Thursday, 28 May 2020

മറക്കാനിഷ്ടപ്പെടാത്ത ഓർമ്മകൾ (Fond Memories)







റക്കം വരാത്ത ചില രാത്രികളിൽ ഓർമകളിലൂടെ ഞാൻ എന്റെ ഉമ്മയുടെ തറവാട്ടിലൂടെയൊന്ന് സഞ്ചരിക്കും.

ഉമ്മറം..

ഇടനാഴികൾ..

കിടപ്പുമുറികൾ..

വരാന്തകൾ..

വെല്ലിപ്പയുടെ മുറി..

വെല്ലിമ്മ കിടന്നിരുന്ന മുറി..

എല്ലായിടങ്ങളിലും ഒന്ന് ചുറ്റിക്കറങ്ങി, ഓർമ്മകളെ പതിയെ ഒന്ന് തലോടിയുണർത്തും.


തറവാടിന്റെ ചുറ്റുമുള്ള വലിയ പറമ്പിൽ മതിവരുവോളം ഓടിക്കളിച്ചതും, മടല് വെട്ടി ക്രിക്കറ്റ് കളിച്ചതും..

പശുവിൻ തൊഴുത്തിനോടു ചേർന്നുള്ള ഇരുമ്പാമ്പുളി മരത്തിലൂടെ വലിഞ്ഞു ടെറസിന്റെ മുകളിലേക്ക് കയറിയതും..

മൂവാണ്ടൻ മാവിന്റെ കൊമ്പിൽ കയർ കെട്ടി ട്ടയറിട്ട് ഊഞ്ഞാലാടിയതും..

പറമ്പിലെ ഐനമരത്തിലെ ഐനപ്പഴങ്ങൾ കഴിച്ചു, ബാക്കി കുരുവെല്ലാം ചുട്ടു തിന്നതും..

വെല്ലിമ്മയുടെ കയ്യിൽ നിന്ന് കാശ് വാങ്ങി വേല കാണാൻ പോയതും..

പകൽ മുഴുവൻ അഴിഞ്ഞാടി, രാത്രി ഒരു നീളൻ പുൽപ്പായയിൽ ഒരുമിച്ചുള്ള കിടത്തവും..

വെളിച്ചം അണച്ചുകഴിഞ്ഞാൽ പറഞ്ഞു തുടങ്ങിയിരുന്ന പ്രേതക്കഥകളും..

കള്ളക്കഥകളാണെന്നറിഞ്ഞിട്ടും ഭയം മറയ്ക്കാൻ ഉറക്കം നടിച്ചു കിടന്നിരുന്നതെല്ലാം ഓർമ്മകളിൽ എവിടെയൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്.


ആ വലിയ വീട്ടിൽ ഞങ്ങൾക്ക് ആകെ ഭയമുണ്ടായിരുന്നത് ഒരാളോട് മാത്രമായിരുന്നു.

വെല്ലിപ്പയോട്..

ബഹുമാനം കൊണ്ടുള്ള ഭയമാണെന്ന് മാത്രം.

മക്കളോടെല്ലാം ഇത്തിരി കർക്കശക്കാരനായിരുന്നെങ്കിലും ഞങ്ങൾ പേരമക്കളോടു വല്ലാത്ത സ്നേഹമായിരുന്നു വെല്ലിപ്പാക്ക്..

എന്നിരുന്നാലും, വെല്ലിപ്പയുടെ സ്കൂട്ടറിന്റെ ശബ്ദം കേട്ടാൽ ഞങ്ങൾ കുട്ടികൾ, ഉത്സവപ്പറമ്പുകളിൽ ആന ഇടഞ്ഞപോലെ ചിതറിയോടുന്നത് പതിവുകാഴ്ചയായിരുന്നു.

ഇതൊന്നുമറിയാതെ പാവം വെല്ലിപ്പ അകത്തുകയറി ഉമ്മറത്തെ ചാരുകസേരയിൽ കാൽനീട്ടിയിരിപ്പുണ്ടാവും.

കുട്ടിക്കാലത്തെ ആ നല്ല നാളുകളെ ബാക്കിയാക്കി ആദ്യം വെല്ലിപ്പയും, വൈകാതെ വെല്ലിമ്മയും യാത്രയായപ്പോൾ ആ വലിയ വീട് എന്നെന്നേക്കുമായി അനാഥമായി. 

അവരില്ലാത്ത ആ വീട് വെറുമൊരു കെട്ടിടം മാത്രമായിരുന്നു എന്ന് ഞങ്ങൾ പേരമക്കളും, മക്കളും വേദനയോടെ തിരിച്ചറിഞ്ഞു.

വൈകാതെ, ചോർന്നൊലിച്ച് തുടങ്ങിയ ആ തറവാട് പൊളിച്ചു നീക്കി, സമീപം ചെറിയ മാമയുടെ വീട് പണി തുടങ്ങിവെച്ചു.

റോഡരികിൽ തലയെടുപ്പോടെ നിന്നിരുന്ന ഞങ്ങളുടെ തറവാട്, ശൂന്യമായ ഒരു പ്രദേശമായി മാറി.

അവിടം മുഴുവൻ വെയിലും, വെളിച്ചവും കയ്യടക്കി.

ഇന്നും അതുവഴിയുള്ള യാത്രകളിൽ തറവാട് നിന്നിരുന്നിടത്തേക്ക് ഒന്നെത്തിനോക്കാൻ പോലും ഞങ്ങൾക്ക്‌ കഴിയാത്തത്, 'ആ തറവാട് ഇനിയില്ല' എന്ന സത്യം, ബോധപൂർവ്വം അവഗണിക്കുവാൻ കൂടിയാണ്.

കാർന്നു തിന്നാത്ത ഓർമ്മകളെ ഇടയ്ക്കിടയ്ക്കൊന്നു തലോടിയുണർത്താറുണ്ട്. ഒരിക്കലത് നഷ്ടമായാൽ വീണ്ടെടുക്കാൻ പ്രയാസമാണെന്ന ബോധ്യമുള്ളതുകൊണ്ട്.

ഓർമ്മകൾ ഇത്ര മനോഹാരമായി അനുഭവപ്പെടുന്നതും, ഒരുപക്ഷേ അത് ഓർമ്മകളായ്‌ മാത്രം അവശേഷിച്ചതിനാലാവാം...



കോവിഡ് കാലത്തെ ചില തിരിച്ചറിവുകൾ...




ചൈനയിലെ ഏതോ ഒരു കോണിൽ ഒരു പകർച്ചാരോഗം പടർന്നു പിടിക്കുന്നു.

അതുമൂലം ഒരുപാട് ആളുകൾ അവിടെ മരിച്ചുവീഴുന്നു.

മറ്റു വാർത്തകളെപ്പോലെ അതും നമ്മൾ വായിച്ചു തള്ളുന്നു.

പതിയെ രോഗം അതിർത്തികൾ കടന്നു  മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.

ചൈനയെക്കാൾ കൂടുതൽ ആളുകൾ അവിടേയും മരിച്ചുവീഴുന്നു.

ലോകത്തിൻറെ എല്ലാ കോണിലുമുള്ള  സാധാരണക്കാരേയും ഇത് ബാധിക്കുന്നു.

പൂമ്പാറ്റകളെപ്പോലെ പറന്നു നടന്നവരും, തിരക്കുകളിൽ ഊളിയിട്ടിരുന്നവരും ഒരൊറ്റ മുറിയുടെ നാലു ചുവരുകളിൽ ഒതുങ്ങിക്കൂടുന്നു.

നിർത്താതെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ വഴിയരികിൽ വിശ്രമം കൊള്ളുന്നു.

തിങ്ങിനിറഞ്ഞിരുന്ന നഗരങ്ങൾ വിജനവും, നിശബ്ദവുമാവുന്നു.

മലിനമായ പരിസ്ഥിതിയും, മാലിന്യം നിറഞ്ഞ നദികളും ശുദ്ധീകരിക്കപ്പെടുന്നു.

ശുദ്ധവായുവും ശുദ്ധജലവും സുലഭമായപ്പോഴേക്കും മനുഷ്യൻ മാസ്കുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

രാജ്യാതിർത്തികൾക്ക് ഒരു രോഗത്തെയും പിടിച്ചു നിർത്താനോ, തടഞ്ഞുനിർത്താനോ സാധിക്കില്ലെന്ന് തിരിച്ചറിയുന്നു.

വാങ്ങിവെച്ച തോക്കുകളും ബോംബുകളും മിസൈലുകളുമൊന്നും ആരെയും രക്ഷിക്കില്ലെന്നു തിരിച്ചറിയുന്നു.

മനുഷ്യൻ വളരെ നിസ്സഹായനും, ദുർബലനുമാണെന്നും തിരിച്ചറിയുന്നു.

എന്നും ഒന്നിച്ചുണ്ടാകുമെന്നു പറഞ്ഞിരുന്ന ആത്മസുഹൃത്തുക്കൾ അകലം പാലിച്ചു അകറ്റിനിർത്തുന്നു.

മനുഷ്യന് അടിസ്ഥാനപരമായി വേണ്ടത്‌ ഭക്ഷണവും വൈഫൈയും ആണെന്ന് തിരിച്ചറിയുന്നു.

കറുത്തവനെന്നും, വെളുത്തവനെന്നും, ദരിദ്രനെനെന്നും, സമ്പന്നനെനും, മേൽജാതിക്കാരനെന്നും, കീഴ്ജാതിക്കാരാണെന്നും, ഹിന്ദുവെന്നും, മുസ്ലിമെന്നും, ക്രിസ്ത്യാനിയെന്നുമുള്ള വേർതിരിവുകൾ നമുക്ക് മാത്രമാണെന്നും രോഗത്തിനില്ലെന്നും തിരിച്ചറിയുന്നു.

ഈ ലോകത്ത്‌ ഇപ്പോൾ രണ്ട് തരം മനുഷ്യർ മാത്രമാണെന്നും,

ഒന്ന് പോസിറ്റീവും..,

മറ്റേത് നെഗറ്റീവുമാണെന്ന് തിരിച്ചറിയുന്നു.....!




Saturday, 16 May 2020

QUARANTINE അനുഭവങ്ങൾ (COVID-19 )















ഭാഗം - ഒന്ന്


2020 മാർച്ച് മാസം.

ചൈനയിൽ ഉദ്ഭവിച്ച കൊറോണ വൈറസ് ലോകത്തിലെ പല ദിക്കും കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സമയം.

വിസിറ്റ് വിസയിൽ വന്ന ഭാര്യയും മകനും എന്റെ കൂടെ അസീസിയയിലെ വീട്ടിൽ കഴിയുന്നു. ഓഫീസിലെ 10 മണിക്കൂർ ജോലി ശരിക്കും എന്നെ ക്ഷീണിതനാക്കിയിരുന്ന ദിവസങ്ങൾ. സമയം വളരെ വേഗം കടന്നു പോകുന്ന പോലെ അനുഭവപ്പെടുന്നു.

പെട്ടെന്നൊരു ദിവസം ഓഫീസിൽ എല്ലാവരെയും വിളിച്ചു ചേർത്ത് ഒരു യോഗം കൂടുകയുണ്ടായി.

"നമ്മുടെ ഇൻഡസ്ട്രിയൽ ഏരിയയിലെ എതിർവശത്തെ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ഒരു ലേബർ ക്യാമ്പിൽ ഒരുപാട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ക്യാമ്പ് പൂർണമായും പോലീസ് ഇടപെട്ട് അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ എല്ലാവരും മാസ്ക് ധരിച്ച് കൊണ്ട് മാത്രം ജോലി തുടരുകയും കയ്യും മുഖവും എപ്പോഴും കഴുകി വൃത്തി വരുത്തുകയും ചെയ്യണം. അതിനുള്ള ഹാൻഡ് വാഷ്, സാനിടൈസർ തുടങ്ങിയ സൗകര്യങ്ങൾ അതാത് സ്ഥലങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്".

ഞെട്ടലോടെയായിരുന്നു ഈ വാർത്ത ഞങ്ങൾ ശ്രവിച്ചത്. ഇന്നലെവരെ വാട്സ്ആപ്പിലും വാർത്താ ലിങ്കുകളിലെ തലവാചകങ്ങളിലും മാത്രം കണ്ടിരുന്ന ഈ ചൈനീസ് ഉത്പന്നം ഇന്ന് തൊട്ടടുത്ത ലേബർ ക്യാമ്പ് മൊത്തം പടർന്നുപിടിച്ചു എന്നറിയുമ്പോൾ നിമിഷനേരം കൊണ്ട് ഞെട്ടൽ, പേടിയായി മാറി.

നിർദ്ദേശാനുസരണം മാസ്കും ധരിച്ച് കയ്യും മുഖവും എപ്പോഴും കഴുകി വൃത്തിയാക്കി എല്ലാവരും തങ്ങളുടെ ജോലി തുടർന്നു.

പതിയെ സാഹചര്യം ശാന്തമായി.

ആദ്യം ചില ആളുകളും പതിയെ എല്ലാവരും മാസ്ക് ധരിക്കാതെയായി. മാർക്കറ്റിൽ മാസ്കിന്റെ ലഭ്യതക്കുറവും ഒരേ മാസ്ക്ക് 6 മണിക്കൂറിലധികം ഉപയോഗിക്കാൻ പാടില്ല എന്നതും ഉപയോഗം തുടരാൻ തടസ്സമായി.

പെട്ടെന്നൊരു വെള്ളിയാഴ്ചയാണ് ആ വാർത്ത എന്നെ തേടിയെത്തിയത്.

"സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നും മുൻപ് ബാധിച്ച ലേബർ ക്യാമ്പിലെ പരിസര പ്രദേശങ്ങളിലേക്കും ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു.

അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചുപൂട്ടാനും, താമസക്കാരെ അവിടെനിന്നും ഒഴിപ്പിക്കാനും, അതുവഴിയുള്ള സഞ്ചാരം നിരോധിക്കാനും പൊലീസ് ആഹ്വാനം ചെയ്തു.

ആ പ്രദേശം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലാക്കികൊണ്ടു അവർ അവിടെ ബാരിക്കേടും വെച്ചു കാവൽ നിന്നു".

ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും നിലച്ചതോടു കൂടി തൊട്ടടുത്ത ദിവസം മുതൽ എല്ലാവരോടും ദോഹയിലുള്ള ഹെഡ് ഓഫീസിലേക്ക് വരാൻ അറിയിപ്പ് കിട്ടി.

എൻറെ ജോലി, സൈറ്റിൽ ആയതുകൊണ്ട് ഞാൻ അങ്ങോട്ടേക്ക് പോയി. ജോലി കഴിഞ്ഞ് വീട് എത്തിയത് മുതൽ വല്ലാത്ത കഫക്കെട്ട് എന്നെ അലട്ടിയിരുന്നു.

ഒന്ന് ഉറങ്ങിയെണീറ്റപ്പോഴേക്കും ചുമയും തൊണ്ടവേദനയും കൂട്ടു വന്നു. ശാരീരികാസ്വസ്ഥതകളെ അവഗണിച്ചു ഞാൻ കുളിച്ചൊരുങ്ങി ഓഫീസിലേക്ക് കുതിച്ചു.

അവിടെവെച്ച് ഞാൻ ധാരാളമായി ചുമക്കുന്നത് കണ്ട ഓഫീസിലെ സുഹൃത്ത് ഒന്ന് ടെസ്റ്റ് ചെയ്യാൻ എന്നോട് നിർദേശിച്ചു. അതിൻറെ ആവശ്യമുണ്ടോ എന്ന് സ്വയം ചിന്തിച്ചു. ഒടുവിൽ, ഭാര്യയും മകനും കൂടി ഉള്ളതല്ലേ എന്നോർത്തു ചെയ്തേക്കാം എന്ന് തന്നെ തീരുമാനിച്ചു.

ഓഫീസിൽ വിവരമറിയിച്ചു ഞാൻ മൈതർ ഹെൽത്ത് സെന്ററിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ അവിടെ മുഴുവൻ വൈറസ് സ്ഥിരീകരിച്ച രോഗികളെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും, മറ്റൊരു ഹെൽത്ത് സെൻററിൽ പോകാനും അവർ എന്നോട് നിർദേശിച്ചു.

ഞാൻ അടുത്ത സ്ഥലത്തേക്ക് പോയി. മിസേമിയറിൽ സ്ഥിതിചെയ്യുന്ന വർക്കേഴ്സ് ഹെൽത്ത് സെൻറർ - അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല ഭയങ്കര ജനക്കൂട്ടമായിരുന്നു അവിടെ മുഴുവൻ. അവർ എൻറെ താപനില പരിശോധിച്ചു പനി ഉണ്ടെന്ന് അറിയിച്ചു, എത്രയും വേഗം ജനറൽ ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തു ഉറപ്പുവരുത്താൻ ഉപദേശിച്ചു. പനിയുടെ ക്ഷീണം എന്നെ ആകെ ബാധിച്ചിരുന്നെങ്കിലും ഈ സാഹചര്യത്തിൽ മറ്റാരെയും കൂടെ കൂട്ടുന്നത് ഉചിതമല്ലെന്നു മനസ്സിലാക്കി ഞാൻ സ്വയം കാറോടിച്ചു അങ്ങോട്ടേക്ക് പോയി.

അവിടെ എത്തിയതും സെക്യൂരിറ്റി എൻറെ വാഹനം തടഞ്ഞു നിർത്തി, അവിടെ രോഗികൾ നിറഞ്ഞിട്ടുണ്ടെന്നും, 5 കിലോമീറ്റർ അപ്പുറമുള്ള ഏഷ്യൻ ടൗൺ - ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു എന്നെ അങ്ങോട്ടയച്ചു. അവിടെ എത്തിയതും ഇത് ആശുപത്രി അല്ലെന്നും ഇവിടെ പരിശോധനയും, പരിചരണവും ഇല്ലെന്നും പറഞ്ഞു കൊണ്ട് തിരികെ ഹോസ്പിറ്റലിൽ തന്നെ പോകാൻ അവിടെയുണ്ടായിരുന്ന ഒരാൾ നിർബന്ധിച്ചു. ഞാൻ ഒരു രോഗിയാണെന്നും എനിക്ക് അടിയന്തിരമായി ചികിത്സ വേണമെന്നും പറഞ്ഞു കൊണ്ട് ഞാൻ പോകാൻ മടിച്ചപ്പോൾ അവരെന്നെ നിർബന്ധപൂർവ്വം അവിടെ നിന്നും ഇറക്കി വിട്ടു.

പിന്നെ മറ്റൊന്നും ആലോചിക്കാതെ ഞാൻ ഹോസ്പിറ്റലിലേക്ക് തന്നെ മടങ്ങി. എന്നെ നേരത്തെ മടക്കിയ സെക്യൂരിറ്റി കാണാതെ മറുവശത്തുകൂടി ഞാൻ വണ്ടി ഒതുക്കി അകത്തുകയറി.

അടിയന്തിര വിഭാഗത്തിൽ ഉണ്ടായിരുന്ന മലയാളി മെയിൽ നഴ്സ് എന്നോട് കാര്യം തിരക്കി, രോഗവിവരങ്ങൾ പറഞ്ഞപ്പോൾ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവർ എൻറെ പേരും ഖത്തർ ഐഡിയും വാങ്ങി രജിസ്ട്രേഷൻ ചെയ്യുകയും തുടർന്ന് എന്നോട് അവിടെ ഇരിക്കുവാനും നിർദ്ദേശിച്ചു. കയ്യും മുഖവും മാറിമാറി വൃത്തിയാക്കി ഞാൻ എൻറെ ഊഴത്തിനായി കാത്തു നിന്നു. അധികം വൈകിയില്ല, എൻറെ പേര് വിളിച്ചു - ഞാൻ അകത്തു കയറി, അവർ എൻറെ താപനില പരിശോധിച്ചിട്ടു പനി ഉണ്ടെന്നു അറിയിച്ചു.   ഡോക്ടറെ കാണാൻ ധാരാളം സമയം എടുക്കുമെന്നും അതുവരെ ഈ വരാന്തയിൽ കാത്തിരിക്കാനും പറഞ്ഞു.

ഞാൻ എൻറെ ചുറ്റും നോക്കി - മാസ്ക് ധരിച്ച ധാരാളം മനുഷ്യർ, പകുതിയിലധികം പേരും ക്ഷീണിതരും ചുമച്ചു കൊണ്ടിരിക്കുന്ന വരുമായിരുന്നു - കാഴ്ചയിൽ തന്നെ രോഗികളെന്നു സംശയിക്കുന്നവർ. അവിടെ അധികനേരം ഇരിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അവരിൽ നിന്ന് രോഗം എനിക്ക് പകരുമോ എന്ന് ഞാൻ ഭയപ്പെട്ടു. കയ്യിലെ തൂവാല കൊണ്ടു ഞാൻ മാസ്കിന് മുകളിൽ മുഖം മറച്ചു.

അല്പ്പസമയത്തെ കാത്തിരിപ്പുകൾക്ക് ശേഷം ഞാൻ റിസപ്ഷനിൽ പോയി ചോദിച്ചു - എൻറെ പേര് വിളിക്കാൻ എത്ര സമയം എടുക്കുമെന്നു. ആറു മണിക്കൂറെങ്കിലും കുറഞ്ഞത് വേണമെന്ന് അവർ മറുപടിയും തന്നു. രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, ഉള്ള ജീവനും കൊണ്ട് കാർ എടുത്തു ഞാൻ വീട്ടിലേക്ക് പോയി.

ഭക്ഷണം കഴിച്ചു, ഒന്ന് മയങ്ങി എണീറ്റു രാത്രി 7 മണിക്ക് തിരിച്ചുവന്നു.

രണ്ടുമണിക്കൂർ ഇനിയും വേണമെന്നായി അവർ.

ഞാൻ വീണ്ടും വീട്ടിലേക്ക് പോയി, 9 മണിക്ക് മടങ്ങിവന്നു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ എൻറെ പേര് വിളിച്ചു. ഞാൻ ഡോക്ടറെ കണ്ടു അവസ്ഥ വിവരിച്ചു.

പരിശോധനശേഷം ഡോക്ടർ ഇപ്രകാരം മൊഴിഞ്ഞു "നിങ്ങൾ ജോലി ചെയ്യുന്നത് ഇൻഡസ്ട്രിയൽ ഏരിയയിൽ ആയതിനാൽ ടെസ്റ്റ് നമുക്ക് ഇപ്പോൾ തന്നെ ചെയ്യാം പക്ഷേ റിസൾട്ട് നാളെയേ വരൂ. അതുവരെ ഇവിടെ തങ്ങണം".

അതു കേട്ടതും ഞാൻ ഞെട്ടി.

വീട്ടിൽ ഭാര്യയും മകനും തനിച്ചാണെന്നും പോകാൻ അനുവദിക്കണമെന്നും
ഒരുപാട് അപേക്ഷിച്ചിട്ടും അവർ സമ്മതിച്ചില്ല.

കാരണമായി അവർ പറഞ്ഞത് - "ഒരുപാട് രോഗികൾ ടെസ്റ്റ് ചെയ്തു റിസൾട്ട് വരുന്നതിനു മുൻപ് ക്യാമ്പിൽ പോയി ധാരാളം പേർക്ക് അസുഖം പകർന്നുകൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ആരെയും പുറത്ത് പോകാൻ അനുവദിക്കരുത് എന്നാണ് ഞങ്ങൾക്ക് കിട്ടിയിട്ടുള്ള നിർദേശം".

എന്തായാലും ഒരു രാത്രിയുടെ കാര്യമല്ലേ റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ സമാധാനമായി നാളെ തന്നെ തിരിച്ചു പോകാമല്ലോ എന്നാലോചിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് വിളിച്ചു കാര്യം അറിയിച്ചു.

ടെസ്റ്റ് കഴിഞ്ഞപ്പോൾ കിടക്കാനുള്ള സൗകര്യം എവിടെയാണ് എന്ന അന്വേഷണത്തിലായി ഞാൻ.

ഉച്ചക്ക് ഡോക്ടറെ കാണാൻ കാത്തിരുന്ന രോഗികൾ ഇരുന്നിരുന്ന വരാന്തയിലെ കസേരയിൽ തന്നെയാണ് ഈ രാത്രി കഴിച്ചു കൂട്ടേണ്ടതെന്നു പിന്നീടാണ് ഞാനറിഞ്ഞത്.

സബാഷ്..!

"വീട്ടിലേക്ക് വിടുന്നുമില്ല,
ഇവിടെ കിടക്കാനുള്ള സൗകര്യവുമില്ല."

വരാന്തയിൽ കയറി കസേരകൾ കൂട്ടിയിട്ട് അതിൻറെ നടുവിൽ ഉറങ്ങാനുള്ള എൻറെ തുടർശ്രമങ്ങൾ പരിപൂർണ്ണ പരാജയങ്ങളായി മാറി.

ധാരാളം രോഗികൾ ചുമച്ചും അല്ലാതെയും കഴിയുന്ന ആ വരാന്തയിൽ മാസ്ക് ധരിച്ചു കിടക്കുമ്പോൾ മുഖം ചൊറിയാൻ തോന്നുകയും, ശ്വസിക്കാൻ അസൗകര്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. കസേരകൾക്കിടയിലൂടെ കൈകാലുകൾ ഒതുക്കിനിർത്തി ഉറങ്ങാനുള്ള എന്റെ വിഫലശ്രമങ്ങൾ, പണ്ട് ബാംഗ്ലൂരിൽ പഠിച്ചിരുന്നപ്പോഴുണ്ടായ ലോക്കൽ ട്രെയിനിലെ ലോ ക്ലാസ് യാത്രകളെ സ്മരിക്കാനിടയാക്കി.

ക്ഷീണം ബാധിച്ച് ഉറക്കിലേക്ക് വീഴുമ്പോൾ തലക്കു മുകളിൽ സൂര്യനോളം വെട്ടത്തിൽ  കത്തിജ്വലിക്കുന്ന ആശുപത്രി ബൾബുകൾ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്.

അതിലെ പകുതി ബൾബെങ്കിലും ഓഫ് ചെയ്യാൻ അഭ്യർത്ഥിച്ചപ്പോൾ സാധ്യമല്ലെന്ന് മറുപടിയും കിട്ടി.

നല്ല ബെസ്റ്റ് അവസ്ഥ..!

ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ടെസ്റ്റ് ചെയ്യാൻ വന്ന എന്നെ രോഗികളുടെ കൂടെ കിടത്തി രോഗിയാക്കുമോ എന്ന ഭയം എനിക്ക് കൂടി വന്നു.

എന്തായാലും ഇന്ന് ഒരു രാത്രി എങ്ങനെയെങ്കിലും വെളുപ്പിക്കാം എന്ന് മാത്രം ചിന്തിച്ചു ഞാൻ കിടന്നു.

"ഈ കസേര ഒന്നു നീക്കി ഇടാമോ" എന്ന ഒരു മലയാളിയുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് അൻവറിനെ ഞാൻ കാണുന്നതും, പരിചയപ്പെടുന്നതും.
പ്രായം 27,
മലപ്പുറം സ്വദേശി.

"ഇവിടെ ഹൗസ് ഡ്രൈവർ ആയി വന്നിട്ട് കഷ്ട്ടിച്ചു ഒരു ആഴ്ചയെ ആയിട്ടുള്ളൂ. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ല. കൂടെ ജോലി ചെയ്യുന്ന ആളെ കാണിക്കാൻ വന്നതാണ്.  കഴിഞ്ഞയാഴ്ചയാണ് നാട്ടിൽ നിന്ന് വന്നത് എന്ന് പറഞ്ഞപ്പോൾ അവർ ഇവിടെ പിടിച്ചിട്ടു.

ഇവിടെ വന്നു ടെസ്റ്റ് ചെയ്തിട്ട് മൂന്നു ദിവസമായി. റിസൾട്ട് കിട്ടാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ഇതിനിടയ്ക്ക് കുളിച്ചിട്ടില്ല...

പല്ലു തേച്ചിട്ടില്ല...

മാറാൻ വസ്ത്രങ്ങൾ ഇല്ല...

അടിവസ്ത്രം പോലും...

തലയിൽ ആണെങ്കിൽ വല്ലാത്ത താരന്റെ ശല്യം...

മുടിയാണെങ്കിൽ ജഡ പിടിച്ചു...

ഇവിടെ അഡ്മിറ്റ് ആണെന്നറിഞ്ഞപ്പോൾ കഫീൽ തിരിഞ്ഞു പോലും നോക്കിയിട്ടില്ല.

മാറാനുള്ള വസ്ത്രങ്ങൾ പോലും കൊണ്ടുവന്നിട്ടില്ല".

(ഒറ്റശ്വാസത്തിൽ അൻവർ പറഞ്ഞു നിർത്തി)

ഇതുകേട്ടതും നാളെ വീട്ടിൽ പോകാം എന്ന എൻറെ പ്രതീക്ഷകൾക്ക് ഇടിവെട്ടേറ്റു.

എൻറെ തല കറങ്ങുന്ന പോലെ തോന്നി.

എന്നെ ആരാണ് ഇവിടെ കൊണ്ട് വിട്ടത് എന്ന അൻവറിന്റെ ചോദ്യത്തിന്, ഞാൻ തനിയെ വന്നതാണെന്ന് മറുപടി കൊടുത്തപ്പോൾ അയാൾ ഒരു ഭ്രാന്തനെപ്പോലെ ചിരിക്കാൻ തുടങ്ങി.

അൽപ്പസമയം കഴിഞ്ഞ് അൻവർ തുടർന്നു.

"നിങ്ങൾ ചെയ്തത് വല്ലാത്ത അബദ്ധമാണ്, നിങ്ങൾ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു. ചെയ്ത ടെസ്റ്റിന്റെ റിസൾട്ട് കാത്തിരിക്കുന്ന ധാരാളം പേരുണ്ട് ഇവിടെ.

അഞ്ചുദിവസമായി പ്രാഥമിക കാര്യങ്ങൾക്കുപോലും പോകാൻ കഴിയാതെ നരകിച്ചു കഴിയുന്നവരാണ് ഭൂരിഭാഗവും.

ഭക്ഷണം ആണെങ്കിൽ മൂന്നു നേരവും ഒരേ ഭക്ഷണം.


ഒരു ബൺ..
ഒരു ബട്ടർ..
ഒരു ആപ്പിൾ..
ഒരു കുപ്പി വെള്ളം...
അങ്ങിനെയങ്ങിനെ...

ഒരു എരിവോ പുളിയോ നാവിൽ തട്ടാൻ കൊതിയായിട്ട് വയ്യ.

നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത് ഇവിടെനിന്നും പുറത്തുചാടുന്നതിനെ പറ്റിയായിരിക്കും. അതും നടക്കാൻ പോകുന്നില്ല.

ഇന്നലെ രണ്ടുപേർ ചാടി പോകാൻ ശ്രമിച്ചിട്ട് സെക്യൂരിറ്റി അവരെ ഇവിടെത്തന്നെ കൊണ്ടുവന്ന് ആക്കിയിട്ടുണ്ട്.

ഇനി സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് നിങ്ങൾ ഒരുവിധം ഇവിടെ നിന്ന് രക്ഷപ്പെട്ടു പോയാലും പുറത്തു കിടക്കുന്ന പൊലീസ് ജീപ്പുകൾ നിങ്ങളെ തേടി വരും. രജിസ്ട്രേഷന് കൊടുത്ത ഐഡി നിങ്ങളുടെ തന്നെയല്ലേ..?

നിങ്ങൾ വിശ്വസിച്ചാലും ശെരി, ഇല്ലെങ്കിലും ശെരി - ഞാനും നിങ്ങളുമൊക്കെ ഇപ്പോൾ ഈ രാജ്യ സുരക്ഷയുടെ ഭീഷണിയാണ്.

റിസൾട്ട് വന്നു നെഗറ്റീവ് ആണെന്ന് തെളിയുംവരെ ഇതല്ലാതെ മറ്റൊരു വഴി നമുക്ക് മുന്നിലില്ല".

അൻവറിന്റെ സംസാരത്തിനിടയ്ക്കു പെട്ടന്ന് രണ്ട് മലയാളികൾ കൂടി ഞങ്ങൾക്കിടയിലേക്ക് കയറി വന്നു.

ആദ്യത്തെയാൾ സ്വയം പരിചയപ്പെടുത്തി - പേര് മിഥുൻ,നാട് പാലക്കാട്.

ഇവിടെ ഒരു വലിയ കമ്പനിയിൽ എച്ച് എസ് ഇ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. സൈറ്റിൽ ജോലിചെയ്യുന്ന ഒരു ജോലിക്കാരന് വൈറസ് സ്ഥിരീകരിച്ച വാർത്തയറിഞ്ഞപ്പോൾ വെറുതെ ഒന്ന് ടെസ്റ്റ് ചെയ്തേക്കാം എന്നുകരുതി വന്നു പെട്ടതാണ് ആ പാവം.

രണ്ടാമത്തെയാൾ നാസർക്ക - ചെറുപ്പുളശ്ശേരി സ്വദേശി, പ്രായം 43.

അദ്ദേഹത്തിന് പറയാനുള്ളതും സമാനമായ കഥ തന്നെയാണ് രണ്ടാഴ്ച മുൻപ് നാട്ടിൽ നിന്ന് വന്നു എന്ന "മഹാപാപം".

ശാരീരികമായ അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെയില്ല. 10 മിനിറ്റ് കൂടുമ്പോൾ സാനിടൈസർ ഉപയോഗിച്ച് കൈയും, കഴുത്തും, മുഖവും എല്ലാം വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു, റിസൾട്ട് നെഗറ്റീവ് ആയാൽ ഉടനെ വീട്ടിൽ പോകാം എന്ന പ്രതീക്ഷയിൽ,

പോയിട്ട് ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുള്ള ആളാണ്. ഭയങ്കര തിരക്കുള്ള കക്ഷിയാണ്.

ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ടു പേരും ഞങ്ങളെപ്പോലെ റിസൾട്ട് കാത്തിരുന്നു നരകിക്കുന്നതും ഇവിടെ കണ്ടു.

അതും കൂടി കണ്ടപ്പോൾ പൂർത്തിയായി.

"ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഞങ്ങൾക്കും, ഞങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് പുറത്തുള്ളവർക്കും അറിയില്ല."

എല്ലാവരും ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതിയിരുന്നു.

കസേര കൂട്ടിയിട്ട് കിടന്നിട്ട് എനിക്ക് തീരെ ഉറക്കം വന്നിരുന്നില്ല. പനി പൂർണ്ണമായും വിട്ടുമാറാത്തതുകൊണ്ടാവാം കൈകാലുകൾക്ക് വേദന അനുഭവപ്പെടുന്നു.

വാച്ചിൽ സമയം നോക്കി കുറേ നേരം കിടന്നു.

സമയം മൂന്നു മണി കഴിഞ്ഞു. (പുലർച്ചെ)

കുറേ പേർ കസേരയിലും കുറച്ചുപേർ നിലത്തും കിടന്നുറങ്ങുന്നു, കത്തിജ്വലിക്കുന്ന ബൾബുകളെ വകവെക്കാതെ.

അടുത്ത ദിവസത്തെ ഡിസ്ചാർജ് ഷീറ്റിൽ വിളിക്കാൻ പോകുന്ന തൻറെ പേരുകളെ സ്വപ്നങ്ങളിൽ എഴുതിച്ചേർത്ത് ഉറക്കത്തിലേക്ക് ഉൾവലിഞ്ഞവർ.

ഞാൻ കിടക്കാൻ എന്തുചെയ്യണമെന്നറിയാതെ വാഷ് റൂമിൽ പോയി മുഖവും കൈയും കഴുകി വന്നു ഒന്ന് - രണ്ട് റൗണ്ട് നടന്നപ്പോൾ നേരത്തെ പരിചയപ്പെട്ട ഒരു ശ്രീലങ്കൻ പയ്യൻ ഫൈസൽ ഒരു വലിയ ബ്ലാങ്കറ്റ് നിലത്തു വിരിച്ചു ഒരു വശത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഒന്ന് നടു നിവർത്താൻ വല്ലാത്ത ആഗ്രഹം തോന്നി. സമയം മൂന്നര കഴിഞ്ഞിരുന്നു.

ദുരഭിമാനം മാറ്റിവച്ച് അവനോടു മറുവശത്തു കിടക്കാൻ അനുവാദം ചോദിച്ചു. അവൻ
സന്തോഷപൂർവ്വം സമ്മതിച്ചു.

ഞാൻ ധൃതിയിൽ ഷൂ അഴിച്ചു വെച്ച് കിടക്കാൻ തയ്യാറെടുത്തു - ബൾബുകളോട് പിണങ്ങി കമിഴ്ന്നു കിടന്നുറങ്ങി.


രാവിലെ എണീറ്റ് നോക്കുമ്പോൾ അറ്റൻഡൻസ് എടുക്കുന്ന നഴ്സുമാർ.

വേഗം പോയി ഹാജർ പറഞ്ഞു കഴിക്കാനുള്ള ഫുഡ്കിറ്റ് കൈപ്പറ്റി.

പതിവുപോലെ ഒരു ബൺ, ഒരു ബട്ടർ, ഒരു ആപ്പിൾ, ഒരു കുപ്പി വെള്ളം, അങ്ങിനെയങ്ങിനെയങ്ങിനെ..

വേണ്ടത് കഴിച്ചു വിശപ്പടക്കി ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാവർക്കും ഒരേ ഭാവം.
യാതൊരു വികാരവുമില്ലാത്ത ഭാവം.

കഴിപ്പു കഴിഞ്ഞു കസേരയിൽ കയറി ജ്വലിക്കുന്ന ബൾബുകളെ നോക്കി മലർന്നു കിടന്നപ്പോൾ ഞാൻ അൻവറിനോട് ചോദിച്ചു ഉച്ചയ്ക്ക് കഴിക്കാൻ നമുക്ക് പുറത്തുനിന്ന് ഊണ് എത്തിച്ചാലോ.?

അൻവറിന്റെ മുഖം സന്തോഷം കൊണ്ട് വെട്ടി തിളങ്ങുന്നത് ഞാൻ കണ്ടു.

പെട്ടന്ന് പുറകിൽ നിന്ന് ഒരു ശബ്ദം കേട്ടു.

"ഞങ്ങൾക്കും"

ആളുകൾ കൂടും എന്നു തോന്നിയപ്പോൾ കൂടെയുണ്ടായിരുന്ന മലയാളികളെയും കിടക്ക പങ്കിട്ട ശ്രീലങ്കൻ തമിഴനെയും കൂട്ടി ഞങ്ങൾ രഹസ്യമായി ലിസ്റ്റ് ഇട്ടു.

5 ചിക്കൻ ബിരിയാണി.
5 മട്ടൻ ബിരിയാണി.
2 ഊണ്.

ഞാൻ അളിയനെ ഫോണിൽ വിളിച്ചു ഓർഡർ കൈമാറി.

ഉച്ചയ്ക്ക് 12 മണി ആകുമ്പോഴേക്കും ഭക്ഷണം എത്തിക്കാം എന്ന അളിയന്റെ ഉറപ്പിന്മേൽ കാത്തിരിപ്പ് ആരംഭിച്ചു.

മണി 10 കഴിഞ്ഞിട്ടേയുള്ളൂ. എല്ലാവരും അക്ഷമരായുള്ള കാത്തിരിപ്പിലാണ്. അതുവരെ ഇല്ലാതിരുന്ന ഒരു ഉന്മേഷം പെട്ടന്ന് എല്ലാവർക്കും കൈവന്നപോലെ.

അപ്പോഴാണ് നേഴ്സ് വന്നു ഒരു ലിസ്റ്റ് നോക്കി കുറച്ചു പേരുകൾ വിളിക്കാൻ തുടങ്ങിയത്. അതുവരെ ശബ്ദമുഖരിതമായിരുന്ന ആ വരാന്ത വളരെ പെട്ടന്ന് നിശബ്ദമായി.

എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ നിന്ന് എണീറ്റു നിന്നുകൊണ്ട് വിളിക്കുന്ന പേരുകൾക്ക് ചെവിയോർത്തു.

ടെസ്റ്റ് റിസൾട്ട് വന്നു കാണുമോ ?

ഡിസ്ചാർജ് ചെയ്യുന്നവരുടെ പേരുകൾ ആകുമോ..?

അതോ അഡ്മിറ്റ് ആകേണ്ടവരുടെ പേരുകൾ ആകുമോ..?

അനിശ്ചിതത്വം തിങ്ങിനിറഞ്ഞ നിമിഷങ്ങൾ..!

വിളിക്കപ്പെടുന്ന പേരുകാർ വരാന്തയുടെ പുറകിൽ കാത്തുനിൽക്കുന്ന ബസ്സിൽ കയറി ഇരിക്കാൻ ആയിരുന്നു നിർദ്ദേശം.

ലിസ്റ്റ് നീണ്ടുപോകുന്നു. എല്ലാവരുടെയും ഹൃദയമിടിപ്പുകൾ കൂടിക്കൂടി വരുന്നു.

പതിയെ, ബിരിയാണി ഓർഡർ ചെയ്തവരുടെ പേരുകളും മുഴങ്ങി.

വരാന്ത ഏകദേശം ശൂന്യമായി തുടങ്ങിയപ്പോൾ ഒടുവിലതാ എൻറെ പേരും.

"അബ്ദുൽ നിയാസ്"

വരുന്നിടത്ത് വച്ച് കാണാം എന്ന് മനസ്സിൽ മന്ത്രിച്ചു ഞാനും നടന്നു.

പോകുംവഴി നേഴ്സിനോട് ചോദിച്ചു, "ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന്.?"

അവർ പറഞ്ഞു "കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥലത്തേക്ക് - നിങ്ങൾക്ക് കഴിക്കാൻ നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലം."

അത്ര മാത്രം.
മറ്റു വിവരങ്ങൾ ഒന്നുമില്ല.

വരാന്ത ശൂന്യം.


പുറകിൽ കാത്തുനിന്നിരുന്ന 2 ബസ്സുകളിലായി 70-ൽ പരം ആളുകളെ നിറച്ചുകൊണ്ട് പുറപ്പെടാൻ വേണ്ടി ആരുടെയോ ആജ്ഞക്കുവേണ്ടി കാത്തു നിൽക്കുന്ന ആഫ്രിക്കൻ ഡ്രൈവർ.

രണ്ട് ബസ്സുകൾക്ക് മുൻപിലും പുറകിലും ലക്-വിയയുടെ പൊലീസ് ജീപ്പുകൾ (ചുവന്ന നിറത്തിലുള്ള) അണിനിരന്നു.

ബസ് പുറപ്പെട്ടു.

ഞാൻ അളിയനെ ഫോണിൽ വിളിച്ചു ഭക്ഷണം വേണ്ടെന്നും, ഞങ്ങളെ മറ്റൊരിടത്തേക്ക് മാറ്റുകയാണെന്നും വിവരം കൈമാറി.

വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്ന് അളിയൻ ഓർമ്മപ്പെടുത്തി.

എന്റെ  ഫോൺ വിശന്നു കരയാൻ തുടങ്ങി.
(ചാർജ് ഏകദേശം തീരാറായി)

ഞാൻ എല്ലാവരെയും മാറിമാറി നിരീക്ഷിച്ചു.

സംഭവിക്കാൻ പോകുന്നതിനെപ്പറ്റിയുള്ള നിശ്ചയമില്ലായ്മയും, നിസ്സഹായാവസ്ഥയും എല്ലാ കണ്ണുകളിലും  പ്രകടമായിരുന്നു.

ബസ്സ് വേഗതയിൽ നീങ്ങിക്കൊണ്ടിരുന്നു.

റോഡിന് ഇരുവശത്തും വലിയ കെട്ടിടങ്ങളായിരുന്നു ആദ്യം, പതിയെ മരുഭൂമിയിലെ ചെറിയ ടെന്റുകൾ മാത്രമായി.

അങ്ങിനെ മുക്കാൽ മണിക്കൂറിനുശേഷം ഞങ്ങളുടെ ബസ്സുകൾ ഒരു വലിയ ക്യാമ്പിനു പുറത്തു എത്തിച്ചേർന്നു.

ഞാനുൾപ്പെടെ ബസ്സിൽ ഉണ്ടായിരുന്നവരെല്ലാം ആകാംക്ഷ അടക്കാനാവാതെ ചുറ്റുപാടും നോക്കാൻ തുടങ്ങി.

കണ്ണെത്താദൂരത്തോളം ഇരുനില കെട്ടിടങ്ങൾ പണികഴിപ്പിച്ച ലേബർ ക്യാമ്പിന് സമാനമായ ഒരു പ്രദേശം.

കാഴ്ചയിൽ പുതിയതല്ല എന്നാൽ പഴയതുമല്ലാത്ത കെട്ടിടങ്ങൾ..

ചുറ്റുപാടും വലിയ വേലികൾ കെട്ടിയിറക്കിയിട്ടുണ്ട്..

വേലികൾക്കു വെളിയിൽ ധാരാളം പോലീസ് ജീപ്പുകളുടെ കാവലും..

അല്പസമയത്തിനു ശേഷം ക്യാമ്പിന്റെ പ്രധാന കവാടം തുറന്നു. ബസ്സുകൾ അകത്തേക്കു കയറ്റാൻ തുടങ്ങി.

സമയം - 11.45

ബസ്സുകൾ ക്യാമ്പിനകത്തേക്കു പ്രവേശിച്ചതും കവാടം അടയാൻ തുടങ്ങി.

പെട്ടെന്ന് ഭാര്യയുടെ കോൾ വന്നപ്പോൾ സംസാരിക്കാനായി എടുക്കുമ്പോഴേക്കും ചാർജ്ജ് തീരാനായിരുന്ന ഫോൺ ഓഫ് ആവുകയായിരുന്നു, പുറകിലെ കവാടം അപ്പോഴേക്കും അടഞ്ഞിരുന്നു.

-------------------------------------------------------------------------------------------------------------------



ഭാഗം രണ്ട്


ബസ്സിൽ ഉണ്ടായിരുന്നവരെല്ലാം ചുറ്റും നോക്കി ഇതെവിടെയാണെന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. മാസ്ക് ധരിച്ച ധാരാളം അന്തേവാസികൾ ആ കോമ്പൗണ്ടിൽ നടപ്പുണ്ടായിരുന്നു, അവർ ഞങ്ങളെ വിചിത്രമായ ഒരു ഭാവത്തോടെ നോക്കി.

ശരീരം പൂർണമായും മൂടിക്കെട്ടിക്കൊണ്ട് മുഖത്ത് മാസ്കിനു മുകളിൽ ഒരു ഹെൽമറ്റും ധരിച്ച് അവിടെയുള്ള നഴ്സുമാരും ഡോക്ടർമാരും ഓരോ കെട്ടിടങ്ങളിലും കയറി രോഗികളെ പരിചരിക്കുന്നത് ഞങ്ങൾക്ക് ബസ്സിൽ ഇരുന്ന് കാണാമായിരുന്നു.

ഇവിടെ എത്തിച്ചേർന്ന് നേരം ഒത്തിരി ആയിരുന്നെങ്കിലും ബസ്സിൽ നിന്നും പുറത്തിറങ്ങാനുള്ള വാതിൽ തുറക്കാതിരുന്നത് കൊണ്ട് ആഫ്രിക്കൻ വംശജനായ ഡ്രൈവറോട് ഞങ്ങൾ കാര്യമാരാഞ്ഞു. ബസ്സിന് തൊട്ടടുത്ത നിർത്തിയിട്ടിരുന്ന രണ്ട് പൊലീസ് ജീപ്പുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "അവരുടെ അറിയിപ്പിന് വേണ്ടി കാത്തിരിക്കുകയാണ്".

ഞങ്ങൾ കാത്തിരിപ്പ് തുടർന്നു. വിശപ്പ് ഞങ്ങളെ അസ്വസ്ഥരാക്കി, ക്ഷീണം ഞങ്ങളെ തളർത്തി. പലരും അസ്വസ്ഥമായി കൊണ്ട് സീറ്റിൽ നിന്നെണീറ്റ് അവിടെ തന്നെ ഇരുന്നു.

പെട്ടെന്ന് ഒരു ട്രക്ക് ലോറി അതുവഴി വന്നു ഞങ്ങൾക്കു കുറുകെ നിർത്തിയിട്ടു. ഇവിടുത്തെ അന്തേവാസികൾക്കുള്ള ഭക്ഷണവും വെള്ളവുമായിരുന്നു അതിൽ നിറയെ.

ആ ട്രക്ക് ലോറിയിൽ നിന്നും ഓരോ വില്ലയിലേക്കുമുള്ള ഭക്ഷണപ്പൊതികൾ വേർതിരിച്ചു കൊണ്ട് അതാത് കവാടങ്ങളിൽ അണിനിരത്തി. അന്തേവാസികൾ വരിവരിയായി പുറത്തുവന്നു ഭക്ഷണപ്പൊതികൾ എടുത്തു അകത്തേക്ക് പോവുകയും കുറച്ചു സമയത്തിനു ശേഷം ബാക്കി വന്ന ഭക്ഷണവും അവശിഷ്ടങ്ങളും അതേ പൊതികളിൽ നിറച്ചു പുറത്തുള്ള വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കുന്നതും ഞങ്ങൾക്ക് കാണാമായിരുന്നു.

സമയം ഒരു മണി.

ഞങ്ങൾക്കുള്ള ഭക്ഷണപ്പൊതികൾ ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴായിരുന്നു എല്ലാ വില്ലകളുടെയും കവാടങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുക്കൊണ്ട് ആ ലോറി മടങ്ങിപ്പോവുന്നത് കണ്ടത്.

ഓഫ് ആയ ഫോണിനെ നോക്കി ഞാൻ കൊഞ്ഞനം കാട്ടി.

വിശപ്പ് അസഹ്യമാവുന്നു, ക്ഷീണം കൊണ്ട് തല കറങ്ങുന്നു. മുൻപിലെ സീറ്റിൽ കൈ വെച്ച് തല ചായ്ച്ചു ഞാൻ കിടന്നു, ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിലെന്നാഗ്രഹിച്ചുകൊണ്ട്.

ഒരുവിധം എല്ലാ ഏഷ്യൻ രാജ്യക്കാരും ഉൾപ്പെട്ടിരുന്ന ഈ ബസുകളിൽ, എല്ലാവരും പക്ഷേ നിശ്ശബ്ദരും, ക്ഷീണിതരുമായിരുന്നു.

സമയം രണ്ടു കഴിഞ്ഞു.

ഞങ്ങൾ വീണ്ടും ഡ്രൈവറെ കണ്ടു കാര്യങ്ങളുടെ ഗൗരവം ഉണർത്തി. ഭൂരിഭാഗവും രോഗികൾ ആണെന്നും, ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും അടിയന്തരമായി നൽകണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ ഞങ്ങളോട് ക്ഷമ കൈക്കൊള്ളാനും കാത്തിരിക്കാനും പറഞ്ഞുകൊണ്ട് അദ്ദേഹം ബസ്സിൽ നിന്നിറങ്ങി തൊട്ടടുത്ത് ജീപ്പിലുള്ള പോലീസുകാരനോട് ഞങ്ങൾക്ക് വേണ്ടി സംസാരിച്ചു. അവർ വീണ്ടും കാത്തിരിക്കാൻ തന്നെ നിർദേശിച്ചു.

സമയം മൂന്ന് മണി.

ഞങ്ങളുടെ ക്ഷമ നശിക്കാൻ തുടങ്ങി. രോഷാകുലരായി കൊണ്ട് ഞങ്ങൾ ബസ്സിന്റെ ഗ്ലാസിൽ തട്ടി പോലീസിൻറെ ശ്രദ്ധ ക്ഷണിച്ചു. അവർ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കാത്തിരിക്കാൻ തന്നെ ആംഗ്യഭാഷയിലൂടെ കാണിച്ചു. തുടർന്ന് അവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അതിൽ ആരെയൊക്കെയോ വിളിച്ചു സംസാരിക്കുന്നതും ഞങ്ങൾക്ക് കാണാമായിരുന്നു.

ഞങ്ങൾ ഞങ്ങളുടെ സീറ്റുകളിൽ തളർന്നുകൊണ്ട് ഇരുന്നു.

സമയം നാലു മണിയായി.

ഞങ്ങളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുക്കൊണ്ട് ഭക്ഷണം നിറച്ച മറ്റൊരു വാഹനം ഞങ്ങൾക്കു സമീപം വന്നു നിന്നു, ഡോർ തുറന്നു കൊണ്ട് ഞങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും വച്ചു നീട്ടി. ഒരു വലിയ ഇടവേളയ്ക്ക് ശേഷം എല്ലാവരുടെയും മുഖങ്ങളിൽ പുഞ്ചിരി വിടർന്നു.

ബസ് പതിയെ മുന്നോട്ടു നീങ്ങി ഓരോ കവാടങ്ങളിലും ആളുകളെ ഇറക്കി വിട്ടു. നഴ്സുമാരും ഡോക്ടർമാരും കവചകുണ്ഡലങ്ങളുമായി ഞങ്ങളെ വരവേറ്റു. പേരുവിവരങ്ങളും രോഗവിവരങ്ങളും ചോദിച്ചറിഞ്ഞു എഴുതി ചേർത്തു കൊണ്ട് അവർ ഞങ്ങൾക്കുള്ള മുറികൾ കാണിച്ചുത്തന്നുകൊണ്ട് 14 ദിവസത്തെ നിരീക്ഷണശേഷം തിരിച്ചു പോകാമെന്ന് അറിയിച്ചു.

വിശപ്പും ക്ഷീണവും ബാധിച്ച എനിക്ക് ഞെട്ടാനുള്ള ആരോഗ്യം പോലും ഇല്ലാതിരുന്നത്കൊണ്ട് കൈയിലെ ഭക്ഷണ പൊതിയുമായി അവർ കാട്ടിത്തന്ന മുറിയിലേക്ക് നീങ്ങി. ഭക്ഷണം കഴിച്ചു കഴിഞ്ഞു നന്നായി ഒന്ന് ഞെട്ടിയ ശേഷം കട്ടിലിൽ നടുനിവർത്തി., ഫോണിൽ വിരലമർത്തി.

വിശന്നു മരിച്ച ഫോണിൻറെ ചാർജർ കൈവശം ഇല്ലാത്തതുകൊണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി, കൂടെ വന്നവരോടും നഴ്സുമാരോടും അന്വേഷിച്ചു. ഒടുവിലൊരു പട്ടാണി അന്തേവാസി ചാർജർ തരാൻ സമ്മതിച്ചു. തിരികെ റൂമിൽ വന്നു ഫോൺ ചാർജ് ചെയ്തു വീട്ടിലേക്ക് വിളിച്ചു അവസ്ഥ അറിയിച്ചപ്പോൾ കരയണോ അതോ ഇവിടെ നിന്നും ചാടണോ എന്ന സംശയത്തിലായി.

പുറത്തു കാവൽ നിൽക്കുന്ന പൊലീസ് ജീപ്പുകളെ കുറിച്ചോർത്തപ്പോൾ ചെയ്യാൻ എളുപ്പമുള്ളതും റിസ്ക് കുറഞ്ഞതും കരയുന്നതാണെന്നും അതാകുമ്പോൾ കുറച്ചു സമയത്തെ ബുദ്ധിമുട്ട് മാത്രമാണെന്നും മനസ്സിലാക്കി "എന്തിൻറെ കേടായിരുന്നു എനിക്ക്" എന്ന് സ്വയം ചോദിച്ചു കൊണ്ട് തലയിണയിൽ മുഖമമർത്തി കുറച്ചുനേരം കരഞ്ഞു. ഭാര്യയോട് ക്ഷമയോടെ കാത്തിരിക്കാനും, ആവശ്യമെങ്കിൽ പെങ്ങളെ കൂട്ടു വിളിച്ചു കൊള്ളാനും പറഞ്ഞുകൊണ്ട് ധൈര്യം നൽകി.

"ലോകത്താകമാനം പടർന്നുപിടിച്ച ഈ വൈറസ് കൊണ്ടുപോയത് പതിനായിരക്കണക്കിന് ജീവനുകളും ലക്ഷക്കണക്കിന് ജീവിതങ്ങളുമാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ നഷ്ടം എത്ര നിസ്സാരമാണെന്നു അവൾക്കു ബോധ്യപ്പെടുത്തി".

അങ്ങിനെ ആദ്യമനുഭവപ്പെട്ട പരിഭ്രമം പതിയെ ശാന്തമായി. ഹൃദയമിടിപ്പുകൾ സാധാരണഗതിയിലായി.

ഞാൻ മുറിയും പരിസരവും വീക്ഷിച്ചു.

വൃത്തിയുള്ള പരിസരം...

ഒരാൾക്ക് സുഖമായി കഴിയാൻ പോന്ന മുറി...

മുറിയോട് ചേർന്ന് തന്നെ കുളിമുറിയും...

ഇടയ്ക്കിടയ്ക്ക് കയ്യും മുഖവും കഴുകി വൃത്തിയാക്കുവാൻ വാഷ് ബേസിനും, ഹാൻഡ് വാഷും, സോപ്പും...

ഏസി, വാട്ടർ ഹീറ്റർ, കട്ടിൽ, കിടക്ക, തലയിണ, പുതപ്പ്, അലമാറ, കസേരകൾ, ചാർജ് ചെയ്യാൻ ഉള്ള പ്ലഗ്ഗുകൾ തുടങ്ങി സർവ്വ സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.

നാളെ കഴിഞ്ഞാൽ നാട്ടിലേക്ക് വിമാനങ്ങൾ ഇല്ലെന്നും, അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നതിനാൽ നാളെത്തന്നെ പോകാനുള്ള ടിക്കറ്റ് എടുത്തോട്ടെ എന്നും കെട്ട്യോളോട് ചോദിച്ചപ്പോൾ വേണ്ടെന്നും, റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ റിസ്ക് ആണെന്നും 14 ദിവസം കാത്തിരുന്നോളാമെന്നും അവൾ മറുപടി പറഞ്ഞു.

"തീർത്തും പക്വമായ തീരുമാനം".

വീട്ടിലേക്കുള്ള പച്ചക്കറികളും പലചരക്ക് പലവ്യഞ്ജന സാധനങ്ങളുമെല്ലാം നേരത്തെ വാങ്ങിവെച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു.

പെങ്ങളെ വിളിച്ച് അകലം പാലിച്ചു കൊണ്ടുതന്നെ ഇടക്കിടക്ക് സന്ദർശിക്കണമെന്നു ഓർമ്മപ്പെടുത്തി.

മാറാനുള്ള വസ്ത്രങ്ങളും, വായിക്കാനുള്ള പുസ്തകങ്ങളും, മൊബൈൽ ചാർജറും കൊണ്ടുവരാൻ പറഞ്ഞുകൊണ്ട് പെങ്ങൾക്ക് വാട്സാപ്പിൽ ലൊക്കേഷനും പങ്കുവച്ചു.

അത്താഴം കഴിച്ചു ഏമ്പക്കം വിടുമ്പോഴേക്കും പ്രധാന കവാടത്തിൽ എത്തിയിട്ടുണ്ട് എന്നു പറഞ്ഞു പെങ്ങളുടെ കോൾ വന്നു, വേഗം അങ്ങോട്ടേക്ക് കുതിച്ചു. വസ്ത്രങ്ങൾ അടങ്ങിയ വലിയ കവറുകളുമായി അളിയൻ നടന്നുവരുന്നു.

പ്രധാന കവാടത്തിനു സമീപം നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും ഒരു പോലീസുകാരൻ ഇറങ്ങിവന്നു കവർ അടിമുടി പരിശോധിച്ചു. കാര്യപ്പെട്ട പരിശോധനക്കൊടുവിൽ ശരീരത്തിൽ തേക്കാൻ ഉപയോഗിക്കുന്ന ബദാം ഓയിൽ ഉൾപ്പെടെ പലതും അവർ മടക്കി.

എല്ലാതും ഉള്ളിലേക്ക് അനുവദിച്ചാൽ അവർക്ക് ഒരു വിലയുണ്ടാകില്ല എന്നു കരുതിയാകണം അങ്ങിനെ ചെയ്തത്.

മടങ്ങി വന്ന് മുറിയിൽ കയറി, കുളിച്ചു കള്ളിമുണ്ടെടുത്ത് കട്ടിലിൽ കമിഴ്ന്നു കിടന്നു,
ഈ കട്ടിലിൽ കഴിച്ചു കൂട്ടേണ്ട 14 ദിവസത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് ഉറങ്ങിപ്പോയി.

രാവിലെ സൂര്യൻ ഹാജർ വിളിച്ചുകൊണ്ട് വന്നു വിളിച്ചപ്പോഴാണ് രണ്ട് വലിയ ഗ്ലാസ് ജനാലകൾ ഈ മുറിക്കുണ്ടെന്ന് ഞാനറിയുന്നത്.

മുറി നിറയെ വെളിച്ചം.

എണീറ്റു പല്ലു തേച്ചു പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു മൊബൈൽ എടുത്തു നോക്കിക്കൊണ്ടിരുന്നപ്പോഴേക്കും രാവിലത്തെ ഭക്ഷണം എത്തി.

ഉരുളക്കിഴങ്ങ് മിക്സിയിലിട്ടടിച്ച പോലൊരു കറിയും ഒരു പാക്കറ്റ് ചപ്പാത്തിയും. കൂടാതെ രണ്ടു ബ്രെഡ്ഡും, ചെറിയൊരു പാക്കറ്റ് ജാമും.

ഞാൻ ബ്രെഡിലും ജാമിലും അഭയം തേടി.

കുറച്ചു കഴിഞ്ഞപ്പോഴേക്കും നഴ്സുമാർ വന്നു താപനില പരിശോധിച്ച് 'പനി കുറവുണ്ട്' എന്ന് അറിയിച്ചു. കഫക്കെട്ടും ചുമയും വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്നും കുടിക്കാൻ ചൂടുവെള്ളം കിട്ടാൻ വഴിയുണ്ടോയെന്നും ചോദിച്ചപ്പോൾ, ആരോടെങ്കിലും പറഞ്ഞ് വെള്ളം ചൂടാക്കുന്ന ഒരു കെറ്റിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. തിരിച്ചു പോകുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ 14 ദിവസം കഴിഞ്ഞ് പോകാമെന്ന് മറുപടി കിട്ടി.

ഞാൻ അളിയനെ വിളിച്ച് ഒരു കെറ്റിൽ വാങ്ങി വരാനും കൂടെ കുറച്ച് ചായപ്പൊടിയും, പഞ്ചസാരയും, കഴിയുമെങ്കിൽ ഒരു പാക്കറ്റ് ബ്രഡും ഒരു കുപ്പി ജാമും എത്തിക്കാൻ പറഞ്ഞു. ഇവിടുത്തെ ഭക്ഷണം വളരെ പെട്ടെന്ന് തന്നെ എന്നെ മടുപ്പിച്ചിരുന്നു. ഉച്ചക്കും രാത്രിയും ചോറും പരിപ്പുകറിയും, രാവിലെ രണ്ട് ബ്രഡ്ഡും ഇത്തിരി ജാമും.

ഭക്ഷണത്തിൻറെ കൂടെ ചിക്കൻകറിയും ചില ദിവസങ്ങളിൽ മീൻ വറുത്തതും ഉണ്ടാകാറുണ്ട്. എന്നാൽ ഇവ വളരെ മോശപ്പെട്ടതും, പഴക്കമേറിയതുമായതുകാരണം മറ്റു അസുഖങ്ങളെ ഓട്ടോ പിടിച്ചു വരുത്തേണ്ടെന്ന് കരുതി അവഗണിക്കാറാണ് പതിവ്.
ഇവിടെ നിന്ന് ഇറങ്ങിയാൽ ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുന്ന ഹോട്ടലിൽ ഒന്ന് സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. കഴിയുമെങ്കിൽ അവരെക്കൊണ്ട് ഈ ഭക്ഷണം കഴിപ്പിക്കാനും.

അങ്ങിനെ അളിയൻ എത്തി, ഞാൻ കവാടത്തിലേക്ക് ചെന്നപ്പോൾ പോലീസുകാരൻ കെറ്റിൽ അകത്തേക്ക് അനുവദിക്കുന്നില്ല. കഫക്കെട്ട് ഉണ്ടെന്നും ചൂടു വെള്ളത്തിനുവേണ്ടി നഴ്സിന്റെ നിർദേശപ്രകാരമാണ് കൊണ്ടുവന്നതെന്നും ഞാനും അളിയനും ഒരുപാട് തവണ അപേക്ഷിച്ചിട്ടും അവർ അനുവദിച്ചില്ല. ഒടുവിൽ ഞാൻ തിരികെ പോയി ആ മലയാളി നേഴ്സിനോട് കാര്യം പറഞ്ഞു, അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടു പോയി.

അവരും പോലീസിനോട് എന്തൊക്കെയോ സംസാരിച്ചു, ഒടുവിൽ ഡോക്ടറെ വിളിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞു അവരും പോയി. കുറേ നേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ പോലീസ്, "ഡോക്ടറോട് പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും, നിങ്ങൾക്ക് പോകാ"മെന്നും അളിയനോട് പറഞ്ഞു.

പരിശോധനയിൽ കവറിൽ ഉണ്ടായിരുന്ന ജാമും അവർ മടക്കി. ഒടുവിൽ ഒരു ചെറിയ കവർ മാത്രം എൻറെ കയ്യിൽ തന്ന് ബാക്കി കവറുകളുമായി അളിയനും മടങ്ങി.

ഞാൻ നിരാശനായി മുറിയിലേക്ക് പോയി, കവർ തുറന്നു.

ബ്രെഡ്..
ചായപ്പൊടി..
പഞ്ചസാര..
സ്പൂൺ..

ഇതുവെച്ച് എന്തുചെയ്യണമെന്ന് താടിക്ക് കയ്യും കൊടുത്ത് ആലോചിച്ചിരുന്നു.

ചായപൊടിയും പഞ്ചസാരയും അതാതു കവറുകളിൽ വിശ്രമം കൊണ്ടു. വിശപ്പ് അസഹ്യമാകുമ്പോൾ ബ്രെഡ് കുറേശ്ശെയായി ഞാൻ അകത്താക്കികൊണ്ടിരുന്നു.

ദിവസങ്ങൾ കടന്നു പോയി

ഭക്ഷണം വളരെ ലളിതമായിരുന്നു. കറിയിൽ ആവശ്യത്തിന് പോലും ഉപ്പില്ല. രാവിലെയും വൈകുന്നേരങ്ങളിലും ചായയില്ല, കൂടെ കഴിക്കാനുള്ള കടികളും.

ചുരുക്കിപ്പറഞ്ഞാൽ,

ഉപ്പില്ല...
പഞ്ചസാരയില്ല...
എണ്ണയില്ല...

"കാലങ്ങളായി എൻറെ വയറിന്റെ അകത്തളങ്ങളിൽ വിശ്രമം കൊണ്ടിരുന്ന കൊഴുപ്പുകൾ കണ്ണീരോടെ യാത്ര പറഞ്ഞു പിരിഞ്ഞു".

"തികച്ചും വികാരനിർഭരമായ അനർഘളനിമിഷങ്ങൾ"

ഞാൻ മെലിഞ്ഞുണങ്ങി പകുതിയായി മാറി. എൻറെ സ്വന്തം ചിത്രമെടുത്തു അതിലെ രൂപമാറ്റം നോക്കി ഞാൻ തന്നെ അന്താളിച്ചു നിന്നു.

ഒരാഴ്ച കൊണ്ട് സംഭവിച്ച ഈ മാറ്റമായിരുന്നോ, വളരെ പ്രയാസമേറിയത് എന്നു ഞാൻ കരുതിയിരുന്നത്. എൻറെ ശരീര ഘടനയിലെ മാറ്റം എന്നെപ്പോലെ തന്നെ മറ്റെല്ലാവരെയും ഞെട്ടിച്ചു. ഇവിടത്തെ അവസ്ഥകളെപ്പറ്റി കൂടുതലൊന്നും എനിക്ക് പറഞ്ഞു ഫലിപ്പിക്കേണ്ടി വന്നില്ല.

"ഇപ്പൊ ശരിയാക്കിത്തരാം" എന്നു പറഞ്ഞു കൊണ്ട് എടുത്തു പോയ സാമ്പിളിന്റെ അഡ്രസ്സ് പോലും കാണാനില്ല. ചില നഴ്സുമാരോട് അതേപ്പറ്റി ചോദിച്ചാൽ കണ്ണുരുട്ടി പേടിപ്പിക്കാറാണ് പതിവ്. ഒടുവിലൊരു നേഴ്സ് പറഞ്ഞു.

"റിസൾട്ട് അറിഞ്ഞിട്ടില്ല, അറിഞ്ഞാലും നിങ്ങളോട് പറയേണ്ട കാര്യമില്ല".

അതറിയാനുള്ള അവകാശം ഞങ്ങൾക്കില്ലേ എന്ന് ചോദിച്ചപ്പോൾ "ഇല്ല" എന്ന മറുപടിയും കിട്ടി. ഇവിടെ സ്ഥിരതാമസമാക്കാൻ ഞാൻ ഉദ്ദേശിക്കാത്തതുകൊണ്ട് സംസാരം നിർത്തി ഞാൻ മുറിയിലേക്ക് പോയി.

വളരെ സൗഹാർദ്ദപരമായി പരിചരിക്കുകയും, പെരുമാറുകയും ചെയ്യുന്ന നല്ല നഴ്സുമാരും ഉണ്ടിവിടെ. അവർക്കൊരു ഒരപവാദമാണ് ഇത്തരത്തിലുള്ള ചുരുക്കം ചില നഴ്സുമാരുടെ പെരുമാറ്റം.

മുൻ കവാടത്തിലെ പൂട്ടുപൊളിച്ച് അകത്തു കയറി, വാടക തരാതെ താമസിക്കാൻ വന്നവരാണ് ഞങ്ങളെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.

"ടെസ്റ്റ് ചെയ്യാൻ പോയതിൻറെ റിസൾട്ട് കിട്ടിയതുമില്ല,14 ദിവസത്തെ ജയിൽവാസവും".

"വല്ലാത്ത വിധി"

ഇവിടെ ഖത്തറിലെ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന കുടുംബാംഗങ്ങളോട് ടെസ്റ്റിനെപ്പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞത് -

"ഖത്തറിൽ, ടെസ്റ്റ് ചെയ്യുന്ന കിറ്റുകൾക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും, വളരെ അനിവാര്യമായ ഘട്ടങ്ങളിലും, സംശയാസ്പദമായ സാഹചര്യങ്ങളിലും മാത്രമേ ടെസ്റ്റ് ചെയ്യുന്നുള്ളൂവെന്നും അല്ലാത്തപക്ഷം 14 ദിവസത്തെ ക്വാറന്റൈനു ശേഷം രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വിട്ടയക്കുമെന്നും, ലക്ഷണങ്ങൾ കാണിക്കുന്നവരെ മാത്രമേ ടെസ്റ്റ് ചെയ്യുകയുള്ളൂവെന്നും അറിയാൻ കഴിഞ്ഞു.

"റിസൾട്ട് വന്നോ" എന്ന ദിവസേന വരുന്ന മെസ്സേജിനും ഫോൺ കോളിനും കൊടുക്കേണ്ട മറുപടിയെപ്പറ്റിയുള്ള ആലോചനയിലായി ഞാൻ.

ഇവിടെ വന്നതിൽപ്പിന്നെ എല്ലാവർക്കും അറിയേണ്ടതും അതുതന്നെ, പ്രത്യേകിച്ചും ഓഫീസിലെ സുഹൃത്തുക്കൾക്ക്. എനിക്ക് പോസിറ്റീവ് ആണെങ്കിൽ ഓഫീസിലെ പലർക്കും പണി കിട്ടാൻ സാധ്യതയുള്ളതിനാലാവാം.

റിസൾട്ട് അറിഞ്ഞതിനു ശേഷം മാത്രം വീട്ടിലേക്ക് ആരെയെങ്കിലും പ്രവേശിപ്പിച്ചാൽ മതിയെന്ന് ഭാര്യയോട് ഞാൻ നേരത്തെ അറിയിച്ചിരുന്നു.

അങ്ങിനെ ഒരു ദിവസം രാവിലെ അടുത്ത മുറിയിലെ നേപ്പാളി സ്വദേശി മുബാറക്കിന് ശരീരമാസകലം വേദന അനുഭവപ്പെട്ടു നിലവിളിക്കുന്നത് കേട്ട് പോയി നോക്കിയപ്പോൾ, അവൻ വേദനയിൽ പുളഞ്ഞു ഡോക്ടറെ വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു.

എന്നെ ഞെട്ടിച്ചത് കൂടെയുള്ളവരുടെ യാതൊരു ഭാവവിത്യാസവുമില്ലാത്ത പെരുമാറ്റമായിരുന്നു.

ഞാൻ മാസ്ക് എടുത്തു ധരിച്ച് പുറത്തിറങ്ങി ക്ലിനിക്കിൽ പോയി നേഴ്സിനോട് കാര്യം പറഞ്ഞു, എമർജൻസിയാണെന്നും വേഗം വരണമെന്നും ഓർമ്മപ്പെടുത്തി. അവിടേക്ക് ഡോക്ടർമാർ റൗണ്ട്സിന് വരുന്നുണ്ടെന്നും അപ്പോൾ അവരോട് പറഞ്ഞാൽ മതിയെന്നും പറഞ്ഞുകൊണ്ട് അവർ കയ്യൊഴിഞ്ഞു.

അവിടെ നിന്നിറങ്ങിയ ഞാൻ പുറത്തുകണ്ട മറ്റ് രണ്ട് നഴ്സുമാരോടും കാര്യം പറഞ്ഞപ്പോൾ ഇപ്പോൾ ഞങ്ങളുടെ ബ്ലോക്കിലേക്കുള്ള നഴ്സുമാർ പുറപ്പെട്ടിട്ടുണ്ടെന്നും വൈകാതെ അങ്ങോട്ടേക്ക് എത്തുമെന്നും, അവരോടു പറഞ്ഞാൽ മതിയെന്നും പറഞ്ഞു അവരും കൈകഴുകി.

നിരാശനായ ഞാൻ അറിയാവുന്ന ഹിന്ദിയിൽ ഡോക്ടർ ഉടനെ വരുമെന്ന് പറഞ്ഞു മുബാറക്കിനെ സമാധാനിപ്പിച്ചു.

കാത്തിരിപ്പ് തുടർന്ന്.

മണിക്കൂറൊന്നു കഴിഞ്ഞപ്പോൾ നഴ്സുമാർ രണ്ടെണ്ണം വന്നു. വിവരം അറിയിച്ചപ്പോൾ ഡോക്ടറെ അയക്കാമെന്നും കാത്തിരുന്നുകൊള്ളാനും നിർദ്ദേശിച്ചു.

അതിനിടയിൽ തൊട്ടടുത്ത മുറിയിലെ പയ്യൻ അവന്റെ മുറിയിലേക്ക് കുളിമുറിയിലെ വെള്ളം തെറിക്കുന്നുണ്ടെന്നും, പരാതി പറഞ്ഞിട്ടും പ്രതികരണങ്ങൾ ഉണ്ടായില്ലെന്നും പറഞ്ഞു നഴ്സിന്റെ ശ്രദ്ധതിരിച്ചു.

എന്റെ കയ്യിൽ ഒരു വടിയോ മരക്കൊമ്പോ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന നിമിഷം.

കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുമ്പോഴാണവന്റെ....

കാത്തിരിക്കാനല്ലാതെ മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ട് അതുതന്നെ പറഞ്ഞു ഞാൻ മുബാറക്കിനെ സമാധാനിപ്പിച്ചു. "വേദന കുറവുണ്ട്" എന്ന് മുബാറക് പറഞ്ഞപ്പോൾ ഞാൻ മുറിയിൽ പോയി അൽപസമയം കിടന്നു.

മണിക്കൂറുകൾക്കു ശേഷം ഡോക്ടർ വന്നു പരിശോധിച്ച് മുബാറക്കിനെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി. പിന്നെ അവനെപ്പറ്റി അറിവൊന്നുമുണ്ടായിരുന്നില്ല.

മുബാറക്കിന്റേതിന് സമാനമായ അനുഭവം എനിക്കും വന്നേക്കുമോ എന്ന് പല രാത്രികളിലും ഞാൻ ആശങ്കപ്പെട്ടിരുന്നു. അടിയന്തിരഘട്ടങ്ങളിൽ ചികിത്സ കിട്ടാൻ വൈകുമോ എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥമാക്കിരുന്നു.

മനസ്സ് വല്ലാതെ മടുക്കുമ്പോൾ അൻവറും, മിഥുനും, ഉണ്ണിയേട്ടനുമൊക്കെ താമസിക്കുന്ന വില്ലയിലേക്ക് പോയി കുറേ നേരം സംസാരിച്ചിരിക്കും. വാട്ട്സ്ആപ്പ് തമാശകളും, നാട്ടിലെ അനുഭവങ്ങളും, ഓഫീസിലെ ദുരിതങ്ങളും പരസ്പരം പങ്കുവയ്ക്കും.

പങ്കുവെയ്ക്കലിനെപ്പറ്റി പറഞ്ഞപ്പോഴാണ് - ടെലഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്ത കുറച്ചധികം ഫോറിൻ സിനിമകൾ ഫോണിൽ കിടപ്പുണ്ടായിരുന്നു. അതുള്ളതുകൊണ്ട് എനിക്കും, എക്സെൻഡർ ഉണ്ടായിരുന്നതുകൊണ്ട് ഇവർക്കും വലിയ ആശ്വാസമായി.

ഫോണിലെ ഫോറിൻ സിനിമകളെല്ലാം കണ്ടു തീർത്തു ഒഴിവുസമയങ്ങളെ കൊന്നൊടുക്കി.

ഈ വലിയ ക്യാമ്പിനകത്ത് അവിടെ മാത്രമേ വെള്ളം ചൂടാക്കുന്ന കെറ്റിൽ ഉണ്ടായിരുന്നുള്ളൂ. ഈ പോലീസിന്റെയെല്ലാം കണ്ണുവെട്ടിച്ച് അതെങ്ങിനെ അകത്തുകയറ്റി എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുന്നു.

കവറുകളിൽ വിശ്രമിച്ചിരുന്ന പഞ്ചസാരയും ചായപ്പൊടിയും ഞാൻ അവർക്കു നൽകി ചായ കുടിക്കാനുള്ള അർഹത നേടി.

ചുണ്ടുകളിൽ സുലൈമാനി രുചിച്ച് നാട്ടുവർത്തമാനങ്ങളിൽ മുഴുകിയ ആ സായാഹ്നങ്ങൾ ഈ ക്യാമ്പ് ജീവിതത്തിൽ മനസ്സിനെ വല്ലാതെ തണുപ്പിച്ചു നിർത്തിയിരുന്നു.

2 ജിബി ഇന്റർനെറ്റ് കിട്ടാൻ 30 റിയാലിന് റീച്ചാർജ് ചെയ്തപ്പോൾ നാട്ടിലെ ജിയോ ഉപഭോക്താക്കളോട് വല്ലാത്ത അസൂയ തോന്നി.

പത്ത് ദിവസങ്ങൾ കടന്നുപോയി.

കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തോട് വല്ലാത്ത മടുപ്പ് അനുഭവപ്പെടാൻ തുടങ്ങി. പുറത്തുനിന്നുള്ള ഭക്ഷണം പോലീസ് അകത്തേക്ക് അനുവദിക്കുന്നുമില്ല.

ഒരു സായാഹ്ന ചർച്ചയിൽ, ഇവിടെ നിന്ന് പുറത്തു പോയാൽ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണത്തെപ്പറ്റിയുള്ള ചർച്ച സജീവമായി പുരോഗമിക്കുന്നു.

ചായക്കട ഹോട്ടലിലെ പഴങ്കഞ്ഞി, ടാക്സി ഹോട്ടലിലെ ചിക്കൻ കബാബ്, സെഞ്ചുറി ഹോട്ടലിലെ ചിക്കൻ ബിരിയാണി, എം.ആർ.എ ഹോട്ടലിലെ പൊറോട്ടയും ബട്ടർ ചിക്കനും
അങ്ങനെത്തുടങ്ങി, നാട്ടിലെ തട്ടുകടയിലെ കപ്പയും ബീഫും വരെ എത്തിനിൽക്കുന്നു ചർച്ച.

പെട്ടെന്ന് ആരോ വാതിൽ തുറന്നു രാത്രി കഴിക്കാനുള്ള ഭക്ഷണപ്പൊതി കൊണ്ടുവന്നു വെച്ചതും എല്ലാവരുടെയും ഭാവം മാറി, മൂഡും..!

എല്ലാവരും കണ്ണുകൾ താഴ്ത്തി ഭക്ഷണപ്പൊതികളെടുത്തു മുറികളിലേക്ക് നടന്നു.

ചർച്ച പാതിയിൽ അവസാനിച്ചു.

തിരിച്ച് മുറിയിലേക്ക് നടന്ന ഞാൻ ബാക്കിയുള്ള നാലു ദിവസങ്ങളെ വിരലുകളിൽ പലതവണ എണ്ണി നോക്കി ഉറപ്പുവരുത്തി.

ഇതുവരെ 14 ദിവസം കഴിയാനുള്ള കാത്തിരിപ്പിലായിരുന്നെങ്കിൽ ഇപ്പോഴത് 14 ദിവസം കഴിഞ്ഞാൽ വിടാതിരിക്കുമോ എന്ന ആശങ്കയിലായി. രോഗങ്ങളോ, രോഗലക്ഷണങ്ങളോ പിടികൂടുമോ എന്ന ഭയം എല്ലാവരുടെയുള്ളിലും ഉണ്ടായിരുന്നു.

ഞങ്ങളുടെ ബാച്ചിൽ ഇവിടെ കുടുംബം ഉണ്ടായിരുന്നത് എനിക്ക് മാത്രമാണെന്നത് എനിക്ക് പുതിയൊരു അറിവായിരുന്നു.
ഞാൻ ഒഴികെ മറ്റെല്ലാവരും ലേബർ ക്യാമ്പിലും അല്ലാതെയുമായി കുടുംബത്തെ വിട്ടു കഴിയുന്നവരായിരുന്നു. ഭൂരിഭാഗവും ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണെന്നത് ചില നഴ്സുമാരുടെ ഞങ്ങളോടുള്ള പെരുമാറ്റത്തിൽ നിന്നുതന്നെ വ്യക്തമായിരുന്നു.

പതിമൂന്നാം നാൾ വൈകുന്നേരം.

പകൽ മുഴുവൻ അൻവറിന്റെ മുറിയിലിരുന്ന് ഉച്ചയ്ക്കൊരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും തുടർന്നുള്ള സുലൈമാനി ചർച്ചകളും കഴിഞ്ഞു, മുറിയിൽ മടങ്ങിയെത്തിയ ഉടനെ മിഥുന്റെ ഫോൺകാൾ.

"അൻവറിന്റെ റിസൾട്ട് വന്നു".

"പോസിറ്റീവാണ്".

"അവന്റെ റിസൾട്ട് വന്നപ്പോൾ  ഞങ്ങളെ ആ വില്ലയിൽ നിന്നും മാറ്റി. അൻവറിനെ ഇന്നു രാത്രി പോസിറ്റീവ് സ്ഥിരീകരിച്ച രോഗികളെ പാർപ്പിച്ചിരിക്കുന്ന 'ഉം സലാൽ അലി'യിലെ ക്യാമ്പിലേക്ക് കൊണ്ടുപോകും".

--------------------------------------------------------------------------------------------------------------------



ഭാഗം മൂന്ന്


അൻവറിന്റെ വാർത്ത എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല..

യാതൊരു രോഗലക്ഷണങ്ങളുമില്ലാത്ത, പൂർണ്ണ ആരോഗ്യവാനായ അവന്റെ റിസൾട്ട് എങ്ങിനെ പോസിറ്റീവായി..?

എന്റെ ശരീരമാകെ ഭയന്ന് വിറക്കുന്ന പോലെ...

ശബ്ദം ഇടറുന്നു...

ഫോൺ വെച്ചു ഞാൻ ധൃതിയിൽ കുളിമുറിയിലേക്ക് നടന്നു. കുളി കഴിഞ്ഞ് വന്ന് മുറി മുഴുവൻ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ അൻവർ എന്നെ ഫോണിൽ വിളിക്കുന്നു.

"നിയാസ്ക്കാ,
വിവരങ്ങൾ അറിഞ്ഞില്ലേ.?"

"പോയി വരാം.
നിങ്ങൾ പേടിക്കേണ്ട.
രണ്ടാഴ്ച മുൻപെടുത്ത സാമ്പിളിന്റെ റിസൾട്ട് അല്ലേയിത്.
രോഗമുണ്ടായിരുന്നെങ്കിൽത്തന്നെ എപ്പോഴേ മാറിക്കാണും".

അവന്റെ വാക്കുകളിലെ അസാമാന്യ ധൈര്യം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും എന്റെയുള്ളിലെ ഭയം മാറാതെ തന്നെ കിടന്നു.

ഒരാശ്വാസവാക്കിനായി ഞാൻ നാസർക്കയെ വിളിച്ചു. ഫോണെടുത്ത നാസർക്ക കരച്ചിലിന്റെ വക്കിലായിരുന്നു. അദ്ദേഹം ഡയബറ്റിസ് രോഗിയായിരുന്നതിനാൽ അസുഖം വന്നാൽ ഞങ്ങളെക്കാൾ ബാധിക്കപ്പെടുമെന്ന് അറിയാവുന്നതുകൊണ്ട്, സഫലീകരിക്കാൻ ബാക്കിയുള്ള ആഗ്രഹങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞു കരയാൻ തുടങ്ങി.

ഞങ്ങൾ രണ്ടു പേരും അൻവർറിന്റെ വില്ലയ്ക്ക് പുറത്തും, ഉണ്ണിയേട്ടനും, മിഥുനും അൻവറിന്റെ വില്ലയിലുമായിരുന്നുണ്ടായിരുന്നത്.

നാളത്തെ പുലരിയിൽ 14 ദിവസം പൂർത്തിയാകും. എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ കുഴഞ്ഞു.

അസുഖം പകർന്നിട്ടുണ്ടെങ്കിൽ തിരികെ വീട്ടിലേക്കു പോയാലുള്ള അവസ്ഥ ആലോചിക്കാനേ വയ്യ.

ഒരുവിധം ഞാൻ നേരം വെളുപ്പിച്ചു, ഡോക്ടറെ കാണാൻ ഇറങ്ങിയപ്പോൾ പുറത്ത് ആകെ ബഹളം. 14 ദിവസം കഴിഞ്ഞിട്ടും വിട്ടയക്കാത്തതിലുള്ള പ്രതിഷേധം.

"14 ദിവസം കഴിഞ്ഞാലും ഒരിക്കൽക്കൂടി സാമ്പിളെടുത്ത് അതിൻറെ റിസൾട്ട് നെഗറ്റീവ് ആയാലേ പറഞ്ഞയക്കൂ" എന്ന് നഴ്സുമാർ അറിയിച്ചു.

അതുകേട്ടതും എനിക്ക് വല്ലാത്ത ആശ്വാസം തോന്നി.

അടുത്ത ദിവസം തന്നെ അവർ സാമ്പിൾ എടുത്ത് വാക്കു പാലിച്ചു. ഇനി റിസൾട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്.

എല്ലാവരും സ്വന്തം മുറികളിൽ പ്രാർത്ഥനകളുമായി ഒതുങ്ങിക്കൂടി.

ആർക്കുമിപ്പോൾ സുലൈമാനിയും വേണ്ട, ചർച്ചകളും വേണ്ട.

'ദ കമ്പ്ലീറ്റ് ലോക്ക് ഡൗൺ'

അടുത്ത ദിവസം ഉച്ചഭക്ഷണത്തിന് ബിരിയാണി പോലെ തോന്നിപ്പിക്കുന്നതെന്തോ കഴിച്ചു കൊണ്ടിരിക്കുമ്പോൾ, അതിൽ നിന്നൊരു ചത്ത കൂറയെ കിട്ടി. കൂറയെ കണ്ടതും വായിലുള്ളതെല്ലാം പാത്രത്തിലേക്ക് തന്നെ ഛർദ്ദിച്ചു.

ഞാൻ ഫോണിന്റെ മൊബൈൽ ക്യാമറയിൽ അതിന്റെ ചിത്രങ്ങൾ പകർത്തി നഴ്സുമാർക്ക് കാണിച്ചുകൊടുത്തു. ഭക്ഷണം നൽകുന്ന കാറ്ററിംഗ് കമ്പനിയോട് ഇതേപ്പറ്റി ചോദിക്കാമെന്നു ഉറപ്പു നൽകി അവരെനിക്ക് കഴിക്കാൻ വേറെ ഭക്ഷണം തന്നു.

അന്നേദിവസം വൈകുന്നേരം തന്നെ എന്റെ ടെസ്റ്റ് റിസൾട്ട് വന്നു.

'നെഗറ്റീവ് ആണ്'

"ദൈവത്തിനു സ്തുതി".

ഒരിടവേളയ്ക്കു ശേഷം ഒരുപാട് സന്തോഷിച്ച സമയം.

വീട്ടുകാരോട് വിളിച്ചു വിവരമറിയിച്ചു, സന്തോഷം പങ്കുവെച്ചു.

നാസർക്കാക്കും, എന്റെ വില്ലയിലെ എല്ലാവർക്കും റിസൾട്ട് നെഗറ്റീവ് ആയിരുന്നു.

അൻവറിന്റെ വില്ലയിലുണ്ടായിരുന്നവരുടെ സാമ്പിൾ എടുത്തിരുന്നില്ലെന്നു ഞാൻ അപ്പോഴാണറിയുന്നത്. ഉണ്ണിയേട്ടനും, മിഥുനുമെല്ലാം നിരാശയോടെ സാമ്പിളെടുക്കാനായി കാത്തിരിക്കുന്നു.

റിസൾട്ട് നെഗറ്റീവ് ആയതിനാൽ എന്നെ പോകാൻ അനുവദിക്കണമെന്ന് നഴ്സിനോട് അപേക്ഷിച്ചപ്പോൾ, റിസൾട്ട് നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് (മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്) ഫോണിലേക്കു മെസ്സേജ് വരും. ആ മെസ്സേജ് കാണിച്ചിട്ട് പോകാമെന്നു പറഞ്ഞു.

വെള്ളിയും, ശനിയും കഴിഞ്ഞു ഞായറാഴ്ചയാണ് മെസ്സേജ് വന്നത്. മെസ്സേജ് വന്ന വിവരം പറഞ്ഞപ്പോൾ, പോകാനുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കുകയാണെന്നു പറഞ്ഞു.

അന്ന് വൈകുന്നേരം 10 ബസ്സുകൾ ഞങ്ങളുടെ ബ്ലോക്കിന് സമീപം വന്നു നിന്നു. എല്ലാവരുടെ മുഖങ്ങളിലും പ്രതീക്ഷയും, പ്രത്യാശയും.

സ്വാതന്ത്രത്തിന്റെ തണുത്ത കാറ്റ് തലോടുന്ന പോലെ...

സ്വാതന്ത്രത്തിന്റെ സൂര്യരശ്മികൾ എന്നെ സ്പർശിക്കുന്ന അനുഭൂതി...

ബസ്സുകൾ കണ്ട് ആളുകൾ വില്ലകളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സെക്യൂരിറ്റി അകത്തേക്ക് പോകാൻ ശകാരിച്ചു.

വീട്ടിലേക്ക് പോകാനുള്ള, നഴ്സുമാരുടെ അറിയിപ്പ് പ്രതീക്ഷിച്ചുകൊണ്ട് കട്ടിലിൽ തന്നെ കിടന്നു. സമയം പതിനൊന്നു മണി കഴിഞ്ഞപ്പോൾ നാസർക്കയുടെ ഫോൺകോൾ.

"നിയാസേ, ഞങ്ങളുടെ വില്ലയിലേക്കു ഇപ്പോൾ നഴ്സുമാർ വന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് തന്നിട്ട് ഗെയ്റ്റിൽ നിൽക്കുന്ന പോലീസുകാർക്ക് ഇത് കാണിച്ചുകൊടുത്തിട്ടു പോയ്ക്കൊള്ളാൻ പറഞ്ഞു.

അവർ കൊണ്ടുവിടില്ലത്രെ, ഞാൻ നാളെ രാവിലെ കൂട്ടുകാരനോട് കൊണ്ടുപോകാൻ വരാൻ പറഞ്ഞിട്ടുണ്ട് ".

ഇത് കേട്ടതും ഉറക്കച്ചടവൊക്കെ മാറ്റി ഞാൻ നഴ്സുമാരുടെ വരവ് കാത്തിരുന്നു, കുറേ കാത്തിരുന്നു, വരാതായപ്പോൾ ഉറങ്ങിപ്പോയി.

ഇന്നേക്കു ഇവിടെ വന്നിട്ട് ഇരുപത്തിയൊന്ന് നാൾ,

ഇന്നലെ മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടിയ ആളുകൾ സഞ്ചിയുമെടുത്തു ഞങ്ങളുടെ വില്ലകൾക്കു മുന്നിലൂടെ നടന്നു പോകുന്നു. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി അവർ നടന്നു നീങ്ങുമ്പോൾ, അതേ ചോദ്യങ്ങളുമായി ഞങ്ങൾ കുറച്ചു പേർ അവരെ നോക്കിനിൽപ്പുണ്ടായിരുന്നു.

നാസർക്ക യാത്ര പറഞ്ഞു ഗേറ്റ് കടന്നു പോയി.

ക്ലിനിക്കിൽ പോയി നഴ്സുമാരോട് വിട്ടയയ്ക്കുന്ന കാര്യം തിരക്കിയപ്പോൾ, മുറിയിൽ കാത്തിരിക്കാനും, ലിസ്റ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും തന്നെ വീണ്ടും മറുപടി കിട്ടി.

പെട്രോൾ കുഴിച്ചെടുക്കാൻ ഇത്ര സമയം വേണ്ടല്ലോ.? എന്നു മനസ്സിൽ മന്ത്രിച്ചു ഞാൻ മുറിയിലേക്ക് മടങ്ങി.

കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടു. ഉച്ചയായപ്പോൾ നഴ്സുമാർ വന്ന് സാധനങ്ങൾ എടുത്തുവെക്കുവാൻ അറിയിച്ചു.

സന്തോഷത്തോടെ കൊണ്ടുപോകാനുള്ളതെല്ലാം കവറുകളിൽ ഒതുക്കി, അളിയനെ വിളിച്ചു സൂചന കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ഇന്നലെ വന്നുനിന്ന ബസ്സുകൾ വില്ലയുടെ വാതിൽക്കൽ വന്നു നിൽക്കുന്നതു കണ്ടു. നഴ്സുമാർ സാധനങ്ങൾ ബസ്സിലേക്ക് എടുത്തുവെച്ച് കയറി ഇരിക്കാൻ ആജ്ഞാപിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിനെപ്പറ്റി ചോദിച്ചപ്പോൾ പുതിയ ക്യാമ്പിൽനിന്ന് തരാമെന്നു പറഞ്ഞു.

ഞങ്ങളെയവർ പുതിയൊരു ക്യാമ്പിലേക്കാണ് കൊണ്ടുപോവുന്നതെന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.

"റിസൾട്ട് നെഗറ്റീവ് ആയിട്ടും ഞങ്ങളോടെന്തിനാണീ ക്രൂരതയെന്നും, വീട്ടിൽ പോകാൻ അനുവദിക്കണമെന്നുമൊക്കെ ഒരുപാടപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല".

ഇവിടെ കീടനാശിനി പ്രയോഗിക്കാൻ പോവുകയാണെന്നും, പോലീസ് എത്രയും പെട്ടന്ന് ക്യാമ്പ് ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പുതിയ ക്യാമ്പിലെത്തിയാൽ ഉടനെ സർട്ടിഫിക്കറ്റ് നൽകി പറഞ്ഞുവിടാമെന്നും അവർ ഉറപ്പു നൽകിയതോടെ മനസ്സില്ലാമനസ്സോടെ ഞാൻ സാധനങ്ങളെടുത്തു ബസ്സിൽ കയറിയിരുന്നു.

പത്ത് ബസ്സുകളിലായി ഞങ്ങൾ മുന്നൂറിലധികം ആളുകൾ തിക്കിനിറച്ചു പുതിയ ക്യാമ്പിലേക്ക് നീങ്ങി. എല്ലാവരും റിസൾട്ട് നെഗറ്റീവ് ആയ ആളുകളാണ്.

പുതിയ ക്യാമ്പിലെത്തിയപ്പോൾ അവർ ഞങ്ങളുടെ ഐഡി കാർഡ് വാങ്ങിവെച്ചു, മുറികളിലേക്കു പറഞ്ഞുവിട്ടു.

ഈ ക്യാമ്പിൽ ഓരോ മുറികളിലും രണ്ടു പേർ വീതം. 8 മുറികളിലായി മൊത്തം 16 പേർ, ഒരു വില്ലയിൽ.

എന്റെ സഹമുറിയൻ ഒരു ബംഗ്ലാദേശുകാരൻ ആണ്.

പേര് - 'അസം മുഹമ്മദ്'.

ഒരു സാധു മനുഷ്യൻ.

മുറിയും പരിസരവും വൃത്തിയാക്കി, മുഖവും കയ്യും കഴുകി ഞാൻ കട്ടിലിൽ നിവർന്നു കിടന്നു.

റിസൾട്ട് നെഗറ്റീവ് ആയിട്ടും വീട്ടിൽ പോകാൻ അനുവദിക്കാത്തതിന്റെ യുക്തി എന്താണെന്ന് ചോദിക്കുന്ന എന്റെ കൂട്ടുകാരോടും കുടുംബക്കാരോടും പറയാൻ എനിക്കൊരു മറുപടിയുമില്ല.

ഇവിടെ എന്താണ് നടക്കുന്നതെന്ന് പോലും ഞങ്ങൾക്ക് യാതൊരറിവുമില്ല.

പോയ്ക്കൊള്ളുവാൻ പറയുന്നത് വരെ, തരുന്നത് കഴിച്ചു മിണ്ടാതെ കഴിയുക. അതാണിവിടത്തെ രീതി.

പുതിയ ക്യാമ്പിലെത്തിയപ്പോൾ ഭക്ഷണത്തിന്റെ സമയക്രമങ്ങളൊക്കെ ആകെ തെറ്റി. കുടിവെള്ളത്തിനും ക്ഷാമം നേരിട്ടു.

വില്ലയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്നാൽ സെക്യൂരിറ്റി അലറി വിളിക്കും. ഞങ്ങളെക്കാൾ അധികം സെക്യൂരിറ്റികൾ ഇവിടെയുണ്ടോ എന്നുപോലും ഞാൻ സംശയിച്ചിരുന്നു.

ഡോക്ടറെയോ, നഴ്സിനെയോ കാണണമെങ്കിൽ, ചുരുങ്ങിയത് 10 സെക്യൂരിറ്റിയെയെങ്കിലും കാര്യകാരണങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തണം.

ഇവിടെയുള്ളവരിലധികവും 25-ഉം, 30-ഉം ദിവസങ്ങൾ പിന്നിട്ടവരാണ്. രോഗങ്ങളോ, രോഗലക്ഷണങ്ങളോ ഒന്നുമില്ലാതെ ഇത്രയും നാൾ ഇവിടെ കഴിഞ്ഞ ഇവർ, വല്ലാത്ത മാനസിക പിരിമുറുക്കത്തിലാണ്.

പുതിയ ക്യാമ്പിലെ രണ്ടാം ദിവസം ഒരു സംഭവമുണ്ടായി.

രാവിലെ നാസ്ത കഴിച്ചുകൊണ്ടിരിക്കുന്ന ഞങ്ങൾക്കിടയിലേക്കു ധൃതിയിൽ മൂന്നു നഴ്സുമാർ വന്ന് മുകളിലെ മുറിയിൽ നിന്നൊരാളെ അലറി വിളിച്ചു ഇറക്കിക്കൊണ്ടുവന്നു കൂട്ടിക്കൊണ്ടുപോയി. പോകുംവഴി അയാളുടെ വസ്ത്രങ്ങളും, പുതപ്പുമെല്ലാം വേസ്റ്റ്ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതുകണ്ട് കാര്യമറിയാതെ കണ്ണുതള്ളിയിരുന്ന ഞങ്ങൾക്കിടയിലേക്കു അവർ തിരിച്ചുവന്ന് കൊണ്ട് പറഞ്ഞു.

"അയാൾക്ക് പോസിറ്റീവ് ആണ്. നിങ്ങളെല്ലാവരും ഉടനെ മറ്റൊരു വില്ലയിലേക്കു മാറണം. അയാൾ ഈ വില്ലയിലായിരുന്നതിനാൽ 14 ദിവസം കൂടി നിങ്ങളെ എല്ലാവരെയും നിരീക്ഷിക്കും. അതിനിടയ്ക്ക് ഒരിക്കൽ കൂടി സാമ്പിൾ എടുക്കും, റിസൾട്ട് നെഗറ്റീവ് ആയാൽ നിങ്ങൾക്ക് പെട്ടന്ന് പോകാം".

അതുകേട്ടതും ഞങ്ങളെല്ലാവരും ഞെട്ടിത്തരിച്ചു.

"ഇനിയും 14 ദിവസമോ..?"

ആളുകൾ ഒച്ചയിടാനും, ചിലർ കരയാനും തുടങ്ങി.

എല്ലാവരോടും അവരവരുടെ സാധനങ്ങളെടുത്തു പെട്ടന്ന് വരാൻ നഴ്സുമാർ ഓർമപ്പെടുത്തി.

15 പേരും അവരവരുടെ കവറുകൾ കയ്യിലെടുത്തു ആ നട്ടുച്ച നേരത്ത് രണ്ടാമത്തെ ബ്ലോക്കിൽ നിന്നും നാലാമത്തെ ബ്ലോക്കിലേക്കു നടന്നു.

പുതിയ ബ്ലോക്കിലെത്തിയ ഞാൻ മുറിയിലെ കട്ടിലും കിടക്കയും വൃത്തിയാക്കി, കട്ടിലിൽ കിടന്ന് വിഷമങ്ങൾ കരഞ്ഞു തീർത്തു.

കൂടെയുള്ളവരെല്ലാം വല്ലാത്ത ദേഷ്യത്തിലും, വിഷമത്തിലുമാണ്. ഞാനാണെങ്കിൽ ഭാരമേറിയ കവറുകളുമായി, ആ വെയിലത്തുള്ള നടത്തത്തിൽ ആകെ തളർന്നിരുന്നു.


കുറേ കഴിഞ്ഞു കട്ടിലിൽ നിന്നെണീറ്റു, നമസ്കരിച്ചു, പ്രാർത്ഥിച്ചു.

പ്രാർത്ഥനകൾ പ്രതിസന്ധിഘട്ടങ്ങളെ മറികടക്കാനുള്ള ധൈര്യവും, വിഷമഘട്ടങ്ങളിൽ ആശ്വാസവും നൽകും.

ഉച്ചഭക്ഷണം കഴിച്ചു പാതിമയക്കത്തിലായിരുന്ന ഞാൻ, പുറത്തുനിന്ന് ബഹളം കേട്ട് ഇറങ്ങിനോക്കിയപ്പോൾ, നേരത്തെ പോസിറ്റീവ് ആണെന്നും പറഞ്ഞു നഴ്സുമാർ വിളിച്ചുകൊണ്ടുപോയ പയ്യൻ വരാന്തയിൽ നിൽക്കുന്നു.

ഇവിടുത്തെ മറ്റ് അന്തേവാസികൾ അയാളോട് ദേഷ്യപ്പെടുകയും, പുറത്തുപോകാൻ പറഞ്ഞു ഒച്ചയിടുകയും ചെയ്യുന്നു. തീർത്തും നിസ്സഹായനായി നിൽക്കുന്ന ആ പയ്യന്റെ രൂപം എന്നെ വല്ലാതെ അസ്വസ്ഥമാക്കി.

എല്ലാവരോടും കുറച്ചു നേരം മിണ്ടാതിരിക്കാനും, അവന് പറയാനുള്ളത് കേൾക്കണമെന്നും ബഹളം വെക്കുന്നവരോട് ഞാൻ ഉച്ചത്തിൽ പറഞ്ഞു.

അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ആ നേപ്പാളി പയ്യൻ അവന്റെ ഭാഷയിൽ പറഞ്ഞു തുടങ്ങി.

"അവർ എന്നെ കൂട്ടിക്കൊണ്ടു പോയി, വസ്ത്രം നൽകി, ഒരുക്കിനിർത്തി, ഒരു ബസ്സ് വരുമെന്നും, അതിൽ കയറി മറ്റൊരു ക്യാമ്പിലേക്ക് പോകണമെന്നും പറഞ്ഞു. എന്നാൽ, കുറച്ചുകഴിഞ്ഞു അവർ വസ്ത്രം തിരികെവാങ്ങി റിസൾട്ട് നെഗറ്റീവ് ആണെന്നും, തെറ്റു പറ്റിയതാണെന്നും മുറിയിലേക്ക് തന്നെ പൊയ്ക്കോളാനും പറഞ്ഞു".

അവൻ പറഞ്ഞു നിർത്തിയതും, എല്ലാവരും അമ്പരപ്പോടെ പരസ്പരം നോക്കി, സന്തോഷം കൊണ്ട് ചിരിക്കാനും, കൂകി വിളിക്കാനും തുടങ്ങി.

പ്രതീക്ഷകളുടെ പൊൻകിരണങ്ങൾ ഞങ്ങൾക്കുമുകളിൽ വീണ്ടും ഉയർന്നുപൊങ്ങി.

അതുവരെ വില്ലനായിരുന്ന ആ പയ്യൻ നിമിഷനേരം കൊണ്ട് ഞങ്ങളുടെ 'ഹീറോ'യായി മാറി.

അവന് പോസിറ്റീവ് ആയിരുന്നേൽ ഞങ്ങളുടെ 'തടവു കാലാവധി' ഇനിയും ഒരുപാട് നീണ്ടുപോയേനെ.

കുറേ നേരമായി പോക്കറ്റിൽ കിടന്ന് വിറച്ചിരുന്ന ഫോണിനെ കയ്യിലെടുത്തു ചെവിയിൽ വെച്ചു.

മറുതലയ്ക്കൽ മിഥുൻ ആണ്.

"നിയാസേ, ഒരു വാർത്തയുണ്ട്,
വിട്ടയയ്ക്കാനുള്ള 150 പേരുടെ ലിസ്റ്റ് ആരോഗ്യ മന്ത്രാലയം ഒപ്പുവെച്ചു".

ആ വാർത്ത കേട്ടതും പ്രതീക്ഷയുടെ തിരിനാളം വീണ്ടും കത്തിത്തുടങ്ങി.

വാർത്തയുടെ വിശ്വാസ്യതയെപ്പറ്റി അന്വേഷിച്ചപ്പോൾ, ശരിയാണെന്ന് ബോധ്യപ്പെട്ടു.

ആരോഗ്യ മന്ത്രാലയം ഒപ്പുവച്ച ആ പട്ടികയിൽ എല്ലാവരും തങ്ങളുടെ പേരും, സ്വപ്നം കണ്ടുറങ്ങിയെഴുന്നേറ്റു.

അങ്ങിനെയൊരു വ്യാഴാഴ്ച ദിവസം.

ഇവിടെ എന്റെ ഇരുപത്തിനാലാം നാൾ. ഒരു നഴ്സ് വില്ലയിൽ വന്നുകൊണ്ട്, ഇന്ന് 150 പേരെ വിട്ടയക്കുന്നുണ്ടെന്ന് പറഞ്ഞു.

ഞങ്ങൾ സന്തോഷത്തോടെ തുള്ളിച്ചാടി, പരസ്പരം ആശംസിച്ചു.

പ്രതീക്ഷകളെ പോലും നഷ്ടമായ ചിലർ അതെല്ലാം അവഗണിച്ച് മുറികളിൽ തന്നെ ചടഞ്ഞു കൂടി.

മുറിയുടെ ജനാലകൾ തുറന്നുവെച്ച് ഞാൻ വില്ലയുടെ മുൻവാതിലിലേക്ക് നോക്കിക്കിടന്നു, സ്വാതന്ത്ര്യത്തിന്റെ പ്രകാശവുമായി കടന്നുവരുന്ന ആ നഴ്സിനെ പ്രതീക്ഷിച്ചുകൊണ്ട്.

സമയം വൈകുന്നേരം 5 മണി കഴിഞ്ഞു.

ഈ കാത്തിരിപ്പ് എന്നെ വല്ലാതെ തളർത്തുന്നു. വില്ലയുടെ മുൻവാതിലുകൾ അടഞ്ഞു തന്നെ കിടക്കുന്നു.

നിരാശ, ദേഷ്യമായി മാറിയപ്പോൾ, മാസ്ക് ധരിച്ച് ഞാൻ മുറിക്കു പുറത്തിറങ്ങി. മുൻപോട്ടു പാഞ്ഞു വന്ന സെക്യൂരിറ്റിയോടെല്ലാം 'ഡോക്ടറെ കാണണം' എന്ന് പറഞ്ഞ് ഞാൻ ധൃതിയിൽ നടന്നു. ക്ലിനിക്കിന് പുറത്തെത്തിയ എന്നോട് കാര്യമന്വേഷിച്ച ഡോക്ടറോട്, എന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഞാൻ പൊട്ടിത്തെറിച്ചു.

"ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയിട്ടും തിരികെ വീട്ടിൽ പോകാൻ അനുവദിക്കാതെ ഇവിടെ തടവിലാക്കിയാൽ, എൻറെ അസാന്നിധ്യത്തിൽ എൻറെ കുടുംബത്തിന് വല്ല ആപത്തും സംഭവിച്ചാൽ, ആർക്കാണതിന്റെ ഉത്തരവാദിത്വം..?".

എന്റെ വിചിത്രമായ ചോദ്യം കേട്ട ഡോക്ടർ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു തുടങ്ങി.

"എന്റെ പേര് ഖാലിദ്.
നിങ്ങളുടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാക്കാം, എനിക്ക് നിങ്ങളെ സഹായിക്കുവാനും കഴിയും. നിങ്ങൾ പറഞ്ഞപോലെ, നിങ്ങളുടെ കുടുംബം ഇവിടെ നിങ്ങളോടൊപ്പം അസീസിയയിൽ താമസിക്കുന്നുണ്ടെന്ന് കാണിക്കുന്ന ഒരു ലെറ്റർ നിങ്ങളുടെ കമ്പനി ലെറ്റർഹെഡിൽ കമ്പനിയുടമയുടെ ഒപ്പോടു കൂടി സമർപ്പിക്കുകയാണെങ്കിൽ ഉടനെ നിങ്ങളെ ഞാൻ വിട്ടയക്കാം".

അയാൾ പറഞ്ഞു നിർത്തിയതും ഞാൻ കമ്പനിയിലേക്ക് വിളിച്ച് കാര്യം അവതരിപ്പിച്ചു. അപ്പോഴാണ് ഞാൻ ഓർത്തത്, നിലവിൽ എന്റെ വിസ മറ്റൊരു കമ്പനിയിലാണെന്നും പുതിയ കമ്പനിയിലേക്ക് മാറ്റാനിരുന്നപ്പോഴാണിതെല്ലാം സംഭവിച്ചതെന്നും.

കമ്പനിയുടെ വിസയിലല്ലാത്ത ഒരാൾക്ക് വേണ്ടി ഇത്തരമൊരു കാര്യത്തിന്  ബുദ്ധിമുട്ടാണെന്ന് കമ്പനി കൂടി അറിയിച്ചപ്പോൾ ഒടുവിലെ പ്രതീക്ഷയും അസ്തമിച്ചു.

മറ്റെന്തെങ്കിലും സാധ്യതകൾ അവശേഷിക്കുന്നുണ്ടോ എന്നറിയാനായി ഞാൻ വീണ്ടും ആ ഡോക്ടറെ തിരഞ്ഞു നടന്നു.

കുറച്ചു മാറി ഒരാൾക്കൂട്ടം കണ്ട ഞാൻ നോക്കിയപ്പോൾ,

കുറച്ചു നേഴ്സുമാർ ഓരോ വില്ലയ്ക്കും പുറത്തുവന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.

'ഞാൻ ഇവിടെ കണ്ടതിൽ വെച്ച് ഏറ്റവും കുളിരുള്ള കാഴ്ച'.

ഞാൻ അവർക്കിടയിൽ പോയിനിന്ന് അവരുടെ സന്തോഷത്തെ അടുത്തുനിന്ന് വീക്ഷിച്ചു.

രണ്ടാമത്തെ ബ്ലോക്കിൽ ഉള്ളവരെ മാത്രമാണ് ഇപ്പോൾ വിട്ടയയ്ക്കുന്നതെന്നു അറിഞ്ഞപ്പോൾ എന്റെ നെഞ്ചൊന്നു പിടഞ്ഞു..
വയറൊന്ന് കാളി..

പുതിയ ക്യാമ്പിലേക്ക് മാറ്റിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഞങ്ങളെ രണ്ടാമത്തെ ബ്ലോക്കിൽ നിന്ന് നാലാമത്തെ ബ്ലോക്കിലേക്ക് മാറ്റിയത്.

എന്റെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റു.

ആ നഴ്സിന്റെ കയ്യിലുള്ള കടലാസ്സിലേക്ക് ഞാൻ ഒളിഞ്ഞും, തെളിഞ്ഞും നോട്ടമെറിഞ്ഞു. വ്യക്തമല്ലാത്തതും, പരിചിതമല്ലാത്തതുമായ ഒരുപാട് പേരുകൾ ആ കടലാസ്സിൽ കാൽനീട്ടിയിരിപ്പുണ്ടായിരുന്നു.

എൻറെ കാലുകൾ നിലത്തുറയ്ക്കുന്നില്ല.

എന്തു ചെയ്യണമെന്നറിയാതെ പ്രതീക്ഷക്കും നിരാശയ്ക്കുമിടയിലൂടെ ഞാൻ മുറിയിലേക്ക് നടന്നു.

തൊട്ടടുത്ത മുറിയിലെ മലയാളികളായ സുജേഷേട്ടനോടും റാഫിയോടും ഞാൻ കാര്യം പറഞ്ഞു.

കേട്ടപാതി കേൾക്കാത്ത പാതി, റാഫി എന്നെയും കൂട്ടി ക്ലിനിക്കിലേക്കു നടന്നു. കാര്യമന്വേഷിച്ച മറ്റൊരു ഡോക്ടറോട്, രണ്ടാമത്തെ ബ്ലോക്കിലുണ്ടായിരുന്ന ഞങ്ങളെ നാലാമത്തെ ബ്ലോക്കിലേക്ക് മാറ്റിയതിനെപ്പറ്റിയും, രണ്ടാമത്തെ ബ്ലോക്കിലുള്ളവരെ മാത്രം ഇപ്പോൾ വിട്ടയയ്ക്കുന്നതിനെപ്പറ്റിയും റാഫി വൈകാരികമായി സംസാരിച്ചു.

റാഫിയെ കേട്ടശേഷം ഡോക്ടർ ക്ലിനിക്കിനകത്തു കയറി കുറച്ചു കടലാസുകൾ എടുത്തു കൊണ്ടുവന്ന്, ഞങ്ങളുടെ പേരുകൾ അതിലുണ്ടോയെന്നു പരിശോധിക്കാൻ തുടങ്ങി.

രണ്ടടി പുറകോട്ടു മാറി ഞാൻ കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി.

കുറച്ചു നേരത്തെ നിശബ്ദതയ്ക്കൊടുവിൽ, "നിങ്ങളുടെ വില്ലയിൽ നിന്ന്, ഒരാളുടെ പേര് മാത്രമേയുള്ളൂവെന്നും, അതും ഏറ്റവും ഒടുവിലത്തേതാണെന്നും പറഞ്ഞു അവർ പേര് വായിച്ചു".

"അബ്ദുൽ നിയാസ്"

ആ ഡോക്ടർ പറഞ്ഞു നിർത്തിയതും, ഞാൻ ഉയർന്നു പൊന്തിയതും ഒരുമിച്ചായിരുന്നു. റാഫിയുടെ മുഖത്ത് നിരാശയുടെ കരിനിഴൽ വീഴുന്നത് ഞാൻ കണ്ടു. അവന്റെ കാര്യത്തിൽ ഞാൻ നിസ്സഹായനായിരുന്നു.

ആ പട്ടികയിലെ 150-ആമത്തെ പേരുകാരൻ ഞാനാകുമായിരുന്നെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

എന്റെ കാലുകൾക്ക് വേഗത കൂടി. മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന നഴ്സിന്റെ അടുത്തേക്ക് ഞാൻ ഓടിയടുത്തു.

സ്വാതന്ത്ര്യത്തിന്റെ മണമുള്ള ആ കടലാസ് കൈപ്പറ്റിയപ്പോൾ കുറച്ചു നേരം ഞാൻ ആകാശത്തേക്ക് കണ്ണുകളുയർത്തി അനങ്ങാതെ നിന്നു. എന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരിക്കണം.

ഈ ക്യാമ്പിലെത്തിയപ്പോൾ കൊടുത്തേൽപ്പിച്ചിരുന്ന ഐഡി കാർഡ് തിരികെ വാങ്ങി ഞാൻ മുറിയിലേക്ക് നടന്നു.

കൊണ്ടുപോകാൻ വരാൻ അളിയനെ വിളിച്ചുപറഞ്ഞു കൊണ്ട്, കൊണ്ടുപോകാനുള്ളതെല്ലാം രണ്ട് കവറുകളിലാക്കി, വില്ലയിലുള്ളവരോടെല്ലാം യാത്ര പറഞ്ഞു പടിയിറങ്ങി നടന്നു.

മുൻപോട്ടു വെയ്ക്കുന്ന ഓരോ കാലടിയ്ക്കും സ്വാതന്ത്ര്യത്തിന്റെ സുഗന്ധമുണ്ടായിരുന്നു.

ഈ രാവിന്റെ ചന്ദ്രനെയും താരകങ്ങളെയും സാക്ഷിയാക്കി പുറത്തുകടക്കാനുള്ള മൂന്ന് കവാടങ്ങളും നടന്നടുക്കുമ്പോൾ, ഞാൻ ഇവിടെ നിന്നും കൊണ്ടുപോകുന്നത് ഈ കവറുകളിലെ വസ്ത്രങ്ങൾ മാത്രമല്ലെന്നും, ഒരിക്കലും മറക്കാനാകാത്ത ഒരുപാട് ഓർമ്മകളും, ജീവിതാനുഭവങ്ങളുമാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.

മുൻപ് സംഭവിച്ച ഏതൊരു ദുരന്തത്തേയും പോലെ നാളെ ഇതും കടന്നുപോകുമായിരിക്കും, അതിനുശേഷവും എല്ലാം സാധാരണഗതിയിലാകാം.

പ്രകൃതിയോടും, പ്രകൃതിയിലുള്ളതിനോടുമുള്ള മനുഷ്യന്റെ സമീപനം മാറ്റമില്ലാതെ തുടരുന്നിടത്തോളം ഇതിലും വലിയ തിരിച്ചടികളെ നേരിടാൻ നമുക്ക് ഒരുങ്ങിയിരിക്കാം.

ഒടുവിലത്തെ കവാടം കടക്കുമ്പോൾ അവിടെയുണ്ടായിരുന്ന പോലീസുകാരൻ പുഞ്ചിരിച്ചുകൊണ്ട് എന്റെ നേരെ, ഒരു കുപ്പി വെള്ളം വെച്ചു നീട്ടി.

അതു വാങ്ങിക്കുടിച്ച് മറുപുഞ്ചിരിയോടെ ആ പോലീസുകാരനോട് നന്ദി പറഞ്ഞു ഞാൻ തിരിഞ്ഞുനടക്കുമ്പോൾ, കൂട്ടിക്കൊണ്ടുപോകാനുള്ള അളിയന്റെ കാർ എന്നെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.


-------------------------------------------------------------------------------------------------------------------