Wednesday, 26 April 2023

ഒരു കുളു - മണാലി യാത്രാനുഭവം


എന്റെയും നിനുവിന്റെയും കല്യാണം കഴിഞ്ഞത് മുതലുള്ള ആഗ്രഹമായിരുന്നു ഒരു കുളു മണാലി യാത്ര


ഇത്തവണത്തെ വെക്കേഷൻ തീരുമാനിച്ചത് മുതൽ മുടങ്ങാതെ സകലമാന ട്രാവല്സുകളിലും അവരുടെ വെബ്സൈറ്റുകളിലും കുളു-മണാലി പാക്കേജുകളുടെ അന്വേഷണത്തിലായിരുന്നു.


ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നത് അക്ബർ ട്രാവൽസിന്റെ 18,000 രൂപയുടെ ആറ് ദിവസത്തെ പാക്കേജിലാണ്.

രണ്ടര വയസ്സുള്ള മകന് വിമാനയാത്ര ചെലവ് (10,000 രൂപ) മാത്രം മതിയെന്ന നിലയിൽ മൊത്തം 46,000 രൂപ വകയിരുത്തി അഡ്വാൻസ് കൊടുത്തു ടൂർ ബുക്ക് ചെയ്തു.

ടൂർ പാക്കേജിൽ നിന്ന് കുറച്ചു പേർ പെട്ടന്ന് പിന്മാറിയിരുന്നതിനാൽ  തീയതികൾ രണ്ടു തവണ മാറ്റുകയുണ്ടായി.

 

മാമയുടെ മകൻ ദിൽഷാദ്, അക്ബർ ട്രാവൽസിന്റെ പൊന്നാനി ശാഖയിൽ ജോലി ചെയ്തിരുന്നതിനാൽ കാര്യങ്ങളൊക്കെ അവൻ മുഖേനയായിരുന്നു സംസാരിച്ചിരുന്നത്.

 

യാത്രയുടെ തീയതി അടുത്തു.

കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം വാങ്ങി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പാക്കേജ് റദ്ദാക്കിയാതായി ഞങ്ങൾ അറിയുന്നത്.

പ്രതീക്ഷിച്ചയത്ര  ആളുകളില്ലാത്തതും, വിമാനയാത്രാ നിരക്കിലുള്ള  വർദ്ധനവുമാണത്രെ കാരണം.

 

ഒടുവിൽ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി അവർ ഒരു കപ്പിൾ  ട്രിപ്പ് പാക്കേജ് ശരിയാക്കി തന്നു

2022 മാർച്ച് 13 നു പുറപ്പെട്ടു, 18 നു മടങ്ങിയെത്തുന്നത് പോലെ അഞ്ചു ദിവസത്തെ പാക്കേജ്.

 

അങ്ങിനെ യാത്രയുടെ മുന്നൊരുക്കങ്ങളിലേക്കു കടന്നു.

പോകുമ്പോൾ കൊണ്ട് പോകേണ്ട ജാക്കറ്റും, കയ്യുറയും, കണ്ണടയും, തൊപ്പിയും, ഷൂസും, തണുപ്പത്തുപയോഗിക്കുന്ന ക്രീമും, വെളിച്ചെണ്ണയും, വാസ്ലൈനും, ലിപ് ബാമും, തുടങ്ങി അനവധി നിരവധി ശീത പ്രതിരോധ സംവിധാനങ്ങൾ ഞങ്ങളുടെ ബാഗുകളിൽ ഇരിപ്പുറപ്പിച്ചു.

 

ഒടുവിൽ ദിവസം വന്നെത്തി.

രാവിലെ ഇക്കയുടെ കാറിൽ ഞങ്ങൾ കാലിക്കറ്റ് എയർപോർട്ടിലേക്ക് പുറപ്പെട്ടു. അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു ടെർമിനലിലേക്കു നടന്നു.

അവിടെ എത്തിയപ്പോഴാണറിയുന്നത്, ഞങ്ങൾ മൂന്ന് പേരുടെയും സീറ്റ് മൂന്നിടത്താണെന്നത്. 

അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് കുറേ പണിപ്പെട്ട് ഞങളെ ഒരുമിപ്പിച്ചു.

വെബ് ചെക്കിങ് ചെയ്തിരുന്നേൽ പ്രശ്നം ഒഴിവാക്കാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

 

എയർപോർട്ടിൽ എത്തിയത് മുതൽ നസൽ (മകൻ) ഫുൾ ആക്റ്റീവ് ആയി. അങ്ങോട്ടുമിങ്ങോട്ടും ഓട്ടം തന്നെ. പിന്നാലെയോടി ഞങ്ങൾ തളർന്നു.

ഒരുവിധം അവനെ വാരിയെടുത്ത് കയ്യും കാലും കൂട്ടിപ്പിടിച്ചു തോളിരിരുത്തി വിമാനത്തിനകത്തേക്കു നടന്നു.

 

സമയത്തു തന്നെ പുറപ്പെട്ട വിമാനം മൂന്നു മണിക്കൂർ കൊണ്ട് ഡൽഹി എയർപോർട്ടിൽ എത്തി. അപ്പോൾ സമയം 1:30 നട്ടുച്ച.

ഇനി വൈകീട്ട് ആറ് മണിക്കാണ് മണാലിയിലോട്ടുള്ള ബസ് പുറപ്പെടുന്നത്. ഒരു മുഴുവൻ രാത്രിയും കഴിഞ്ഞു പിറ്റേന്നു രാവിലെ 7 നാണ്  അവിടെ എത്തിച്ചേരുക.

 

എയർപോർട്ടിൽ നിന്നും ഞങ്ങൾ ഒരു ഊബർ എടുത്തു ബസ് പുറപ്പെടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു. അര മണിക്കൂർ കൊണ്ട് ഞങ്ങൾ  RK ASHRAM Metro Station എന്ന സ്ഥലത്തെത്തി. അവിടെ നിന്നാണ് മണാലിയിലേക്കുള്ള ഞങ്ങളുടെ ബസ് പുറപ്പെടുന്നത്.

ബസ് വരാൻ ഇനിയും മൂന്നു മണിക്കൂർ ഉണ്ടെന്ന് മനസ്സിലാക്കിയ ഞങ്ങൾ സമീപമുള്ള പാർക്കിലെ ഒരു ബെഞ്ചിൽ ലഗേജുകൾ ഇറക്കി വെച്ച് തൊട്ടടുത്തുള്ള ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.

 

പാർക്കിലെത്തിയതും നസൽ വീണ്ടും ഫുൾ ഫോമിൽ കണ്ണിൽ കണ്ട സകലതിലും കയറിയിറങ്ങി ആഘോഷം തുടങ്ങി, ഞാനും, നിനുവും തനിച്ചായിപ്പോയ ലഗേജിനു കൂട്ടിരുന്നു.

 

മണി മൂന്നു കഴിഞ്ഞു, വിശപ്പ് ഞങ്ങളെ അസ്വസ്ഥമാക്കാൻ തുടങ്ങി

ബസ്സ് വരാൻ ഇനിയുമുണ്ട് മൂന്നു മണിക്കൂർ.

ഗൂഗിൾ മാപ് നോക്കി ഞാൻ അടുത്തു കണ്ട ഒരു ഹോട്ടലിലേക്ക് നടന്നു. കുറേ ദൂരം നടന്നു അവിടെ എത്തിയപ്പോഴാണറിയുന്നത്, അവിടെ അങ്ങിനെ ഒരു ഹോട്ടൽ തന്നെ ഇല്ലെന്ന്. 

ഒടുവിൽ ഞാൻ രണ്ടു കുപ്പി വെള്ളം വാങ്ങി  തിരികെ പാർക്കിലേക്ക് നടന്നു. അവിടെ അന്വേഷിച്ചപ്പോൾ പാർക്കിന്റെ തൊട്ടടുത്ത് തന്നെ ഒരു ധാബ സ്റ്റൈൽ ഹോട്ടൽ ഉണ്ടെന്നറിഞ്ഞു, നേരെ അങ്ങോട്ടു പോയി.

അവിടെ നല്ല തിരക്കായിരുന്നെങ്കിലും, അല്പസമയത്തെ കാത്തിരിപ്പിന് ശേഷം ഓരോന്നു വീതം ചിക്കൻ ഫ്രൈഡ് റൈസും, ചിക്കൻ നൂഡിൽസും പാർസൽ വാങ്ങി തിരിച്ചു നടന്നു

പാർക്കിലെത്തിയതും, ആർത്തിയോടെ ഞങ്ങൾ അതെല്ലാം അകത്താക്കി. എരിവും, കളറും ഇത്തിരി അധികമായിരുന്നതൊഴിച്ചാൽ തരക്കേടില്ലാത്ത അനുഭവമായിരുന്നു.

 

ഭക്ഷണവും തുടർന്നുള്ള വിശ്രമവും കഴിഞ്ഞു പാർക്കിനു സമീപമുള്ള ടോയ്ലെറ്റിൽ നിന്ന് നസലിനെ കുളിപ്പിച്ച്, ഞങ്ങളും ഫ്രഷ് ആയി വന്നപ്പോഴേക്കും പുറത്ത് ബസ്സ് വന്നു നിന്നിരുന്നു. അവിടെ വെച്ച് തന്നെ അക്ബർ ട്രാവൽസിന്റെ ഏജന്റിനെ കണ്ടു യാത്രക്കുള്ള ടിക്കറ്റും  വാങ്ങി.

അതിനുശേഷം കയ്യിൽ കരുതുവാനുള്ള വെള്ളവും, ബിസ്ക്കറ്റും, കുറച്ചു മിട്ടായികളും വാങ്ങി ടിക്കറ്റിൽ കാണിച്ച സീറ്റ് ഞങ്ങൾ കയ്യടക്കി.

ബസ്സ് VOLVO AC ആയിരുന്നു, സീറ്റും മറ്റു സൗകര്യങ്ങളും നല്ലതായിരുന്നു. ഒരുവിധം സീറ്റുകളും നിറഞ്ഞിരുന്നു.  അങ്ങിനെ ഞങ്ങൾ മണാലി എന്ന സ്വപ്ന ഭൂമികയിലേക്കുള്ള യാത്ര തുടർന്നു.

 

ബാംഗ്ലൂരിലെ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞു, ഇത്രയും സുദീർഘമായ ബസ് യാത്ര ആദ്യമാണ്.

രാത്രിയാത്രയിൽ ഡൽഹിയിലെ തെരുവ് വിളക്കുകളും, ഫ്ളൈഓവറുകളും കണ്ടുകൊണ്ട്, കണ്ണുകൾ പതിയെ മയക്കത്തിലേക്ക് വീണു.

നല്ല ക്ഷീണിതരായതിനാലാവാം ഞങ്ങൾ മൂന്നു പേരും നന്നായി ഉറങ്ങി.

 

ഇടയ്ക്കെപ്പോഴോ ഡ്രൈവർ ബസ് നിർത്തി എന്തൊക്കെയോ വിളിച്ചു പറയുന്നത് കേട്ടാണ് ഞങൾ ഉണരുന്നത്.

ഭക്ഷണം കഴിക്കാനും, ആവശ്യമെങ്കിൽ റസ്റ്റ് റൂം ഉപയോഗിക്കാനും വേണ്ടി അൽപ്പസമയം നിർത്തിയിട്ടിരിക്കുയാണെന്നു മനസ്സിലായി.

 

സമയം പത്തു മണി.

എല്ലാവരും ഉറക്കിൽ നിന്നെണീറ്റു ബസ്സിൽ നിന്നു പുറത്തിറങ്ങി.

പഞ്ചാബിലെ ഏതോ ഒരു ധാബയാണെന്ന് കരുതുന്നു. പിന്നണിയിൽ പഞ്ചാബി ഗാനങ്ങളും കേൾക്കുന്നുണ്ട്.

മുഖവും കൈകളും കഴുകലും, കഴിഞ്ഞു, ഒഴിഞ്ഞു കിടന്ന കസേരകളിൽ ഇരുന്നു കൊണ്ട് ഭക്ഷണത്തിനു ഓർഡർ കൊടുത്തു.

"5 ബട്ടർ നാനും ഒരു കോഴിക്കറിയും"

 

വലിയ വിശപ്പില്ലാതിരുന്നതിനാൽ ഞങ്ങൾ മൂന്നു പേർക്കും അത് മതിയായിരുന്നു.

 

അങ്ങിനെ ഭക്ഷണം കഴിച്ചു ബില്ല് കയ്യിൽ കിട്ടിയപ്പോഴാണ് ഉറക്കച്ചടവെല്ലാം പോയി, കിളികൾ പറന്നകന്നത്.

ബിൽ - 1080 രൂപ, കൂടാതെ ഒരു ചായക്ക്മാത്രം 120 രൂപ.

 

ഒരു ചെറിയ പോർഷൻ കറിയ്ക്കു ഒരു ഫുൾ ചിക്കൻ കറിയുടെ കാശാണ് അവർ ബില്ലിൽ ഈടാക്കിയിട്ടുള്ളത്. കയ്യിലെ ബില്ല് കണ്ട് കിളി പോയി നിന്ന ഞാൻ അവരോടായി എന്തെങ്കിലും സംസാരിക്കാൻ തുടങ്ങവേ, ബസ്സ് പുറപ്പെടാനുള്ള ഹോൺ ഉച്ചത്തിൽ മുഴക്കനും, പോകാൻ തയ്യാറെടുത്തു ബസ്സ് തിരിക്കാനും തുടങ്ങി.

ഒരു സാഹചര്യത്തിൽ ക്യാഷ് കൊടുത്തു, ധൃതിയിൽ ഓടി ബസ്സിൽ കയറാനേ എനിക്ക് സാധിച്ചുള്ളൂ. നാല് നല്ല വാക്കു പറയാനോ, ബില്ലിനെ പറ്റിയോ, വിലയെ പറ്റിയോ ചോദിച്ചറിയാണോ ഉള്ള സമയം കിട്ടിയതുമില്ല.

ബസ്സിൽ കയറിയ ശേഷമാണ് അവിടുന്ന് പൊന്നും വില കൊടുത്തു വാങ്ങിയ വെള്ളത്തിന്റെ കുപ്പിയും അവിടെ തന്നെ മറന്നു വെച്ച കാര്യം ഓർമ്മ വരുന്നത്.

 

എന്റെ വിഷമം ഇരട്ടിയായി.

അവരിനി അത് മറ്റാർക്കെങ്കിലും വിറ്റു അതിനും ഇരട്ടി ക്യാഷ് വേടിക്കുമെന്നു തീർച്ചയാണ്.

മെനു നോക്കാതെ ഓർഡർ ചെയ്ത്, പറ്റിക്കപ്പെട്ടു പോയ വിഷമം എന്റെ മൂട് മൊത്തം നഷ്ടപ്പെടുത്തി.

ഒടുവിൽ ഗൂഗിളിൽ പോയി അവരെപ്പറ്റി നാല് നല്ലവാക്കു എഴുതിയപ്പോഴാണ്  എനിക്ക് ഇത്തിരിയെങ്കിലും ആശ്വാസമുണ്ടായത്.

 

ഒരു മലയാളിയായ ഞാൻ അത്രയെങ്കിലും ചെയ്യണ്ടേ..??!!!

എന്നെപ്പോലെ വഞ്ചിക്കപ്പെട്ടവരുടെ ഒരു നീണ്ട നിര റിവ്യൂകളിൽ

ഞാൻ തിരിച്ചറിയുകയായിരുന്നു.

 

ദീർഘദൂര ബസ്സ് യാത്രകളിലെ ഒരേയൊരു സ്റ്റോപ്പ്, ഭക്ഷണം കഴിക്കാനും, ബാത്റൂമിൽ പോകാനും ഇത് തന്നെ ശരണം.

ബസ് ഡ്രൈവർമാരുടെ കമ്മീഷനും കൃത്യമായി തന്നെ പോരുന്നുണ്ടാകും. അതുകൊണ്ടാകുമല്ലോ അവർ കൃത്യമായി ഇവിടെ തന്നെ ബസ്സ് നിറുത്തി നമ്മളെ ഉറക്കിൽ നിന്നും ഉണർത്തി വിടുന്നത്.


അങ്ങിനെ ഞങ്ങൾ ഹോട്ടലുടമകളുടെ പിതാക്കന്മാരെ സ്മരിച്ചു കൊണ്ട് യാത്ര തുടർന്നു.

 

രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ നിർത്തുമ്പോൾ എന്തൊക്കെ പ്രലോഭനമുണ്ടായാലും ഒരു ചായയയ്ക്കപ്പുറം ഒന്നും അകത്തേക്കെടുക്കിലെന്നു മനസ്സിലുറപ്പിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു.


അങ്ങിനെ, പഞ്ചാബ് അതിർത്തി കടന്നു ഹിമാചൽ പ്രദേശിന്റെ മനോഹര ഭൂമികയിലെത്തി.

 

പ്രതീക്ഷിച്ച പോലെ, പ്രദേശത്തെ ഏറ്റവും നല്ല കമ്മീഷൻ കൊടുക്കുമെന്നു കരുതുന്ന ഹോട്ടലിന്റെ മുൻപിൽ വണ്ടി നിർത്തി, ഉറങ്ങുന്ന യാത്രക്കാരെ മുഴുവൻ കൂകി വിളിച്ചു കൊണ്ട് അവർ പ്രഭാത ഭക്ഷണത്തിനുള്ള സമയമായെന്നു ഓർമ്മപ്പെടുത്തി.

 

ബസ്സിലുണ്ടായിരുന്നവരെല്ലാം പുറത്തിറങ്ങി ഒരു ചായ മാത്രം കുടിച്ചു ടോയ്ലെറ്റിന് പുറത്തു വരിനിൽക്കാൻ തുടങ്ങി.


ചായക്ക്വെറും 40   രൂപയെ ആയുള്ളൂവെങ്കിലും ടോയ്ലറ്റ് വളരെ വൃത്തിഹീനമായിരുന്നു.

 

ഉള്ളിലെ ഭാരങ്ങളെല്ലാം ഇറക്കി വെച്ച്, എല്ലാവരും ബസ്സിലെ സീറ്റിൽ കയറിയിരുന്നു.

മിക്കവരും ഒരു ചായ മാത്രം കുടിച്ച പരിഭവം മറച്ചു വെച്ച് കൊണ്ട്, ഡ്രൈവർ വണ്ടിയെടുത്തു യാത്ര തുടർന്നു.

ഉറക്കിൽ നിന്നുണർന്ന ഞങ്ങൾ ഹിമാചൽ മലനിരകളുടെ സൗന്ദര്യവും, തൊട്ടരികെയുള്ള വലിയ കൊക്കയുടെ ആഴവും ഭീകരതയും അടുത്ത് നിന്ന് അനുഭവിച്ചറിഞ്ഞു.

അല്പനേരത്തെ സാഹസിക്കയാത്രക്കൊടുവിൽ രാവിലെ എട്ടു മണിയോട് കൂടി ഞങ്ങൾ മണാലി എന്ന സ്വപ്നഭൂമിയിൽ എത്തിച്ചേർന്നു.

 

ഉടൻ തന്നെ അക്ബർ ട്രവേല്സിൽ നിന്നും തന്ന നമ്പറിൽ ഗൈഡ് നെ ഫോണിൽ വിളിച്ചു പറഞ്ഞു, 10 മിനിട്ടു കൊണ്ട് അയാളും എത്തി.

ഉയരം കുറഞ്ഞ, ഒരു നേപ്പാളി മുഖഛായയുള്ള വ്യക്തി. 'മൻമു റാണ' എന്ന് അദ്ദേഹം പേര് പറഞ്ഞു പരിചയപ്പെടുത്തി. 

ട്രോളിയും, ബാഗുകളുമായി  ഞങ്ങൾ അയാളുടെ കാറിനടുത്തേക്ക് നടന്നു. ALTO 800 ആയിരുന്നു അയാളുടെ കാർ. ട്രോളി ബാഗുകൾ കാറിന്റെ മുകളിൽ വെച്ച് കെട്ടിമുറുക്കി.

ചെറിയ ബാഗുകൾ പിൻസീറ്റിലും, ഡിക്കിയിലുമായി ചമഞ്ഞു കൂടി. 

 

അങ്ങിനെ, മണാലിയുടെ പുറം കാഴ്ചകൾ ആസ്വദിച്ചു കൊണ്ട്  ഹോട്ടലിലേക്ക്.

 

ഏതോ ഒരു മലയുടെ മുകളിലായിരുന്നു ഞങ്ങൾക്ക് താമസിക്കുവാനുള്ള ഹോട്ടൽ.

ഉയർന്നതും, ഇടുങ്ങിയതുമായ ഒട്ടനേകം വഴികൾ...

അര മണിക്കൂർ കൊണ്ട് കയറ്റങ്ങളൊരുപാട് കയറി ഞങ്ങൾ ഹോട്ടലിൽ എത്തിച്ചേർന്നു.

 

AMARA RESORTS എന്നായിരുന്നു ഹോട്ടലിന്റെ പേര്.

ഞങ്ങളെ ഹോട്ടലിൽ കൊണ്ട് വിട്ടിട്ട്, അന്നേ ദിവസം ഹോട്ടലിൽ തന്നെ വിശ്രമിക്കാനും, അടുത്ത ദിവസം മുതൽ എല്ലായിടത്തേക്കും കൊണ്ടുപോകാമെന്നും ഗൈഡ് പറഞ്ഞു. വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് ഓക്കേ പറയേണ്ടി വന്നു.

ഹോട്ടലിൽ കയറി, ചെക്കിങ് ചെയ്തു.., 

ബാഗുകൾ മുറിയിൽ വെച്ച്, കുളിച്ചു കുട്ടപ്പനായി..,

പ്രഭാതഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു..,

ചെറുതായി ഒന്ന് മയങ്ങിയെണീറ്റു..,

യാത്രാക്ഷീണമകറ്റി.

റിസോർട്ട് വളരെ മികച്ചതായി തോന്നി.

നല്ല വൃത്തിയും അത്യാവശ്യം സൗകര്യങ്ങളുമുണ്ടായിരുന്നു.

റൂമിനോട് ചേർന്ന് തന്നെ ബാത്റൂമും, ബാൽക്കെണിയും..

ബാൽക്കണിയിൽ നിന്നുള്ള കാഴ്ചകളും മനോഹരം..

ഹോട്ടലിനു പുറകിൽ നിന്നു തന്നെ വലിയ വെള്ള നിറത്തിലുള്ള ഐസ് മലകൾ ദർശിക്കാമായിരുന്നു..

എല്ലാത്തിനേക്കാളുമുപരി നല്ല സർവീസ് ആയിരുന്നു.

 

ഉച്ചഭക്ഷണശേഷം, ഞങ്ങൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി രണ്ടു കിലോമീറ്ററകലെയുള്ള വെള്ളച്ചാട്ടം തേടി നടന്നു.

ഹോട്ടൽ മലമുകളിലായിരുന്നതിനാൽ റോഡുകൾ മിക്കതും ഉയരത്തിലായിരുന്നു.

ചെറിയ ദൂരം നടക്കുമ്പോഴേക്കും ഞങ്ങൾ വല്ലാതെ കിതച്ചിരുന്നു. 

നടന്നു നടന്നു ക്ഷീണിക്കുന്നതല്ലാതെ വെള്ളച്ചാട്ടം മാത്രം കാണുന്നുമില്ല

റോഡിനു ഇരുവശവും പൈൻ മരങ്ങളാൽ മനോഹരമായിരുന്നു. എന്റെ കയ്യിലുണ്ടായിരുന്ന ക്യാമറയിൽ ധാരാളം ചിത്രങ്ങൾ പകർത്തി.

 

പരിസരത്തു നായകൾ ധാരാളം ഉണ്ടായിരുന്നതിനാൽ, സ്വയരക്ഷക്കായി കയ്യിലെപ്പോഴും ഒരു കല്ല് കരുതിയിരുന്നു.

 

നടന്ന് നടന്ന് ഏറ്റവുമൊടുവിൽ, വെള്ളച്ചാട്ടത്തിലേക്കുള്ള വഴികൾ അപകടം നിറഞ്ഞതാണെന്ന് മനസിലായപ്പോൾ, ലക്ഷ്യത്തിൽ നിന്ന് പിന്തിരിഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് തന്നെ തിരിച്ചു നടന്നു.

 

വെള്ളച്ചാട്ടം നഷ്ടമായെങ്കിലും, അതൊരു നല്ല സായാഹ് സവാരിയായിരുന്നെന്നു ഉറപ്പിച്ചു പറയാം.

സവാരിയിൽ ഒരുപാട് നല്ല ചിത്രങ്ങളും ക്യാമറയിൽ പകർത്താൻ കഴിഞ്ഞു.

തിരികെ ഹോട്ടലിൽ വന്ന്, റൂമിന്റെ ബാൽക്കെണിയിലിരുന്നു ഒരു ചായ കുടിച്ചു വിശ്രമിച്ചു. രാത്രി 8:30 യോട് കൂടി റിസപ്ഷനിൽ നിന്നും അത്താഴം തയ്യാറായിട്ടുണ്ടെന്നു അറിയിച്ചു.

 

പ്രഭാത ഭക്ഷണവും, അത്താഴവും പാക്കേജിൽ ഉൾപ്പെട്ടതായതു കൊണ്ട് അതിനു പണമടക്കേണ്ടതില്ല. ബുഫേ ആയതു കൊണ്ട് ഇഷ്ടപ്പെട്ട വിഭവങ്ങൾ എത്ര വേണമെങ്കിലും കഴിക്കുകയും ചെയ്യാം.

 

ഞങ്ങളുടെ റൂമിന്റെ കുറച്ചു താഴെയായിരുന്നു ഹോട്ടലിന്റെ റെസ്റ്റോറന്റ്  ഏരിയ. സകല തയാറെടുപ്പുമായി ഞങ്ങൾ ഭക്ഷണം കഴിക്കാനായി പോയി.

 

വളരെ നല്ല ഭക്ഷണമായിരുന്നു.

വിവിധയിനം സൂപ്പുകൾ, റൈസ്, ബട്ടർ നാൻ, ചിക്കൻ കറി, ചെന്ന ബട്ടർ മസാല, തുടങ്ങി അത്യാവശ്യം വിഭവങ്ങൾ ഉണ്ടായിരുന്നു.

 

വയറു നിറയെ ഭക്ഷണം കഴിച്ചിറങ്ങി, അങ്ങോട്ട് പോകുമ്പോൾ ഇറങ്ങിയ പടികളെല്ലാം തിരികെ കയറി, റൂമിൽ തിരിച്ചെത്തുമ്പോഴേക്കും കഴിച്ചതിൽ പാതിയും ദഹിക്കും.

ആദ്യ ദിവസം അങ്ങിനെ അവസാനിച്ചു.

 

ഇനി മണാലിയിലെ രണ്ടാം ദിനം..


രാവിലെ എണീറ്റ് കുളിച്ചു വസ്ത്രം മാറി പ്രഭാത ഭക്ഷണം കഴിച്ചെത്തുമ്പോഴേക്കും ഗൈഡ് കാറുമായി പുറത്തു നിൽക്കുന്നു.

നേരെ പോകുന്നത് ഐസ് മലകളാൽ നിറഞ്ഞ സോളാങ് വാലിയിലേക്കാണ്.

പോകുന്ന വഴിയിൽ തന്നെ മഞ്ഞുമലകളിൽ എത്തുമ്പോൾ ധരിക്കാനുള്ള ജാക്കറ്റ്, ഷൂ, ഗ്ലൗസ് മുതലായവ വാടകക്കെടുത്തു.

 

എന്റെ കയ്യിലുണ്ടായിരുന്നതിനേക്കാൾ കട്ടി കൂടിയ തരമായിരുന്നത്.

അര മണിക്കൂർ കൊണ്ട് തന്നെ ഞങ്ങളവിടെ എത്തി.

ഐസ് മലകളും, ഐസ് കൊണ്ട് മൂടപ്പെട്ട താഴ്വരകളുമാണ് അവിടുത്തെ പ്രധാന ആകർഷണം.

പിന്നെ വിനോദസഞ്ചാരികളെ പിഴിയാൻ കുറച്ചു റൈഡുകളും..

റൈഡുകൾ പലതിലും കയറിയിറങ്ങി ക്ഷീണിതരായ ഞങ്ങൾ

അടുത്ത് കണ്ട ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു.

ഇവിടെ മിക്ക ഹോട്ടലുകളിലും ഫ്രൈഡ് റൈസ് ഉം, നൂഡിൽസ് ഉം തന്നെയാണ് ഭക്ഷണം.


ഭക്ഷണശേഷം, ഞങ്ങൾ ATAL TUNNEL കാണാൻ പുറപ്പെട്ടു.

സോളങ് വാലിയിൽ നിന്നും അടൽ ടണലിലേക്കുള്ള യാത്ര അതിമനോഹരമായിരുന്നു. നാളിതു വരെ കണ്ട കാഴ്ചകളിൽ നിന്നും തീർത്തും വ്യത്യസ്തമായ, അതി മനോഹരമായ കാഴ്ച.

തൂവെള്ള നിറത്തിലുള്ള ഐസ് മലകളുടെ തൊട്ടടുത്ത് കൂടെയുള്ള യാത്ര.

സ്വർഗ്ഗത്തെ പുൽകുന്ന അനുഭൂതി..

ഇതിനെ കൂടുതൽ മനോഹരമാക്കാൻ, തൊട്ടുരുമ്മി ഒഴുകുന്ന സിന്ധു തടാകവും...

അങ്ങിനെ ഞങ്ങൾ അടൽ ടണലിലേക്കു പ്രവേശിച്ചു.

9 കിലോമീറ്ററോളം നീളമുണ്ട് ടണലിന്.

ഐസ് മലകളെ കാർന്നു തുരന്ന് വളരെ നാളത്തെ പരിശ്രമം കൊണ്ട് പൂർത്തീകരിച്ച ഒരു ടണൽ.

ടണലിനപ്പുറം സിസു തടാകത്തിനു സമീപം കാർ നിർത്തി ഞങൾ പുറത്തിറങ്ങി, മനോഹാരിത ആവോളം ആസ്വദിച്ചു. ക്യാമറ എടുത്തു പരമാവധി ചിത്രങ്ങളും എടുത്തു.

ഐസ് മലകൾക്കു നടുവിലെ ടണലും, അതിന്റെ ഓരത്തു കൂടെ ഒഴുകുന്ന സിസു നദിയും...


WOW...ദൃശ്യ വിസ്മയം.....

യാത്രയിലെ ഏറ്റവും മികച്ച ദൃശ്യാനുഭം ഇതാണെന്ന് നിസ്സംശയം പറയാം.

ഞങൾ ക്യാമറയിലും മൊബൈലിലും മാറി മാറി ചിത്രങ്ങൾ പകർത്താൻ തിരക്ക് കൂട്ടിക്കൊണ്ടിരുന്നു. സമയം ഏറെ വൈകി. ഗൈഡ് പോകാനായി  തിരക്കി കൂട്ടി.

മനസ്സില്ലാ മനസ്സോടെ ഞങ്ങൾ കാറിൽ കയറി വീട്ടിലേക്കു തിരിച്ചു. പോകും വഴി വാടകക്കെടുത്ത ജാക്കറ്റും മറ്റും തിരികെ ഏൽപ്പിച്ചു.

സോളങ് വാലിയിലെ റൈഡുകൾ അൽപ്പം നിരാശയായിരുന്നെങ്കിലും അടൽ ടണലും, അവിടുത്തെ കാഴ്ചകളും അതി മനോഹരമായിരുന്നു. ഒരിക്കൽ അത് ദർശിച്ചവരെ ഇനിയും അവ മാടി വിളിക്കുമെന്നു തീർച്ച.

അങ്ങിനെ വൈകീട്ട് നാലരയോടെ ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി, കുളിച്ചു മാറി ഒരു ചായ കുടിച്ചു ബാൽക്കണിയിലിരുന്ന്, ക്യാമറയിൽ പകർത്തിയ ചിത്രങ്ങളെല്ലാം ഒന്നൊന്നായി എടുത്തു നോക്കി നിർവൃതിയടഞ്ഞു.

സോളങ് വാലിയിലെ റൈഡുകളും, തുടർന്നുള്ള നടത്തവുമൊക്കെയായി ക്ഷീണിതരായിരുന്ന ഞങ്ങൾ അത്താഴം കഴിച്ചു നേരത്തെ കിടന്നു.


മൂന്നാം ദിനം..

ഐസ് മലകൾക്കിടയിലൂടെ സൂര്യൻ ഉദിച്ചു പൊങ്ങി.

ഞങ്ങൾ റെഡി ആയി എത്തുമ്പോഴേക്കും ഗൈഡ് വണ്ടിയുമായി പുറത്തുണ്ട്.

ഞങ്ങളുടെ പാക്കേജ് പ്രകാരം ഇന്നേ ദിവസം പോകേണ്ടത് കുറച്ചകലെയുള്ള ഒരു ഗുരുദ്ധ്വാർ ആയിരുന്നു. എപ്പോഴും ചൂട് വെള്ളം മാത്രമുള്ള ഒരു തടാകമാണത്, അതാണതിന്റെ സവിശേഷതയും.


ഞങ്ങളുടെ ഗൈഡ് ഞങ്ങളെ വിദഗ്ധമായി തെറ്റിദ്ധരിപ്പിച്ചു..

ഗുരുദ്ധ്വാറിനു ബദലായി കുറച്ചധികം മനോഹരമായ സ്ഥലങ്ങൾ കാട്ടിത്തരാമെന്നു പറഞ്ഞു ഞങ്ങളെ കൊണ്ട് നിർബന്ധിച്ചു സമ്മതിച്ചു.

നമുക്കറിയാത്തിടമായതു കൊണ്ടും, പോകേണ്ട സ്ഥലങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടും ഞങ്ങളും സമ്മതം മൂളി.

അങ്ങിനെ യാത്ര തുടങ്ങി..

ആദ്യം ഞങ്ങൾ പോയത് ഒരു ഷാൾ ഫാക്ടറിയിലേക്കായിരുന്നു.

ഇവിടുത്തെ സാധാരണക്കാർ ഉപയോഗിക്കുന്ന ഷാളുകളും, ജാക്കറ്റുകളും, തൊപ്പികളും അടങ്ങുന്ന വിവിധ തരം വസ്ത്രങ്ങളായിരുന്നു അവിടുത്തെ പ്രധാന വിപണനം.

ഞങൾ രണ്ടു തൊപ്പി മാത്രം വാങ്ങി..


അവിടുന്ന് നേരെ പോയത് ഒരു പാർക്കിലേക്കായിരുന്നു.

HIMACHAL PRADESH FOREST DEPARTMENT ന്റെ ഉടമസ്ഥതയിലുള്ള ഒരു പാർക്.

പത്തു രൂപയ്ക്കു ടിക്കറ്റെടുത്ത് അകത്തു കയറി ഞങ്ങൾ കുറച്ചു ദൂരം നടന്നു, കുറേ ചിത്രങ്ങളും പകർത്തിയിരിക്കുമ്പോഴാണ് അവിടെ

വലിയൊരു കുളവും അതിൽ ബോട്ടിംഗും ഉള്ള കാര്യം അറിയുന്നത്.

രണ്ടാമതൊന്നാലോചിക്കാതെ ടിക്കറ്റ് എടുത്തു അതിൽ കയറി.

പെഡൽ ബോട്ടായിരുന്നെങ്കിലും ഇരു വശങ്ങളിൽ നിന്നുമുള്ള മലകളിൽ നിന്നും വരുന്ന തണുത്ത കാറ്റും, ഭംഗിയേറിയ കാഴ്ചകളാലും സമ്പന്നമായിരുന്നു.

അര മണിക്കൂർ നീണ്ട ബോട്ടിംഗ് എന്നേക്കാൾ നിനുവും മോനും ഏറെ  ആസ്വദിച്ചിരുന്നു.

അതുകഴിഞ്ഞു നേരെ പോയത് ഒരു പുരാതന ക്ഷേത്രത്തിലേക്കായിരുന്നു. വിഷ്ണു ക്ഷേത്രം എന്നോ മറ്റോ പേര് പറഞ്ഞു. 

ചെരുപ്പഴിച്ചു അകത്തു കയറി, കുറേ നടന്നും, പടികൾ കയറിയും ഞങൾ ക്ഷേത്രത്തിനു മുകളിൽ എത്തി. അവിടെ അന്നേദിവസം അന്നധാനമുണ്ടായിരുന്നു.

ക്ഷേത്ര പരിസരങ്ങളെല്ലാം കണ്ടാസ്വദിച്ചു, കുറച്ചു ചിത്രങ്ങൾ പകർത്തി, ഞങ്ങൾ പുറത്തിറങ്ങി ചെരുപ്പ് ധരിച്ചു.

ക്ഷേത്രത്തിനു പുറത്തു ഐസ് ക്രീം കച്ചവടക്കാരനെ കണ്ടതും നിനുവിന്റെയും, മോന്റെയും നിയന്ത്രം നഷ്ടപ്പെട്ടു.

അങ്ങിനെ മണാലിയിൽ വന്ന് ഐസ് ക്രീം കഴിച്ച റെക്കോർഡ് ഞങളുടെ പേരിൽ എഴുതിച്ചേർത്തുകൊണ്ട് യാത്ര തുടർന്നു.

 

അടുത്ത സ്ഥലം ഒരു വെള്ളച്ചാട്ടമായിരുന്നു.

അത് ഞങൾ കാറിലിരുന്ന് തന്നെ കണ്ടു.


പിന്നെ നേരെ പോയത് ഒരു ബുദ്ധക്ഷേത്രത്തിലേക്കായിരുന്നു. അവിടെ അടുത്തു തന്നെ ഒരു പള്ളിക്കൂടമൊക്കെ കാണാമായിരുന്നു.

അവിടെയും ചവിട്ടി.., കുറേ പടികൾ..

കുറച്ചു ബുദ്ധന്മാരെയും കണ്ടു, പതിവ് പോലെ അൽപ്പം ചിത്രങ്ങളും പകർത്തി, പടികളിറങ്ങി.

ഞങൾ അവിടുന്ന് മടങ്ങും വഴി, മലപ്പുറത്തു നിന്നുള്ള ഒരു കുടുംബത്തെ കണ്ടുമുട്ടി. അവരും നമ്മളെ പോലെ ആറ് ദിവസത്തെ പാക്കേജിൽ വന്നതാണ്.

പോയ സ്ഥലങ്ങളെപ്പറ്റിയും, ഇനി പോകേണ്ട സ്ഥലങ്ങളെപ്പറ്റിയുമെല്ലാം അവരുമായി കുറച്ചു നേരം സംസാരിച്ചു.

 

മണാലിയിലെ അവരുടെ അവസാന ദിവസമായിരുന്നു അന്ന്. അന്ന് വൈകീട്ട് അവർ ഡൽഹിയിലേക്ക് മടങ്ങും, നാളെ ഞങ്ങളും...

ഞങ്ങളുടെ യാത്രാ പരിപാടികളെല്ലാം കേട്ട അവർ, ഞങ്ങൾക്കൊരു ഐഡിയ പറഞ്ഞു തന്നു. നാളെ വൈകീട്ട് മടങ്ങിയാൽ മറ്റന്നാൾ രാവിലെ 8 മണിക്ക് ഡൽഹി എത്തും, അവിടുന്ന് വൈകീട്ട് നാലിനാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ്. ചുരുക്കി പറഞ്ഞാൽ ആറു മണിക്കൂർ ഫ്രീ ആയി കയ്യിലുണ്ട്. ഡൽഹി കറങ്ങാൻ നല്ലൊരു അവസരമാണ് കൈവന്നിട്ടുള്ളത്.

ആറ് മണിക്കൂർ കൊണ്ട് ഡൽഹിയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇന്ത്യ ഗേറ്റ്, ചെങ്കോട്ട, ഖുതുബ് മിനാർ, ഹുമയൂൺ ടോംബ്, ജുമുഅ മസ്ജിദ്.. എന്നിവ കണ്ടു മടങ്ങാം.. യാത്രയുടെ ക്ഷീണം കൊണ്ട്, മടക്കയാത്രയിൽ വിമാനത്തിൽ വെച്ച് സുഖമായി ഉറങ്ങുകയും ചെയ്യാം.

ചാച്ചു എന്ന് പേരുള്ള ഒരു ട്രാവൽ ഏജൻറ് ഡൽഹിയിലുണ്ടെന്നും, അയാളോട് പറഞ്ഞാൽ മേൽപ്പറഞ്ഞ അഞ്ചു സ്ഥലങ്ങളും ആറ് മണിക്കൂർ കൊണ്ട് ചുറ്റി, തിരികെ എയർപോർട്ടിൽ കൊണ്ടുവിടുന്ന രൂപത്തിൽ ടാക്സി ശരിയാക്കിത്തരും, എന്ന് പറഞ്ഞു കൊണ്ട്  ചാച്ചുവിന്റെ നമ്പർ തന്നു. ഇതേ ചാച്ചു തന്നെയാണ് അവരുടെ യാത്രകളും ക്രമീകരിച്ചിട്ടുള്ളത്.

അങ്ങിനെ ദമ്പതികളോട് യാത്ര പറഞ്ഞു, ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് പോയി. NAGAR CASTLE എന്ന് പേരുള്ള പാരമ്പരാകൃത രീതിയിൽ പണിതു വെച്ച ഒരു വിശ്രമ കേന്ദ്രമായിരുന്നു അത്.


ഒരു റസ്റ്റോറന്റും, വ്യൂ പോയിന്റുമൊക്കെയുള്ള പ്രദേശം.

കാഴ്ചയിൽ പോയ കാലത്തെ അടയാളപ്പെടുത്തുന്ന കോട്ടകൾ പോലെ തോന്നും. ഒരു ചെറിയ പ്രവേശന ഫീസ് കൊടുത്തു ഞങ്ങൾ അകത്തു കയറി

സമയം മൂന്ന് കഴിഞ്ഞു. വിശപ്പ് അസഹ്യമായിരുന്നതിനാൽ ഞങ്ങൾ നേരെ റസ്റോറന്റിലേക്കു നടന്നു. ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി എന്തും..

അവിടെ നല്ല തിരക്കായിരുന്നു. കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം സീറ്റ് കിട്ടിയപ്പോൾ വേഗം ഭക്ഷണത്തിനു ഓർഡർ കൊടുത്തു.

എന്ത് പറയാൻ..? ഫ്രൈഡ് റൈസും, നൂഡിൽസും തന്നെ..  കൂടെ ഇത്തിരി ഫ്രഞ്ച് ഫ്രൈസും.. 

 

എല്ലാ ദിവസവും ഇത് തന്നെ കഴിച്ചു ഞങ്ങളും മടുത്തു

എന്നിരുന്നാലും, റെസ്റ്റോറന്റ് ബാൽക്കണിയിൽ ഇരുന്ന് പുറം കാഴ്ചകൾ ആസ്വദിച്ചു ഞങ്ങൾ ഭക്ഷണം കഴിച്ചു.

റെസ്റ്റോറന്റ് ഇരിക്കുന്നത് നല്ല ഉയരമേറിയ പ്രദേശമായതു കൊണ്ട് പുറത്തുള്ള കാഴ്ചകൾ വളരെ മനോഹരവും, ദൃശ്യഭംഗി നിറഞ്ഞതുമായിരുന്നു.

ഭക്ഷണ ശേഷം ഞങ്ങൾ താഴെയിറങ്ങി, അവിടത്തെ കുറച്ചു ചിത്രങ്ങളെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ശ്രദ്ധിക്കുന്നത്, ഇവിടുത്തുകാർ ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിച്ചു, ചെണ്ട കൊട്ടി, പാട്ടു പാടി, നൃത്തം ചെയ്യുന്നു. വളരെ പുതുമ തോന്നിയ ഒരു കാഴ്ച.

ഇന്നെന്തെങ്കിലും വിശേഷ ദിവസമായതു കൊണ്ടാകാം ഇതെന്നാണ് കരുതുന്നത്.

ഞങ്ങൾ കൗതുകത്തോടെ കുറേ നേരം അതാസ്വദിച്ചിരുന്നു.  അൽപ്പസമയത്തിനകം പോകാനുള്ള ഗൈഡിന്റെ വിളി വന്നു.

തിരികെ ഹോട്ടലിലേക്ക്..

അങ്ങിനെ മൂന്നാം ദിവസത്തിനും കർട്ടനിട്ടു..

മണാലിയിലെ മൂന്ന് സുപ്രധാനദിനങ്ങൾ പൂർത്തിയായി.

 

ഇനി അവശേഷിക്കുന്ന അവസാന ദിസവത്തിലേക്ക്...

ഞങ്ങൾ രാവിലെ വളരെ നേരത്തെ എണീറ്റു, റൂമിനു പുറത്തിറങ്ങി, റിസോർട്ടിരിക്കുന്ന മലയുടെ ചെരിവുകളിലൂടെ കുറെ നടന്നു..,

കുറേ ചിത്രങ്ങളും പകർത്തി..

തിരിച്ചു റൂമിൽ വന്നു കുളിച്ചു മാറി, അവിടുത്തെ അവസാനത്തെ പ്രഭാത ഭക്ഷണവും കഴിച്ചു..,

കഴുകാനുള്ളതും, ധരിക്കാനുള്ളതുമായ വസ്ത്രങ്ങൾ പ്രത്യേകം രണ്ടു ബാഗുകളിലാക്കി പാക്ക് ചെയ്തു..,

റിസപ്ഷനിൽ കൊണ്ട് പോയി വെച്ചു, ചെകൗട്ട് നടപടികൾ പൂർത്തീകരിച്ചു, പോകാൻ കാത്തിരിക്കുന്ന കാറിൽ ബാഗുകൾ വെച്ചൊതുക്കി, കാണാൻ ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് കാർ നീങ്ങി.

 

ഇന്നിനി കാണാനുള്ളതെല്ലാം അടുത്തുള്ള പ്രദേശങ്ങളാണ്. എല്ലാം കഴിഞ്ഞു വൈകീട്ട് 6 മണിക്ക് മണാലി ബസ് സ്റ്റാൻഡിൽ നിന്ന് ഡൽഹിയിലേക്ക് മടക്കം.

ഡൽഹി എത്തിയാലുള്ള കാര്യങ്ങളെല്ലാം ചാച്ചുവുമായി ഫോണിൽ സംസാരിച്ചു തീർപ്പാക്കിയിട്ടുണ്ട്.

 

HADIMBA TEMPLE ലായിരുന്നു ആദ്യം എത്തിയത്. ഒരു ബുദ്ധ ക്ഷേത്രമാണ്.. 

നല്ല സൗന്ദര്യമുള്ള, ചുറ്റുമുള്ള പൈൻ മരങ്ങളുടെ തണലിൽ തലയുയർത്തു നിൽക്കുന്നൊരു ക്ഷേത്രം. അസാധ്യ ഭംഗിയായിരുന്നു ക്ഷേത്രത്തിനും പരിസരത്തും.

ഇടവിട്ടുള്ള പൈൻ മരങ്ങളുടെ സാന്നിധ്യത്താൽ വെയിലിന്റെ നേർത്ത കണിക പോലും തൊട്ടു നോവിക്കാതെ എത്ര നേരം വേണമെങ്കിലും കഴിച്ചു കൂട്ടാവുന്ന ഒരിടം.

അതിനടുത്തു തന്നെ ഒരു ചെറിയ ചന്ത ഉണ്ടായിരുന്നു. അവിടെയും കുറച്ചു സമയം ചിലവഴിച്ചു, അൽപ്പസ്വൽപ്പം സാധനങ്ങളും വാങ്ങി, അവരുടെ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞുള്ള കുറച്ചു ചിത്രങ്ങളും എടുത്തു, ഞങ്ങൾ മടങ്ങി.

അതിനടുത്തു തന്നെ ഒരു വെള്ളച്ചാട്ടമുണ്ടായിരുന്നു, അവിടെ പോയി അതും കണ്ടു, കുറച്ചു ഐസ് ക്രീമും കഴിച്ചു, കുറേ നടന്നു, അവിടെനിന്നും മടങ്ങി.

അക്ബർ ട്രാവല്സില് നിന്ന് പറഞ്ഞതനുസരിച്ചു 6 മണിയുടെ ബസ്സിന്‌ 5:30 ഓടു കൂടി സ്റ്റാന്റിലെത്തിക്കാമെന്ന ഉറപ്പിന്മേൽ, ഞങ്ങളെ സമീപമുള്ള ഒരു പാർക്കിൽ ഇറക്കിയ ശേഷം, ഗൈഡിനെ ഞങ്ങൾ പറഞ്ഞു വിട്ടു.

അന്നേ ദിവസം ഹോളി ആയിരുന്നതിനാൽ അയാൾക്ക് കുറച്ചു സ്ഥലങ്ങളിൽ പോകേണ്ടതുണ്ട്, എന്നയാൾ നേരത്തേ പറഞ്ഞത് കൊണ്ടാണ് അങ്ങിനെ ചെയ്തത്.

കാറിലുണ്ടായിരുന്ന ഞങ്ങളുടെ ലഗേജുകൾ അനക്കാതെ, അത്യാമുള്ള ഒരു ബാഗ് മാത്രം കയ്യിൽ കരുതിയാണ് ഞങ്ങൾ പാർക്കിൽ ഇറക്കിയത്‌.

 

കുറെ നേരം പാർക്കിൽ നടന്നും ഇരുന്നും, കാഴ്ചകൾ കണ്ടും, മോന്റെ കൂടെ കളിച്ചും, ചിത്രങ്ങളെടുത്തും കഴിച്ചു കൂട്ടി, തൊട്ടടുത്തുള്ള മാൾ റോഡിലൂടെ ഒന്ന് നീട്ടി നടന്നു..

അപ്പോഴേക്കും അവിടെയാകെ ഹോളി ആഘോഷങ്ങളുടെ തിരക്കിലേക്ക് കടന്നിരുന്നു.

കുളിച്ചു മാറാനൊന്നും ഇനി മറ്റൊരു സംവിധാനമില്ലാത്തതിനാൽ, ഞങ്ങൾ ധൃതിയിൽ അവിടെ നിന്ന് രക്ഷപ്പെട്ട്‌, അടുത്ത് കണ്ട ഒരു തമിഴരുടെ ഹോട്ടലിൽ കയറി.

 

സമയം ഉച്ച കഴിഞ്ഞിരുന്നതിനാൽ ഞങ്ങൾക്ക് നല്ല വിശപ്പുണ്ടായിരുന്നു. അകത്തു കയറി, കൈ കഴുകി, വേഗം ഒഴിഞ്ഞ കസേരകളിൽ ഇടം പിടിച്ചു.

ഞങ്ങളുടെ പ്രതീക്ഷ തെറ്റിയില്ല..

'സൗത്ത് ഇന്ത്യൻ താലി' ആയിരുന്നു അവിടുത്തെ പ്രധാന ആകർഷണം..

ഫ്രൈഡ് റൈസും, നൂഡിൽസും കഴിച്ചു മടുത്തിരിക്കുന്ന ഞങ്ങൾ വേഗം തന്നെ താലി ഓർഡർ ചെയ്തു ആകാംക്ഷയോടെ കാത്തിരുന്നു.

ഭക്ഷണം വന്നു, ചോറും രസവുമായിരുന്നു മികച്ച കോമ്പിനേഷൻ. അത് മാത്രമായി ഒന്നൂടെ പറഞ്ഞു കൊതി തീരുവോളം കഴിച്ചു.

അവിടെ വെച്ച് തന്നെ ഒന്ന് ഫ്രഷ് ആയി ഇറങ്ങുമ്പോഴേക്കും ഗൈഡ്

ഞങ്ങളെ കൊണ്ടുവിടാനായി പുറത്തെത്തിയിരുന്നു.


ഇനി നേരെ മണാലി ബസ് സ്റ്റാൻഡിലേക്ക്....

അങ്ങിനെ വിശ്വവിഖ്യാതമായ നാലു ദിവസത്തെ മണാലി യാത്ര അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി...

സ്റ്റാന്റിലെത്തി, യാത്രക്കുള്ള ടിക്കറ്റ് വാങ്ങി, ബസ്സിലേക്ക് ബാഗുകൾ എടുത്തു വെച്ചു, ഗൈഡിനോട് നന്ദി പറഞ്ഞു, ബസ്സിൽ കയറിയിരുന്നു.

മണാലിയിൽ നിന്നും വിട പറയുന്ന വിഷമം, ഡൽഹി എത്തിയാൽ കറങ്ങാൻ പോകാമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങൾ ആശാസം കണ്ടെത്തി.


ഭാഗ്യവശാൽ ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു..

13 മണിക്കൂർ നീളുന്ന ഡൽഹി യാത്ര, വൈകീട്ട് 6 മണിയോടെ പുറപ്പെട്ടു.

ഞങ്ങൾ വളരെ ക്ഷീണിതരായിരുന്നതിനാൽ വളരെ പെട്ടന്ന് തന്നെ ഉറക്കിലേക്കൊഴുകിയിരുന്നു...

 

യാത്രക്കിടയിൽ പല സ്ഥലങ്ങളിലും ബസ് നിർത്തുകയും, യാത്രക്കാർ കയറുന്നതും, സീറ്റുകൾ നിറയുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു..

ഇടയ്ക്കെപ്പോഴോ, ഏതോ മോശപ്പെട്ട ഹോട്ടലിന്റെ മുൻപിൽ നിർത്തി, ഡ്രൈവർ എല്ലാവരെയും വിളിച്ചു കൂവി എഴുന്നേൽപ്പിക്കുന്നുണ്ടായിരുന്നു.

യാത്രക്കാരെല്ലാം ഉറക്കച്ചടവോടെ "ഡ്രൈവർക്ക് കമ്മീഷൻ കിട്ടുന്ന കാര്യമല്ലേ, സഹകരിച്ചേക്കാം" എന്ന് മന്ത്രിച്ചു കൊണ്ട് ഹോട്ടലിൽ കയറി.

 

ഞങ്ങളും കൈ കഴുകി ഒരു ടേബിളിൽ ഇടം പിടിച്ചു.

'കഴിക്കാൻ എന്തുണ്ട്' എന്ന എന്റെ ചോദ്യത്തിന് വെയ്റ്റർ നീളൻ ഉത്തരം നൽകിക്കൊണ്ടിരിക്കുന്നു...

 

ബട്ടർ ചിക്കൻ, ചിക്കൻ മസാല, പനീർ മസാല.....

 

അയാളോടൊന്നു നിർത്തി ഇത്തിരി ശ്വാസം വിടാൻ ഉപദേശിച്ചു കൊണ്ട് ഞാൻ അവിടുത്തെ 'മെനു' ചോദിച്ചു..

 

അതയാൾക്കു തീരെ ഇഷ്ടപ്പെട്ടില്ല എന്ന് അയാളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തം.

അയാൾ അകത്തു പോയി തിരിച്ചു വന്നു വേറെ ആളുകളുടെ ഓർഡർ എടുക്കുകയാണ്..

 

"എന്നെ നോക്കുന്നു പോലുമില്ല..."

 

കുറച്ചു കഴിഞ്ഞു വേറെ ഒരു പയ്യൻ ഓർഡർ എടുക്കാൻ വന്നു , അവനോടും 'മെനു' ചോദിച്ചു..

 

'അതേ നിസ്സംഗ ഭാവം...'

ഒടുവിലവൻ മനസ്സില്ലാ മനസ്സോടെ അകത്തു കയറി ഒരു മെനു എടുത്തു കൊണ്ട് വന്നു. മെനുവിലെ വില നോക്കിയ ഞാൻ ഞെട്ടി പോയി...

 

"ഏറെക്കുറെ എല്ലാ ഭക്ഷണത്തിനും നാലിരട്ടി വില".

ഇതൊന്നും കാണാതെയും അറിയാതെയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സാധുക്കളായ യാത്രക്കാർ..

 

(മറ്റു നിവൃത്തികളില്ലാതിരുന്നതിനാലാകാം)

 

ഞങ്ങൾ ഇത്തിരി ചോറും, കുറച്ചു ദാൽ കറിയും, 2 ബട്ടർ നാനും ഓർഡർ ചെയ്തു കഴിച്ചു.

 

അൽപ്പം ജാഗ്രത ഒരു വലിയ കത്തി വെക്കലിൽ നിന്നു ഞങ്ങളെ കഷ്ട്ടിച്ചു രക്ഷപ്പെടുത്തി.

 

ഇത്തിരി സൗകര്യമുള്ള ഹോട്ടലായിരുന്നെങ്കിൽ ക്ഷമിക്കാമായിരുന്നു.

ഒരു നല്ല ടോയ്ലറ്റ് പോലുമില്ലാത്ത, വൃത്തിയും ശുചിത്വവും എന്തെന്ന് പോലും അറിയാത്ത ഇത്തരം ഹോട്ടലുകൾ ഇങ്ങനെ കൊള്ള നടത്തിയാലോ...???!!!

ഭക്ഷശേഷം പുറത്തെ കടയിൽ നിന്നു MRP ക്ക് മുകളിൽ വില കൊടുത്തു രണ്ടു പാക്കറ്റ് ബിസ്കറ്റ് വാങ്ങി യാത്ര തുടർന്നു.


പ്രതീക്ഷിച്ച പോലെ രാവിലെ ഏഴു മണിക്ക് തന്നെ ഡൽഹി എത്തിച്ചേർന്നു.

ഡൽഹിയിൽ കറങ്ങാനുള്ള വാഹനം ശരിയാക്കിത്തരാമെന്നു പറഞ്ഞ ചാച്ചുവിനെ വിളിച്ചപ്പോഴാണ് ഞെട്ടിക്കുന്ന മറുപടി ഞങ്ങൾക്ക് കിട്ടുന്നത്.

 

"ഇന്നിവിടെ ഹോളി ആയതിനാൽ മിക്ക സ്ഥലത്തും ഉച്ചയ്ക്ക് ശേഷമാണ് സന്ദർശകരെ അനുവദിക്കുന്നത്." 

"അത് മാത്രമല്ല, ഇന്നേ ദിവസത്തെ ഡൽഹി ചുറ്റൽ വലിയ റിസ്കാണ്." 

"പ്രത്യേകിച്ച് ഫാമിലിയാകുമ്പോൾ..." 

"ഉച്ചയാകുമ്പോഴേക്കും റോഡുകളിൽ തിരക്ക് കൂടുന്നതിനാൽ, എയർപോർട്ടിലേക്ക് നേരത്തെ എത്തുന്നതാണ് ഉചിതമെന്നും ചാച്ചു ഉപദേശിച്ചു.."

 

ഞങ്ങളാകെ തളർന്നു... പ്ലാനുകളെല്ലാം പാളി...

ആകെ കിളി പോയ അവസ്ഥയിലിരിക്കുമ്പോൾ ചാച്ചുവിന്റെ നമ്പർ തന്ന അജീഷിന്റെ കോൾ...

അവരും പണി കിട്ടിയിരിക്കുകയാണെന്നും, താമസിക്കുന്ന ഹോട്ടലിൽ തന്നെ കഴിച്ചു കൂട്ടി, രാത്രിയിലെ ട്രെയിനിൽ നാട്ടിലേക്ക് പോകാനാണ് പ്ലാനെന്നും പറഞ്ഞു

മറ്റു നിവൃത്തികളില്ല എന്ന പൂർണ്ണ ബോധ്യത്താൽ ഞങ്ങൾ എയർപോർട്ടിലേക്കു ഊബർ വിളിച്ചു..

ഞങ്ങൾ വളരെ ക്ഷീണിതരും, അവശരും, നിരാശരുമായിരുന്നു...

 

എയർപോർട്ടിലേക്കുള്ള യാത്രയിൽ പ്രഭാത ഭക്ഷണത്തിനായി ഞങ്ങൾ ഹോട്ടലുകൾ പരതിക്കൊണ്ടിരുന്നു.

ഹോളിയായിരുന്നതിനാൽ മിക്ക ഹോട്ടലുകളും അവധിയായിരുന്നു. 

ഒടുവിൽ കാലി വയറുമായി, യാത്രയുടെ ആറു മണിക്കൂർ നേരത്തെ എയർപോർട്ടിൽ എത്തിച്ചേർന്നു...

ബാഗുകളെല്ലാം ട്രോളികളിലാക്കി, ഐഡിയും, വിമാന ടിക്കറ്റും കാണിച്ചു  അകത്തു കയറി, കൈയും മുഖവും കഴുകി, പല്ലു തേപ്പും കഴിഞ്ഞു ഒരു മൂലയിൽ ട്രോളി വെച്ചു ഇരിക്കാനുള്ള സ്ഥാനം പിടിച്ചു.

 

ഒരു ചായ കുടിക്കാനായി അടുത്തുള്ള സ്റ്റാളിൽ അന്വേഷിച്ചപ്പോൾ, 220 രൂപ...

 

ഒടുവിൽ എല്ലാ സ്റ്റാളും കയറിയിറങ്ങി 112 രൂപയുടെ ഒരു ചായ കുടിച്ചു.

"ഇപ്പോഴും ഞാനിതു വരെ കുടിച്ച ഏറ്റവും വില കൂടിയ ചായ, പഞ്ചാബിലെ ധാബയിലേതു തന്നെ..!!"

റെക്കോർഡ് അടുത്ത കാലത്തൊന്നും തിരുത്തപ്പെടാനും പോകുന്നില്ല .

 

ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ നോക്കി സമയം കളയവേ, വിശപ്പ് ഞങ്ങളുടെ ശ്രദ്ധ തിരിക്കാൻ തുടങ്ങി...

ചായയുടെ വില കണ്ട ഞെട്ടലിൽ നിന്നു മുക്തരാകാത്തതിനാൽ, മറ്റു ഭക്ഷണങ്ങളുടെ വില നോക്കാൻ ധൈര്യം പോരായിരുന്നു.

പെട്ടന്നാണ് തലേന്ന് രാത്രി MRP യിലധികം കൊടുത്തു വാങ്ങിയ രണ്ടു പാക്കറ്റ് ബിസ്കറ്റിന്റെ കാര്യം ഓർമ്മയിൽ വന്നത്.

അത് വേഗം ബാഗിൽ നിന്നും പുറത്തെടുത്തു, അകത്താക്കി.

അല്ലേലും ബ്രേക്ക് ഫാസ്റ്റിൽ, ഇഡ്ഡലിയും ചട്ണിയും ഒക്കെ ഒരു തരത്തിൽ ആർഭാടമാണ്...


ഫ്ലൈറ്റ് വൈകീട്ട് നാലു മണിക്കായതിനാൽ, ഉച്ച ഭക്ഷണത്തിനിനി എന്ത് ചെയ്യുമെന്ന ചിന്തകളിലായി ഞങ്ങൾ.


ഒടുവിലൊരു ഐഡിയ തോന്നി..

എന്റെ ഫോണിൽ സോമറ്റോ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത്, ഒരു അക്കൗണ്ട് ഉണ്ടാക്കി, അതിലൂടെ ഹോട്ടലുകൾ തിരയാൻ തുടങ്ങി..

പ്രതീക്ഷിച്ച പോലെ വളരെ കുറച്ചു ഹോട്ടലുകൾ മാത്രമേ  ഹോളി ദിനത്തിൽ പ്രവർത്തിച്ചിരുന്നുള്ളൂ..

കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ ഒരു ഹോട്ടൽ കണ്ടെത്തി, ഒരു ചിക്കൻ ബിരിയാണിയും, ഒരു വെജിറ്റബിൾ ബിരിയാണിയും ഓർഡർ ചെയ്തു കാത്തിരിപ്പ് തുടങ്ങി..

മണിക്കൂർ ഒന്ന് കഴിഞ്ഞപ്പോഴേക്കും ഡെലിവറി ബോയ് എന്റെ ഫോണിലേക്ക് വിളിച്ചു.

ഒരുവിധം അറിയാവുന്ന ഹിന്ദിയിൽ ഞാൻ എയർപോർട്ടിലാണെന്നും, മൂന്നാമത്തെ ടെർമിനലിലേക്കു വരാനും പയ്യനോട് പറഞ്ഞു.

അവനത് മനസ്സിലാകാതെ വന്നപ്പോൾ എന്റെ അടുത്തുണ്ടായിരുന്ന പോലീസുകാരന് ഫോൺ കൊടുത്തു, അസ്ലി ഹിന്ദിയിൽ ശരിക്കുമുള്ള സ്ഥലം അവന് ബോധ്യപ്പെടുത്തി കൊടുത്തു.

 

എന്റെ കാത്തിരിപ്പ് തുടർന്നു..

 അൽപ്പം കഴിഞ്ഞു പയ്യൻ വീണ്ടും എന്നെ വിളിച്ചു..

അവൻ ബൈക്കിലായതു കൊണ്ട് ടെർമിനലിന് അകത്തേക്ക് കയറ്റുന്നില്ലെന്നും എന്താണ് ചെയ്യേണ്ടതെന്നുമാണ് ചോദിക്കുന്നത്.


എനിക്കാകെ വയറു കാളുന്നു, വിശന്നിട്ടാണേൽ തല കറങ്ങുന്നു..

തൊട്ടടുത്ത് ഭക്ഷണമെത്തി, കഴിക്കാൻ യോഗമില്ലാതെ മടങ്ങുമോ എന്ന ഭീതി എന്നെയാകെ വിഴുങ്ങി...


എന്തുചെയ്യണമെന്ന് നിശ്ചയമില്ലാതെ ഞാൻ, പോലീസുകാർ ഇരിക്കുന്ന ഡോറിനടുത്തേക്കു ധൃതിയിൽ നടന്നു...

 

വീണ്ടും അവന്റെ കോൾ വരുന്നു, രണ്ടും കൽപ്പിച്ചു ഞാൻ, അടുത്ത് കണ്ട മറ്റൊരു പോലീസുകാരന്, അറിയാവുന്ന ഹിന്ദിയിൽ കാര്യം പറഞ്ഞു ഫോൺ നൽകി...

അവർ തമ്മിൽ എന്തൊക്കെയോ കുറേ നേരം സംസാരിച്ചു, ഒടുവിൽ ഫോൺ വെച്ചു, പോലീസുകാരൻ എന്നോട് പറഞ്ഞു.

"നിങ്ങൾക്ക് ഭക്ഷണം വാങ്ങാൻ പുറത്തു കടക്കാനോ, അയാൾക്ക് ടിക്കറ്റ് ഇല്ലാത്തതു കൊണ്ട് അകത്തു വരാനോ കഴിയില്ല.."

അയാൾ പറഞ്ഞു നിർത്തി.

 

പടച്ചോനേ.. എന്റെ കല കറങ്ങുന്നു..

 കഴിഞ്ഞ ഒരു മണിക്കൂർ ബിരിയാണിയെ മാത്രം കണ്ടാണ്, ഞാൻ എന്റെ വിശപ്പിനെ സമാധാനിപ്പിച്ചത്..

 

"ഞാനിനി എന്തു ചെയ്യും മല്ലയ്യാ...."

എല്ലാം ഏറെക്കുറെ അവസാനിച്ചെന്നും വിചാരിച്ചു ഞാൻ നിരാശപ്പെട്ടിരിക്കുമ്പോൾ, അതാ വീണ്ടും പയ്യന്റെ കോൾ...

അവൻ ഇവിടെ, പുറപ്പെടുന്ന ടെർമിനലിൽ ബൈക്ക് പാർക്ക് ചെയ്തു ഇങ്ങോട്ട് നടന്ന് വന്നുകൊണ്ടിരിക്കുകയാണെന്നും, എന്നോട് അൽപ്പസമയം കൂടെ കാത്തിരിക്കുവാനും പറഞ്ഞു...

 

അതുകേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞോ എന്ന് ഞാൻ സംശയിച്ചു..

മറുപടിക്കു വാക്കുകൾ കിട്ടാതെ, ഒരു വലിയ നെടുവീർപ്പിട്ടു ഞാൻ അവിടെ തന്നെയിരുന്നു.

അവന്റെ മറുപടിയിൽ, ഭക്ഷണം കിട്ടാത്തിരിക്കുമോ എന്ന എന്റെ പേടി അസ്ഥാനത്തായി..

 

മിനിറ്റുകൾക്കുള്ളിൽ തന്നെ ഒരു കവറും പിടിച്ചു ധൃതിയിൽ നടന്ന് വരുന്ന അവനെ ഞാൻ കണ്ടു. പയ്യന് ഞാൻ ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് കൊടുത്തു.

 

കൈവീശി കാണിച്ച, എന്നെ കണ്ട് തിരിച്ചറിഞ്ഞ അവൻ, ഭക്ഷണപ്പൊതി അവിടെ കവാടത്തിലുണ്ടായിരുന്ന പോലീസുകാരനെ ഏൽപ്പിച്ചു, ഭക്ഷണത്തിന്റെ കാശും കുറച്ചു ചില്ലറയും ചേർത്ത് ഞാനും പോലീസുകാരനെ ഏൽപ്പിച്ചു.

 

അങ്ങിനെ ഞങ്ങൾ ഭക്ഷണവും പണവും പരസ്പരം കൈമാറി.

പണം വാങ്ങി ധൃതിയിൽ എണ്ണി നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട്, ഒരു നന്ദി വാക്കിനു പോലും കാത്തു നിൽക്കാതെ പയ്യൻ ധൃതിയിൽ നടന്നകന്നു...

 

അപ്പോഴും കയ്യിലെ ഭക്ഷണപ്പൊതിയുമായി ഞാൻ അവനെ നോക്കിനിൽപ്പായിരുന്നു.

ഭക്ഷണപ്പൊതിയുമായി തിരിച്ചു നടക്കുമ്പോൾ അയാളോടൊരു നന്ദിവാക്കു പറയാത്തതിന്റെ കുറ്റബോധം എന്നെ അലട്ടാൻ തുടങ്ങി...

ഞാൻ അയാളുടെ നമ്പറിലോട്ടു വിളിക്കാൻ ശ്രമിച്ചു..,

നമ്പർ തിരക്കിലാണ്..

 കോൾ പോകുന്നില്ല...

 പല തവണ ശ്രമിച്ചപ്പോഴും നമ്പർ തിരക്കിൽ തന്നെ..

 മിക്കവാറും അടുത്ത ഡെലിവെറിക്കുള്ള ഓട്ടത്തിലാവും എന്ന് മനസ്സിലാക്കി ഞാൻ ശ്രമം ഉപേക്ഷിച്ചു.

 

എന്തായാലും ഒരു കാര്യം തീർച്ചയാണ്.,

വിശപ്പിന്റെ വേദനയും, അന്നത്തിന്റെ വിലയും അറിയുന്നവനാവുക എന്നതാണ് ജോലിയുടെ ഏറ്റവും മിനിമം യോഗ്യത.

 

യോഗ്യതയാണ് പയ്യനിൽ എനിക്കിന്ന് കാണാൻ കഴിഞ്ഞത്.

ഹോട്ടലിന്റെ പേരോ, വ്യക്തിയുടെ പേരോ എനിക്കറിയില്ലെങ്കിലും, ഇത്തരം ആളുകളും, അനുഭവങ്ങളും, ലോകവും, ജീവിതവും കൂടുതൽ മനോഹരമാക്കുന്നു.. 

നിരാശയുടെ ഓരോ നിമിഷത്തിലും പ്രതീക്ഷയുടെ പൊൻകിരണങ്ങളാകുന്നു...


തിരിച്ചു വന്ന്, ബാഗ് വെച്ചിരുന്ന കസേരയിലിരുന്ന് ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി.

വളരെ സ്വാദിഷ്ടമായിരുന്നു രണ്ടു ബിരിയാണിയും..

ഒരുപക്ഷേ, ഞാൻ കഴിച്ചതിൽ ഏറ്റവും സ്വാദിഷ്ടമായ ബിരിയാണി..

വളരെ സംതൃപ്തിയോടെ തന്നെ ഞങ്ങൾ അത് കഴിച്ചു, ബാക്കി വന്നത് ഫ്ലൈറ്റിൽ നിന്ന്കഴിക്കാനായി കയ്യിൽ കരുതുകയും ചെയ്തു..

പതിയെ ബാഗുകളെല്ലാം വാരിയെടുത്ത് ട്രോളിയിലിട്ട് യാത്രാ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചു ഞങ്ങൾ ലോഞ്ചിൽ പോയി  പോകാനുള്ള ഫ്ലൈറ്റിനായി കാത്തിരുന്നു.

ഞങ്ങളുടെ ഒരുപാട് നാളത്തെ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷം ഞങ്ങൾ ഇരുവരുടെയും ഉള്ളിലുണ്ടായിരുന്നു.

യാത്രയിൽ പകർത്തിയ ചിത്രങ്ങൾ കാണുവാനായി ക്യാമറ പുറത്തെടുത്തപ്പോഴാണ് ചാർജ് മുഴുവൻ തീർന്ന് അത് ഓഫായത് അറിയുന്നത്.

ഫ്ലൈറ്റിൽ കയറി, പുറപ്പെടാനായുള്ള പ്രഖ്യാപനം വരുമ്പോഴേക്കും  ക്ഷീണം കാരണം ഞങ്ങൾ ഉറക്കിലേക്കു ആഴ്ന്നു പോയിരുന്നു.



No comments:

Post a Comment