ടുവരിക എന്നതായിരുന്നു എന്നിലർപ്പിതമായ കർത്തവ്യം.

 


കേൾക്കുമ്പോൾ എളുപ്പമാണെന്ന് തോന്നുമെങ്കിലും പണം തരാൻ യാതൊരു ഉദ്ദേശവുമില്ലാത്ത ആളുകളുടെ അടുത്തേക്കായിരുന്നു എന്റെ ഭൂരിഭാഗം യാത്രകളും.


 '
കിട്ടുമ്പോ തരും പോളിസിയായിരുന്നു എല്ലാം'. 

തരാനുള്ള പണത്തെപറ്റിയുള്ള യാതൊരു വേവലാതിയോ, വിഷമമോ മുഖങ്ങളിലെനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല

അങ്ങിനെ, 2018 മെയ് മാസം പകുതിയിൽ നോമ്പ് തുടങ്ങി

എന്റെ ജീവിതത്തിൽ ഇതുവരെയുള്ള ഏറ്റവും കഠിനമായ നോമ്പ് കാലമായിരുന്നു അത്. രാവിലെ ഓഫീസിൽ കയറി പഞ്ച് ചെയ്തു ഇറങ്ങിയാൽ പിന്നെ മുഴുവൻ സമയവും പുറത്താണ്.

എന്റെ സ്വന്തം കാറെടുത്തു കുറേ ഓഫീസുകളിൽ കയറിയിറങ്ങി കിട്ടാക്കുറ്റി കടങ്ങളെല്ലാം വാങ്ങിയെടുക്കാനുള്ള ഒട്ടനേകം യാത്രകളും, വിഫലമായ പല ശ്രമങ്ങളും..

 

കാർ എവിടെയെങ്കിലുമൊന്നു പാർക്ക് ചെയ്തു പുറത്തിറങ്ങുമ്പോൾ തന്നെ അസഹ്യമായ ചൂട് മുഖത്തും, ശരീരത്തും വലിഞ്ഞു മുറുക്കും, നോമ്പിന്റെ ക്ഷീണം കൂടിയാവുമ്പോൾ ശരീരമാകെ തളരും.

 

നോമ്പുകാലത്തെ കഠിനമായ ചൂടിലും, പുറത്ത്‌ കൺസ്ട്രക്ഷൻ സൈറ്റുകളിൽ പണിയെടുക്കുന്നവർ കാണുമ്പോൾ അറിയാതെ സല്യൂട്ട് ചെയ്തു പോകും. അവരുടെ നാലിരട്ടി ശമ്പളം തരാമെന്നു പറഞ്ഞാലും എനിക്കത് അസാധ്യമാണ്.

 

വീടും, വീട്ടുകാരെയും, നാടും, നാട്ടുകാരെയും, ഉപേക്ഷിച്ചു, സമുദ്രങ്ങളാൽ ചുറ്റപ്പെട്ട തുരുത്തിലെ, തൊലിയുരുകുന്ന വെയിലിലും, പൊടി പാറുന്ന കാറ്റിലും, ക്ഷമയും, നിശ്ചയദാർഢ്യവും കൈമുതലാക്കി തൊഴിലെടുക്കുന്ന വലിയ ഒരു തൊഴിലാളി സമൂഹം.

 

ഇവരൊക്കെയാണ് ശരിക്കുമുള്ള പ്രവാസികൾ...

 

നോമ്പുകാലത്തെ ജോലി എന്നെ അവശനാക്കി.

 

മിക്കവാറും യാത്രകളെല്ലാം വെസ്റ്റ് ബേ ഭാഗത്തേക്കായിരുന്നു. ഒട്ടനേകം കൂറ്റൻ കെട്ടിടങ്ങളും അത്രത്തോളം തന്നെ വലുതും, ചെറുതുമായ  വാഹനങ്ങളും തിങ്ങി തിരഞ്ഞ പ്രദേശത്തു എന്റെ കാർ പാർക്ക് ചെയ്യുക എന്നത് തന്നെ വളരെ ശ്രമകരമായിരുന്നു. പാർക്കിംഗ് നു വേണ്ടി ഒരു കിലോമീറ്ററോളം അകലെ വണ്ടി നിർത്തി ഓഫ്‌സുകളിലേക്കു നടന്നു, തിരിച്ചെത്തുമ്പോഴും ഞാൻ അവശനാവും.

 

മൂന്നു-നാല് നോമ്പുകൾ കൈവിട്ടു പോയെങ്കിലും, ബാക്കി നോമ്പുകൾ മുറുകെ പിടിച്ചു ഞാൻ റമദാൻ പൂർത്തിയാക്കി.

 

അമിതമായ ജോലി എന്നെപ്പോലെ എന്റെ വണ്ടിയെയും ദുർബലപ്പെടുത്തിയിരുന്നു.

 

ഒരു ദിവസം കാർ വർക്ക് ഷോപ്പിൽ കൊടുത്തു, ടാക്സി വിളിച്ചു ഞാൻ ഓഫീസിൽ എത്തിയപ്പോൾ എന്നെ കാത്തു അഹമ്മദ് ഉം, ഖാലിദ് ഉം ഇരിക്കുന്നുണ്ടായിരുന്നു.

 

അവരെന്നെ ഒരു പുഞ്ചിരി കൊണ്ട് വരവേറ്റു, അവരുടെ ക്യാബിനിലേക്കു ക്ഷണിച്ചു. പന്തികേട് തിരിച്ചറിഞ്ഞ ഞാൻ അങ്ങോട്ടേക്ക് നടന്നു. എന്നോട് മുന്നിലുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞുകൊണ്ട്  അവർ ഇപ്രകാരം മൊഴിഞ്ഞു.

 

പ്രിയപ്പെട്ട നിയാസ്,

 

"നാളെ മുതൽ നിയാസ് ഇവിടേയ്ക്ക് വരേണ്ടതില്ല, കമ്പനി സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങളെ നേരിടുന്നുണ്ട്.

 

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി.

 

മറ്റൊരു ജോലി ശെരിയാവുന്നതു വരെ വിസ ഞങ്ങൾ ക്യാൻസൽ ചെയ്യുന്നില്ല, ശെരിയായാൽ ഉടനെ നിയാസിന് വിസ ചേഞ്ച്  ചെയ്യാം. ഇത്രയും നാളത്തെ സേവനത്തിനു വളരെയധികം നന്ദി"

 

'എത്ര മനോഹരമായ പടിയടച്ചു പിണ്ഡം വെക്കൽ'

 

കമ്പനിയുടെ സാമ്പത്തികസ്ഥിതിയെ പറ്റി എനിക്കൊരു ധാരണയുണ്ടായിരുന്നെങ്കിലും, ഇത് വളരെ അപ്രതീക്ഷിതമായിരുന്നു.

 

കഴിഞ്ഞ മൂന്നു വര്ഷം സ്ഥാപനത്തിൽ ജോലി ചെയ്തു പെട്ടന്നൊരു ദിവസം പ്രത്യേകിച്ചൊരു കാരണവും കൂടാതെ ഇങ്ങനെയൊരു പടിയിറക്കം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

 

ഇതെന്നെ വല്ലാതെ തളർത്തിക്കളഞ്ഞു.

 

റഫീക്കയോടും, ശെരീഫ്ക്കയോടുമെല്ലാം യാത്ര പറഞ്ഞു പിരിയുമ്പോൾ, എല്ലാ മുഖത്ത് കണ്ടതും ഒരേ നിസ്സംഗ ഭാവം മാത്രം.

 

ഓഫീസിൽ നിന്നിറങ്ങി താഴെ എത്തിയപ്പോഴാണ് കാർ വർക്ക് ഷോപ്പിലാണെന്നു ഓർമ്മ വന്നത്. നേരെ ടാക്സി വിളിച്ചു കമ്പനി അക്കോമോഡേഷനിൽ പോയി ഡ്രെസ്സും മറ്റു സാധനങ്ങളും പാക്ക് ചെയ്തു.

 

ആവശ്യമെങ്കിൽ ഒരു മാസം കൂടി കമ്പനി അക്കോമോഡേഷനിൽ താമസിക്കാമായിരുന്നിട്ടും, കൂടെയുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടവും, അവരെ അഭിമുഖീകരിക്കാനുളള ബുദ്ധിമുട്ടും കാരണം ഐൻ ഖാലിദ്- ലുള്ള പെങ്ങളുടെ വീട്ടിലേക്കു ടാക്സിയിൽ പുറപ്പെട്ടു.

 

 Unfinished....