Saturday, 19 November 2016

ഒരു അവധിക്കാല ഓർമ്മകൾ (Vacation Memories)


ബാംഗ്ലൂരിൽ നിന്ന് MBA പഠിക്കുന്ന സമയം. അവസാന സെമസ്റ്റർ പരീക്ഷയുടെ സ്റ്റഡി ലീവിന് നാട്ടിലെത്തിയതാണ് ഞാൻ. ഇടയ്ക്കിടയ്ക്ക് നാട്ടിൽ വരുന്നത് തന്നെ ഉമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്. അതിൽ എനിക്കേറ്റവും പ്രിയപ്പെട്ടതാണ് തേങ്ങ ഇട്ടരച്ച മീൻകറിയും, ചോറും... ലോകത്തിലേതു ദിക്കിൽ പോയാലും എന്നെ തിരികെ വിളിക്കാൻ പോന്ന എന്തോ ഒരു കാന്തശക്തി അതിനുണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോ ഉസ്താദ് ഹോട്ടലിലെ കരീമിക്കയുടെ സുലൈമാനിയിലെ മൊഹബ്ബത് പോലെ ഇതിലും കാണും എന്തെങ്കിലും...

ഉമ്മയുടെ ഈ തേങ്ങാ ഇട്ടരച്ച മീൻകറിക്ക് ഞാനല്ലാതെ വേറെയും ആരാധകരുണ്ടെന്ന് ഞാനറിയുന്നത് കഴിഞ്ഞ ലീവിനായിരുന്നു. അത് മറ്റാരുമല്ല..  വീട്ടിലെ ഒരു പൂച്ചയാണ്...

അടുക്കളയുടെ അതിർത്തി കടന്ന് അക്രമം പതിവാക്കിയ ഈ പൂച്ചയുടെ ക്രൂരതയ്ക്ക് എന്നും ഉപ്പയുടെ പഴി കേൾക്കേണ്ടി വരുന്നത് ഉമ്മയ്ക്കാണ്. അതുകൊണ്ട് തന്നെ ഇവർ തമ്മിൽ എപ്പോഴും ഭയങ്കര വഴക്കാണ് .

രാവിലെ ഉമ്മ മീൻ നന്നാകുമ്പോൾ ''മ്യാവൂ'' വിളിച്ചു  കൊണ്ട് പുറകെ കൂടും. ഉമ്മയുണ്ടോ ഗൗനിക്കുന്നു.  ഉമ്മ മീൻ നന്നാക്കിക്കഴിഞ്ഞു മീനിന്റെ ബാക്കിവന്ന തലയും മറ്റു അവശിഷ്ടങ്ങളും അപ്പുറത്തുള്ള തെങ്ങിൻകുഴിയിൽ കൊണ്ട് പോയി  കളയും.

അതുവരെ കണ്ണും കൂർപ്പിച്ചു വെള്ളമിറക്കിക്കൊണ്ടിരുന്ന ആ പൂച്ച നേരെ തെങ്ങിൻകുഴിയിലേക്കു കുതിച്ചു ചാടി അവ മണത്തു നോക്കി അകത്താക്കും. വിശപ്പിന്റെ തീവ്രതയും, അതുണ്ടാക്കുന്ന വേദനയും അൽപ്പമെങ്കിലും ഞാനറിയുന്നത് ബാംഗ്ലൂരിലെ പഠന കാലത്താണ്. അതുകൊണ്ടായിരിക്കാം വിശന്നു കരയുന്ന ആ പൂച്ചയോട് എനിക്കൊരു 'അലിവ്' തോന്നിയത്.

ആ പൂച്ച എന്റെ വീടുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട് എന്നത് അടുത്ത ദിവസങ്ങളിലെ നിരീക്ഷണത്തോടെ എനിക്ക് ബോധ്യമായി. വിലക്കുറവിൽ മീൻ കിട്ടുന്ന സമയത്തു ഒരു കിലോ വാങ്ങി അതിനു കൊടുത്താലോ എന്നുവരെ ഞാൻ ആലോചിച്ചിട്ടുണ്ട്. ചുറ്റുമുള്ളവർ എന്ത് കരുതുമെന്നു കരുതി ചെയ്തില്ല...

എന്നിരുന്നാലും, രാത്രി അത്താഴശേഷം ബാക്കി വരുന്ന മീനിന്റെ മുള്ളും, മറ്റു അവശിഷ്ടങ്ങളും ഞാൻ  ഒരു പരന്ന പാത്രത്തിൽ ശേഖരിച്ചു അടുക്കളയുടെ പുറകുവശത്തു വെക്കുന്നത് പതിവാക്കി. രാത്രി എപ്പോഴെങ്കിലും വന്ന് അത് കഴിച്ചു തീർക്കും.

ദിവസങ്ങൾ കടന്നു പോയി. പതിയെ ആ പൂച്ചയുമായി ഒരു ഇണക്കമൊക്കെ വന്നു തുടങ്ങിയപ്പോഴേക്കും എനിക്ക് തിരിച്ചു പോകാൻ സമയമായി. ഉമ്മയോട് അതിനെ നോക്കാൻ ഏൽപ്പിച്ചു ഞാൻ ബാഗ്ലൂരിലേക്കു മടങ്ങി.

കോഴ്സ് കഴിഞ്ഞു തിരിച്ചു വന്ന എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞ വാർത്തയായിരുന്നു അത്. "റോഡ് മുറിച്ചു കടക്കുമ്പോൾ ഏതോ വണ്ടി വന്നു കയറി ആ പൂച്ച ചത്തുപോയത്രെ.." അൽപ്പം വിഷമത്തോടെയായിരുന്നു ഉമ്മ ഇതെന്നോട് പറഞ്ഞത്. ആദ്യമൊരു ഞെട്ടലായിരുന്നു..  പിന്നെ അതൊരു ദുഃഖമായി.. പതിയെ ഞാൻ  അത്  മറന്നു തുടങ്ങി.

ബാംഗ്ലൂരിലെ പഠനശേഷം ഒരു വർഷം അവിടെ ജോലി ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. ഉപ്പയുടെ എതിർപ്പുകളെ മറികടന്ന് ഇന്റർവ്യൂ പലതും പരീക്ഷിച്ചു, എന്റെ കഴിവും, പാണ്ഡിത്യവും, സാമർഥ്യവും കണ്ടുകൊണ്ട് ഇവനിവിടെ ഒതുങ്ങിപ്പോകേണ്ടവനല്ല എന്ന് കരുതിയാകണം, ആരും എനിക്ക് ജോലിയൊന്നും  തന്നില്ല. കയ്യിലെ കാശെല്ലാം തീർന്നു.. കടങ്ങൾ കഴുത്തോളമെത്തി... ഒന്നാന്തിയിലെ പണമെത്തിയ സന്ദേശങ്ങൾ വരാതായി... പല്ലിറുക്കിക്കൊണ്ടു ഞാൻ ഉപ്പയെ സ്മരിച്ചു.

ഉപ്പ കണക്കു കൂട്ടിയ പോലെ ഞാൻ തിരിച്ചു നാട്ടിലെത്തി (കള്ളവണ്ടി).
ഉപ്പയ്ക്ക് ഒരൊറ്റ നിർബന്ധം.. "ഞാൻ ഗൾഫിൽ പോണം..!"  ആര്??  "ഈ ഞാൻ.!!"

ഗൾഫിനെപ്പറ്റിയും, അവിടത്തെ ജീവിതത്തെപ്പറ്റിയും ഏതാണ്ടൊരു ധാരണയുള്ളതു കൊണ്ടുതന്നെ ഞാൻ തുടക്കം മുതൽ നഖശിഖാന്തം എതിർത്തു.. പെങ്ങളും, അളിയനും ഖത്തറിൽ ഉള്ളതുകൊണ്ട് ഉപ്പ വിടുന്ന ലക്ഷണമില്ല.. "ഖത്തറിൽ പോണം..!"

ചെറുപ്പം മുതലേ അച്ചടക്കവും, മാതാപിതാക്കളെ അനുസരിക്കുകയും ചെയ്യുന്ന മകനായത് കൊണ്ട് ഒടുവിൽ ഞാൻ സമ്മതം മൂളി. MBA റിസൾട്ട് വന്നപ്പോൾ ഖത്തറിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചു.



ഇടവേള



എല്ലാവരും കാപ്പി കുടിച്ചു കഴിഞ്ഞെങ്കിൽ ഞാൻ ബാക്കി പറയട്ടെ, പെട്ടന്നൊരു ദിവസം, വീടിനകത്തു നിന്നെവിടെയോ ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം.. അതെ, അത് കരയുകയാണ്.. എവിടെ നിന്നാണെന്ന് ഒരു പിടിയുമില്ല... ഞാനും ഇക്കയും വീട് മുഴുവൻ പരതി, പക്ഷെ കണ്ടെത്താനായില്ല.. ഇടയ്ക്കെപ്പോഴോ അത് കരച്ചിൽ നിറുത്തി...

അടുത്ത ദിവസം രാത്രിയും ഇത് തുടർന്നു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ ഞങ്ങൾ തിരിച്ചറിഞ്ഞു. വീടിനകത്തു നിന്നല്ല... മുകളിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നത്.

ഞാനും, ഇക്കയും ടോർച്ചെടുത്തു ഏണിയിൽ വലിഞ്ഞു കയറി പുരപ്പുറത്തെത്തി. ചുറ്റും ഇരുട്ട് കയ്യടക്കിയിരിക്കുന്നു. എന്റെ ഉള്ളിലെവിടെയോ ഭയത്തിന്റെ വിത്ത് പാകിയിട്ടു കരച്ചിൽ താനേ നിന്നു. ഇക്ക ഒരു കൂസലുമില്ലാതെ ടോർച്ചു കൊണ്ട് പരതുകയാണ്. പെട്ടന്നാണ് ആ കാഴ്ച കാണുന്നത്. കോൺക്രീറ്റിനും, ഓട് മേഞ്ഞ കമ്പികൾക്കുമിടയിൽ മൂന്നു പൂച്ചക്കുഞ്ഞുങ്ങൾ പേടിയോടെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു. തീരെ ചെറിയ കുഞ്ഞുങ്ങൾ..

എന്തായാലും നാളെയാവട്ടെ എന്നും പറഞ്ഞു ഇക്ക പോയി. ഉമ്മയോട് ഇതിനെക്കുറിച്ചു പറഞ്ഞപ്പോൾ ഇത് ആ ചത്തുപോയ പൂച്ചയുടെ കുഞ്ഞുങ്ങളാകുമെന്നു പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കെന്തോ പോലെ...

ഉറങ്ങാൻ നേരം ആ പൂച്ചക്കുഞ്ഞുങ്ങളുടെ ചിത്രം മനസ്സിൽ നിന്ന് മായുന്നില്ല.. അതിനു വിശക്കുന്നുണ്ടാവുമോ എന്ന് തുടങ്ങിയ നൂറ് സംശയങ്ങൾ... എന്തായാലും നാളെ നോക്കാം എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു പുതപ്പിട്ടു മൂടി.

അടുത്ത ദിവസം രാവിലെ നോക്കുമ്പോൾ അതാ വീണ്ടും കരയുന്നു... ഞാൻ പോയി നോക്കിയപ്പോൾ അവിടെ രണ്ടെണ്ണമേ ഉള്ളു. പിന്നെയാ മനസ്സിലായത്, കരയുന്നത് മൂന്നാമനാണ്. അവൻ ദേ താഴെ അടുക്കളയുടെ ടെറസിന്റെ മുകളിൽ നിൽപ്പുണ്ട്. പെട്ടന്നാണ് ഞാൻ ശ്രദ്ധിച്ചത്, ആ പൂച്ചക്കുഞ്ഞിന്റെ കാലിനൊരു മുറിവുണ്ട്.  അത് ആ മുറിവിൽ നക്കിത്തുടച്ചു കൊണ്ടേയിരിക്കുന്നു. ആ മുറിവു കാരണം അതിന് അവിടുന്ന് ചാടിക്കയറാൻ കഴിയുന്നില്ല. അതാകണം കരച്ചിലിന്റെ കാരണം. ഈ കാഴ്ച കണ്ടു നിന്നിരുന്ന ഇക്ക അല്പനേരത്തെ ചിന്തകൾക്കൊടുവിൽ ഒരു നിഗമനത്തിലെത്തിയെന്ന പോലെ എന്നോടു സംസാരിക്കാൻ തുടങ്ങി.

 "മുകളിലത്തെ കുളിമുറിയിൽ നിന്ന് താഴേക്കു പോകുന്ന പൈപ്പിന് ലീക്കുള്ളതു കൊണ്ട് കുറച്ചു വെള്ളം ഇറ്റി ഇറ്റി പോകുന്നത് കാണുന്നില്ലേ?? മൂന്നു പേരും ആ വെള്ളം കുടിക്കാൻ താഴേക്കു വരികയും, തുടർന്ന്, വെള്ളം കുടിച്ചു കഴിഞ്ഞു തിരികെ പോകാൻ മൂന്നാമന് കാലിലെ മുറിവു കാരണം സാധിക്കുന്നില്ല".
ഇത്രയും പറഞ്ഞു കൊണ്ട് ഇക്ക തന്റെ ബോധമണ്ഡലത്തിന്റെ ആഴവും, പരപ്പും എന്റെ നേർക്ക് തുറന്നു കാട്ടി.
"ഇതിന്റെ പാതി മതിയായിരുന്നല്ലോ ആ ബിടെക് പാസ്സാവാൻ" എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു കൊണ്ട് ആ കഥ വിശ്വസിച്ചു.

അതിനെ കയ്യിലെടുക്കാനുള്ള ഭയം കാരണം ഞാനും ഇക്കയും ഏറെ നേരം പണിപ്പെട്ട് ഒരു മരപ്പലക കൊണ്ട് പാലം തീർത്തു അതിനെ അപ്പുറത്തെത്തിച്ചു. എന്തോ വലിയ കാര്യം ചെയ്തു എന്ന മട്ടിൽ ഞാനും ഇക്കയും മുഖത്തോടു മുഖം നോക്കി അന്തം വിട്ടു നിന്നു. ഇത് കണ്ടുകൊണ്ടു താടിക്കു കൈയും കൊടുത്തു കൊണ്ട് ഉമ്മ അപ്പുറത്തു  നിൽപ്പുണ്ടായിരുന്നു.

പൂച്ചക്കുഞ്ഞുങ്ങളുടെ വിശപ്പിനെ കുറിച്ചോർത്തപ്പോൾ  എന്റെയുള്ളിലെ മനുഷ്യത്വവും, സഹജീവി സ്നേഹവും സട കുടഞ്ഞെഴുന്നേറ്റു. താഴെ അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്നു പാലെടുക്കാൻ നേരം ഉമ്മ ചെവിക്കു പിടിച്ചു തിരികെ വെക്കാൻ കൽപ്പിച്ചു.  അതെനിക്കിഷ്ടപ്പെട്ടില്ല, പിന്നെ ഞാൻ ഒന്നും നോക്കിയില്ല. നേരെ കുതിച്ചു, മൊയ്‌ദുണ്ണിക്കാടെ കടയിലോട്ട്. ഒരു പാക്കറ്റ് പാൽ വാങ്ങി കൊണ്ട് വന്നു രണ്ട് ചിരട്ടയിലായി ഒഴിച്ചു കൊടുത്തു. മൂന്നു പേരും കൂടി ആർത്തിയോടെ അത് നക്കിക്കുടിച്ചു.  മാതാവ് നഷ്ട്ടപ്പെട്ട ഈ കുരുന്നുകൾക്ക് സംരക്ഷണത്തിന്റെ കവചം തീർത്തു കൊടുക്കാനും, കൈകാൽ ഉറയ്ക്കും വരേയ്ക്കും ഭക്ഷണം നൽകീടാനും ഞാൻ ആഗ്രഹിച്ചു.

എന്റെ ഈ പ്രവർത്തി ആദ്യമൊക്കെ മറ്റുള്ളവർക്ക് ഒരു കൗതുമായിരുന്നെങ്കിലും ഇക്ക മാത്രം എന്റെ കൂടെ കൂടി. ഞാനില്ലാത്തപ്പോൾ ഇക്കയും, ഇക്കയില്ലാത്തപ്പോൾ ഞാനും മാറി മാറി അതിന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു.

അങ്ങിനെയിരിക്കുമ്പോഴായിരുന്നു ഖത്തറിലേക്കുള്ള വിസ വന്ന വിവരം ഉപ്പ പറഞ്ഞറിയുന്നത്. ഉടനെ പോകാനുള്ള ടിക്കറ്റും എടുത്തു, ഇനി ഒരാഴ്ച സമയം. ഞാൻ പോയാൽ ഈ പൂച്ചക്കുഞ്ഞുങ്ങൾ ഇവിടെ കിടന്ന് ചാകുമോ എന്ന ചിന്ത എന്നെ ഭയപ്പെടുത്തി. ആ കാലിനു മുറിവുള്ള പൂച്ചക്കുഞ്ഞിനെപ്പറ്റിയാണ് ഞാൻ ഏറെ വ്യാകുലപ്പെട്ടത്. അവരുടെ വളർച്ച വേഗത്തിലാവാൻ ഞാൻ ധാരാളം ഭക്ഷണം കൊടുത്തു. വേണ്ടത് മാത്രം നക്കിക്കുടിച്ചു അവർ മയങ്ങി. ചിരട്ടകളിലെ പാൽ പതിയെ തൈരിലേക്കു പരിണമിച്ചു.

മറ്റു പല തിരക്കുകളിൽ പെട്ടതുകൊണ്ടു ആ ദിവസങ്ങളിൽ ഇക്ക അവരെ ശ്രദ്ധിച്ചിരുന്നില്ല. പെട്ടന്നൊരു ദിവസം ഞാൻ അവർക്കു ഭക്ഷണം കൊടുത്തു ടെറസ്സിൽ നിന്ന് തിരിച്ചു വരുമ്പോൾ ഇക്ക ചോദിച്ചു, അവർ എവിടെ എന്ന്?? ഞാൻ ഒരു ദയനീയ ഭാവം മുഖത്തു വരുത്തി 'ചത്തെ'ന്നു മറുപടി പറഞ്ഞു. ഞാൻ ഒരു തമാശക്ക് പറഞ്ഞതായിരുന്നെങ്കിലും ഇക്കയുടെ മുഖഭാവം ആകെ മാറി. ഉടനെ ഞാൻ കാര്യം പറഞ്ഞു ബോധിപ്പിക്കുകയും എന്റെ അസാന്നിധ്യത്തിലും അവരെ നോക്കണമെന്ന് ഉണർത്തുകയും ചെയ്തു. അവർക്കൊന്നും പറ്റിയിട്ടില്ല എന്നറിഞ്ഞപ്പോഴുള്ള ഇക്കയുടെ സന്തോഷം കണ്ടപ്പോൾ അവരെപ്പറ്റിയുള്ള എന്റെ വേവലാതികൾ അസ്ഥാനത്തായി.

ദിവസങ്ങൾക്കകം ഞാൻ ഖത്തറിലേക്ക് പുറപ്പെട്ടു. എന്റെ ഓർമ്മകളിൽ നിന്നും, ചിന്തകളിൽ നിന്നും ഞാനവരെ പറിച്ചു നട്ടു. ജീവിതത്തിന് പുതിയ നിർവചനങ്ങൾ തേടി നടന്നു. വർഷം ഒന്ന് പിന്നിട്ടു, അവധിക്കു നാട്ടിൽ തന്നെ തിരിച്ചെത്തിയ സമയം.

വീടിന്റെ അടുക്കള പരിസരത്തു തിരിഞ്ഞു കളിക്കുന്ന ആ മുടന്തൻ പൂച്ചയെ എനിക്കാദ്യം തിരിച്ചറിയാനായില്ല. പെട്ടന്നെന്റെ ബോധമണ്ഡലത്തിലൂടെ ഒരു പ്രകാശ രശ്മി പാഞ്ഞു കയറി. അതെ, ആ പഴയ, കാലിനു പരിക്കേറ്റ പൂച്ചക്കുഞ്ഞ് തന്നെ . ഇപ്പോഴതാ ഒരു മുടന്തൻ പൂച്ചയായി എന്റെ മുന്നിൽ അവതരിച്ചിരുക്കുന്നു.

ആകാംഷയുടെ ഭാരം താങ്ങാനാവാതെ ഞാൻ ഉമ്മയെ വിളിച്ചു ചോദിച്ചപ്പോൾ മറ്റു രണ്ടു പൂച്ചകളും എങ്ങോട്ടോ പോയെന്നും, ഈ പൂച്ച മാത്രം ഇവിടെ തന്നെയാണെന്നും ഇതിന്റെ അക്രമം അടുക്കളയിൽ അസഹ്യമാണെന്നും, കഴിയുമെങ്കിൽ ഇതിനെ ദൂരെ എങ്ങോട്ടെങ്കിലും കൊണ്ടു പോയി കളയുവാനും ഉപദേശിച്ചു. ഇതു കേട്ടപ്പോൾ ഞാൻ അറിയാതെ ആ പൂച്ചയെ നോക്കി ചിരിച്ചു. ആ പൂച്ച എന്നെ ഒരപരിചിതനെ പോലെ നോക്കി തലയാട്ടിക്കൊണ്ട് മുടന്തി മുൻപോട്ടു നടന്നു......!!!

Wednesday, 20 July 2016

ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഒന്നാം വാർഷികം


ഞാൻ ജനിച്ചു വീണപ്പോഴും ഒരുപക്ഷേ എന്റെ കൈകൾ മടക്കി ക്യാമറ ഉണ്ടാക്കി അതിലൂടെ നഴ്സിനെ നോക്കിക്കാണും. ഒരു ക്യാമറ സ്വന്തമാക്കണമെന്ന മോഹം എപ്പോഴാണ് എന്റെയുള്ളിൽ പൊട്ടമുളച്ചതെന്നറിയില്ല. ചെറുപ്പത്തിൽ നമുക്കെല്ലാവർക്കും പലതരം മോഹങ്ങൾ ഉണ്ടാകും. ഒന്നു വലുതാകുമ്പോഴാകും തിരിച്ചറിയുക അതിൽ പലതും ഭൂലോക മണ്ടത്തരവും, മറ്റു ചിലത് അപ്രാപ്യവും ആണെന്ന്. എന്നാൽ ഈ മോഹം അങ്ങിനെ തന്നെ കിടന്നു വർഷങ്ങളോളം. വ്യത്യസ്തവും, അപൂർവതയുള്ളതുമായ കാഴ്ചകൾ ഞാനെന്റെ കൈകൾ മടക്കി ക്യാമറയായി സങ്കൽപ്പിച്ചു അതിലൂടെ പകർത്തി. ഇതൊരു ശീലമായി തുടങ്ങിയത് എന്ന് മുതലാണെന്ന് വ്യക്തമായി ഓർമ്മയില്ലെങ്കിലും സ്‌കൂൾ ജീവിതത്തിൽ ഞാനെന്റെ പ്രണയിനിയുടെ സുന്ദരമായ മുഖത്തെ പലതവണ പകർത്തിയിട്ടുണ്ട് ഈ ക്യാമറയിലൂടെ. അത് പക്ഷേ, പതിഞ്ഞത് മെമ്മറി കാർഡിലല്ല, എന്റെ ഹൃദയത്തിലാണ്.  കാലമെത്ര കഴിഞ്ഞാലും മായാത്ത അപൂർവം ചിത്രങ്ങളിൽ ചിലത് അതും.

കോളേജ് ജീവിതത്തിലേക്ക് കടന്നപ്പോഴും ശീലങ്ങൾക്ക് മാറ്റമൊന്നും സംഭവിച്ചില്ല. ക്യാമറയുള്ള ഫോൺ കയ്യിൽ കിട്ടിയതിൽ പിന്നെ അതൊരു വെപ്രാളമായിരുന്നു. കാണുന്ന കാഴ്ചകളെല്ലാം പകർത്താനുള്ള ആവേശം. ചിത്രങ്ങളോടുള്ള ഇഷ്ടം പതിയെ ചലച്ചിത്രങ്ങളിലേക്ക് ചേക്കേറി. അങ്ങിനെ ഡിഗ്രി പഠനകാലത്ത് ലഘു ചിത്രങ്ങൾ പലതും ചെയ്തു. ഒരു വിനോദത്തിനുമപ്പുറം മറ്റു പലതുമായിരുന്നു അതെനിക്ക്. പിന്നെ കൂട്ടുകാരന്റെ ഹാൻഡി ക്യാമറ കടം വാങ്ങി ചെയ്ത ഡോക്യൂമെന്ററിയും, അതിനു ശേഷം ചെയ്ത ലഘു ചിത്രങ്ങളും വേറെ. 

ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ആകെ ബാക്കിയായത് അത് മാത്രമാണ് എന്ന തിരിച്ചറിവ്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നും, ചെയ്യാനിഷ്ടമുള്ള കാര്യങ്ങൾ ആസ്വദിച്ചു ചെയ്യണമെന്നുമുള്ള എന്റെ വാശി എനിക്ക് നല്ല ഇന്നലെകൾ സമ്മാനിച്ചു. 

എന്നാൽ ഇന്ന്, വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന്റെ ഫലമായി ഞാൻ സ്വന്തമാക്കിയ എന്റെ വിലപിടിപ്പുള്ള ക്യാമറ അലമാറയ്ക്കകത്തെ ഇരിപ്പു തുടങ്ങിയിട്ട് വർഷം ഒന്ന് തികയുന്നു.  മാറി വരുന്ന മാറാലകൾക്കും, ചിതറിക്കിടക്കുന്ന ചിതലുകൾക്കും കൂട്ടായി അതിനിയും അവിടെ തന്നെ കാണും, സ്വപ്നസാക്ഷാത്ക്കാരത്തിന്റെ സ്മാരകമായി. 

മോഹങ്ങളും, സ്വപ്നങ്ങളും കുഴിച്ചു മൂടപ്പെട്ട ഈ മരുഭൂമിയിൽ അഞ്ചക്ക ശമ്പളവും, തിരക്കേറിയ ജോലിയും എന്റെ ജീവിതത്തിന് പുതിയ നിർവചനങ്ങൾ നൽകിയിരിക്കുന്നു.

തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള ഓട്ടത്തിനിടയിലും ഈ ജീവിതയാത്രയിൽ എവിടെയോ വെച് എനിക്ക് നഷ്ടമായ എന്റെ മോഹങ്ങളും, ഇഷ്ടങ്ങളും ചികഞ്ഞെടുക്കാൻ ഈ ക്യാമറ ചിതലുകൾക്കും, മാറാലകൾക്കും കൂട്ടായി ഇവിടെ തന്നെ കാണണം. അതെ, അൽപ്പം ചാരിതാർഥ്യത്തോട് കൂടി തന്നെ ഞാൻ പറയും,

    "ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഒന്നാം വാർഷികം" എന്ന്.

Monday, 11 July 2016

കാഴ്ച (Vision)









പ്പോഴും കാണാറുള്ള കാഴ്ച
മൊബൈലിൽ പകർത്തിക്കോളൂ.

വല്ലപ്പോഴും കാണാറുള്ള കാഴ്ച
കണ്ണു കൊണ്ടു കാണാൻ ശ്രമിക്കൂ.

Wednesday, 6 April 2016

ഭ്രാന്തന്റെ സ്വാതന്ത്ര്യം












രുമ്പഴികൾക്കു,
മിരുട്ടുമുറികൾക്കു,
മിടയിൽ ഞെരുങ്ങി-
യമരുമ്പോൾ,

പാരതന്ത്ര്യത്തിൻ,
പരിഭവമില്ലെങ്ങും,
സന്തോഷമേകുന്ന,
സ്വാതന്ത്ര്യം മാത്രം.

വാവിട്ടു കീറാനു,
മലറിക്കരയാനു,
മുറക്കെച്ചിരിക്കാനു,
മുതകുന്ന തന്ത്രം.

Sunday, 3 April 2016

പ്രവാസി (Expatriate)








സിക്കുവാൻ ഉപവസിച്ചവൻ,
വിപ്ലവം വലിച്ചെറിഞ്ഞവൻ,
വിതയ്ക്കുവാൻ വിധിച്ചവൻ,
വിയർപ്പിലമർന്നവൻ,
വസ്തുതയിലവനാണിവൻ.

പ്രവാസത്തിലേയ്ക്ക്..


ത് ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരുമായോ യാതൊരു ബന്ധവുമില്ല, സത്യം..#@!


+2 കഴിഞ്ഞു ഉപരിപഠനം ബംഗ്ലൂരിൽ വെച്ചായിരുന്നത് കൊണ്ട് നാട്ടുകാരോടും, ബന്ധുക്കളോടും പൊതുവേ അടുപ്പം കുറവായിരുന്നു.

MBA-യുടെ വെട്ടിത്തിളങ്ങുന്ന സെർട്ടിഫിക്കറ്റുമായി തെക്കു വടക്കു നടന്നിരുന്ന എനിക്ക് നാട്ടുകാരുടെയും, ബന്ധുക്കളുടെയും നിരന്തരമായ ചോദ്യങ്ങൾ അസഹ്യമായപ്പോൾ ഖത്തറിലെക്കൊരു വിസ എടുത്തു വിമാനം കയറേണ്ടി വന്നു.

അവിടെ പെങ്ങളുടെയും അളിയന്റെയും സൽകാരം നാടൻ കോഴിയായിരുന്ന എന്നെ ബ്രോയ് ലർ കോഴിയാക്കി മാറ്റി.
ജോലിയും നേടി തിരിച്ചു വിമാനമിറങ്ങിയ എന്നെ നാട്ടുകാരും, ബന്ധുക്കളും വിരുന്നു സൽക്കാരങ്ങളിൽ വിശിഷ്ടാതിധിയാക്കി മാറ്റി. ഞാൻ പൊതുസമൂഹത്തിൽ അംഗീകരിക്കപ്പെടുന്നുവെന്നും, അവർ എന്നിൽ അഭിമാനം കൊള്ളുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു.
ദിവസങ്ങൾ ധാരാളം കടന്നു പോയി.

ഒരാഴ്ച കഴിഞ്ഞു 'വിസ' അയക്കാമെന്നു പറഞ്ഞ കമ്പനിയുടെ അഡ്രസ്‌ പോലുമില്ല.
നാട്ടുകാരുടെയും, ബന്ധുക്കളുടെയും സ്നേഹപുഞ്ചിരിരികൾക്ക് മങ്ങലേറ്റു തുടങ്ങി.
ഞാൻ കാത്തിരിപ്പ് തുടർന്നു. ചിരിമുഖങ്ങളിൽ പതിയെ ചോദ്യങ്ങൾ വിടർന്നു.

എന്റെ കാര്യത്തിലുള്ള നാട്ടുകാരുടെയും, ബന്ധുക്കളുടെയും കരുതലും, വേവലാധിയും എന്നെ അത്ഭുതപ്പെടുത്തി.
ആഴ്ച മൂന്ന് കഴിഞ്ഞപ്പോൾ വിരുന്നു സൽക്കാരങ്ങൾ പണി മുടക്കാൻ തുടങ്ങി.ചോദ്യങ്ങളിൽ പരിഹാസച്ച്വയ തോന്നിയപ്പോൾ ഗതി കെട്ട് കമ്പനിയിലേക്ക് വിളിച്ച് കാര്യാം തിരക്കി. പിന്നെ, ദിവസങ്ങൾക്കകം 'വിസ' കിട്ടി.
ഒരിടവേളക്ക് ശേഷം വീണ്ടും വിരുന്നു സൽക്കാരങ്ങളിലെ വിശിഷ്ടാഥിതിക്കസേരകൾ എനിക്കായ് ഒഴിഞ്ഞു കിടന്നു. വിവാഹ മാർക്കെറ്റിൽ എന്റെ വിലെ റെക്കോർഡിലെത്തി.

ആഴ്ചകൾ വീണ്ടും കടന്നു പോയി. ഖത്തറിലേക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ്‌ ഇനിയും കമ്പനിയിൽ നിന്നു ലഭിക്കാത്തത് നാട്ടുകാരുടെയും, ബന്ധുക്കളുടെയും ഉറക്കം കെടുത്തി.
അവർ എന്നെ ഓർത്ത് ധാരാളം വേവലാതി പൂണ്ടു. അവരുടെ ചിന്തകളിൽ ഞാൻ മാത്രമായി. എന്റെ വിസ, എന്റെ ടിക്കറ്റ്‌, എന്റെ ജോലി, ഞാൻ.., ഞാൻ.., ഞാൻ......!

ഒരിടവേളക്ക് ശേഷം അവർ പതിവ് ചോദ്യങ്ങൾ ആവർത്തിച്ചു. ഞാൻ വീണ്ടും അസ്വസ്ഥനായി. ഇനി, എനിക്കും ഖത്തറിനും ഇടയിൽ ഒരു വിമാന ടിക്കറ്റിന്റെ അന്തരം മാത്രം.

ദിവസങ്ങൾ ആഴ്ചകളായി.., ആഴ്ചകൾ മാസങ്ങളും.
കാത്തിരിപ്പ് മാത്രം നീളുന്നു.

ഞാൻ വീണ്ടും കറുത്ത്, മെലിഞ്ഞ് പഴയ 'ഞാൻ' ആയി.
ഞാൻ പോലും മറന്നു തുടങ്ങിയ ആ പഴയ 'ഞാൻ'.

ദിവസങ്ങൾക്കകം അതു സംഭവിച്ചു.
ധിം...?@#$!
"ടിക്കറ്റ്‌ കിട്ടി".

അങ്ങനെ, ആ ദിവസം വന്നെത്തി.
നാട്ടുകാരോടും, ബന്ധുക്കളോടും യാത്ര പറഞ്ഞും, കണ്ണീർ ചൊരിഞ്ഞും, കെട്ടിപ്പിടിച്ചും, പൊട്ടിക്കരഞ്ഞും അവിടെ നിന്നും യാത്രയാകുമ്പോൾ എന്റെ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വാമി വിവേകാനന്തന്റെ പ്രശസ്തമായ ആ വാചകം.

"കേരളം ഒരു ഭ്രാന്താലയം".

Sunday, 27 March 2016

ഭൂമിയുടെ മുറിപ്പാടുകൾ (Wounds of Earth)

















ഭൂ
മിയെ കുറിച്ചറിഞ്ഞത്‌ മുതൽ പിറന്നു വീഴരുതെന്ന് ഒരുപാട് പ്രാർഥിച്ചു.

പിറന്നു വീണെന്നറിഞ്ഞപ്പോൾ വിഷമം ഉള്ളിലൊതുക്കി തേങ്ങി.
മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടങ്ങോട്ട്.

ഇടയ്ക്കെപ്പോഴോ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങിയത് അവളെ കണ്ടതിനു ശേഷമായിരുന്നു. പാതിവഴിയിൽ അവളും പിരിഞ്ഞു, ശിഷ്ട ജീവിതം മറ്റൊരുവന് സമ്മാനിച്ചു കൊണ്ട്. 

ഓർക്കാനിഷ്ടമുണ്ടായിരുന്ന ആ നല്ല നാളുകളെയും മറയ്ക്കേണ്ടി വന്നപ്പോൾ കാലന്റെ കുളമ്പടിശബ്ദങ്ങൾക്ക് കാതോർത്തു. കയ്പ്പേറിയ മരുന്ന് കഴിച്ച് മരണത്തിന്റെ ജാലകം നോക്കി അക്ഷമയോടെ കാത്തിരിക്കുമ്പോൾ അവന്റെ മനസ്സ് പോയ കാലങ്ങളെ തലോടി..

പേറ്റുനോവ് സഹിക്കവയ്യാതെ തള്ള പോയി..,
കള്ള് കുടിച്ചു വന്ന അച്ഛന്റെ കാമവെറിക്കിരയായി പെങ്ങളും..!

'അച്ഛൻ' എന്നു വിളിച്ച നാവിലേക്ക് മരണത്തിന്റെ കയ്പ്പേറിയ മരുന്നൊഴിച്ചപ്പോൾ മനസ്സ് ഒരൽപം ആശ്വസിച്ചു.

തിരിച്ചുവരവില്ലാത്ത ഈ യാത്രയിൽ മരണത്തിന്റെ അനന്തമായ ജാലകം കടന്നു ചെല്ലുമ്പോൾ ഭൂമിയിലേക്ക്‌ പിറന്നു വീഴാനിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കി നിസ്സഹായതയോടെ പുഞ്ചിരിച്ചു.

ഓർമ്മയിലെ ബാല്യം (Childhood Memories)


















ഓർമ്മകളേ എൻ ഓമലാളേ...
മറവിയിൽ നീ മാഞ്ഞിടാതെ...

ബാല്യമാ കാലത്തെ,
ഭാഗ്യമാ നാളുകൾ,
ബാക്കിയാക്കി നീ 
പോയിടാതെ.

മണ്ണിലിരുന്ന് കളിച്ചതും നാം,
മണ്ണപ്പം ചുട്ടു കഴിച്ചതും,
മഴയിൽ കുതിർന്ന് കളിച്ച ശേഷം,
മാനത്ത് നോക്കി കൊതിച്ചതും.

പുലർക്കാലം വിരിഞ്ഞ പൂക്കളും,
കരയെത്തലോടും പുഴകളും, 
കാറ്റിലലയുന്ന പട്ടവും,
കാഴ്ചയെ കുളിരണിഞ്ഞതും.

മറക്കില്ലൊരിക്കലും,
മരണത്തിൽ പോലും,
സ്മരണയിലെന്നും,
സൂക്ഷിക്കും ബാല്യം.

മറവിയ്ക്കു മീതേയോർമ്മകൾ,
മഴവില്ലുപോൽ നിന്നിടുമ്പോൾ
കുളിരില്ലതിനേക്കാൾ,
ശീതീകരിച്ചൊരു തണുപ്പിനും.

ഒടുവിൽ,
പൊട്ടക്കിണറിലേക്കു,
നീ വീണ നേരം,
ഒറ്റക്കരച്ചിലായ് ഞാൻ,
തീർത്തു മൗനം..

പിന്നേയും പുഴകൾ നിറഞ്ഞൊഴുകി,
പിന്നേയും പൂക്കൾ വിരുന്നൊരുക്കി,
പിന്നേയും പഴങ്ങൾ പഴുത്തുണങ്ങി,
പിന്നേയും പാടം തളിർത്തു നിന്നു,

ഞാനറിഞ്ഞില്ലിതൊന്നും 
നിൻ നിലവിളിയ്ക്കു ശേഷം..!

യാന്ത്രികം..?

ജീവിതത്തിലെ ആദ്യ ഘട്ടം,

പൂക്കളേയും, പുഴകളേയും, കുയിലിനേയും, കുരുവിയേയും സ്നേഹിച്ച ബാല്യം.
കാണുന്നതെന്തിലും നിറച്ചാധുര്യം പകർന്ന കൗമാരവും, യൗവനവും.
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും അസംഖ്യം കൂട്ടുകാരും, കുടുംബാങ്ങളും.

രണ്ടര പതീറ്റാണ്ടിന്റെ ആദ്യ പകുതിയ്ക്ക് ശുഭകരമായ പര്യവസാനം.

രണ്ടാം ഘട്ടം,

വിധി കോർത്തിണക്കിയ ആ വലിയ ചങ്ങലയിലെ 'ഞാൻ' എന്ന കണ്ണി വേർത്തിരിഞ്ഞു.

ശിഷ്ടജീവിതം കഷ്ടതകൾ നിറഞ്ഞ അപരിചിതമായ മറ്റൊരു ലോകത്ത്.

താങ്ങും, തണലുമായവർ താനേ മാറിയപ്പോൾ പിച്ചവെച്ച കാലുകൾക്ക് ബലം വെച്ചു.

വിധിയോടു പൊരുതി ഉപജീവനം സാധ്യമാക്കി.

ജീവിതം പുതിയ പശ്ചാത്തലത്തിൽ ദിശയറിയാതെ ഒഴുകിനടന്നു.

ആജ്ഞകളുടെ പുതിയ ലോകത്ത് വിധി എന്നെ അടിമയായി നിയോഗിച്ചു.

എന്റെ കാഴ്ചയും, കേൾവിയും ജോലിസ്ഥലത്തെ ഉപകരണങ്ങൾക്കും, നട്ടെല്ല് മേലധികാരികൾക്കും നൽകി.

പണയം വെച്ച യുവത്വം എന്നെ നോക്കി ഇളിച്ചു കാട്ടി.

ആത്മാവും, മനസ്സും നഷ്ടപ്പെട്ട ഞാൻ പതിയെ ഒരു യന്ത്രമായി മാറി.

എന്നിലെ ഓർമ്മകൾ മറവിയുടെ മൺകൂനകൾ മൂടിയപ്പോൾ ചിന്തകൾ ചിതലുകൾക്ക് ദാനം നൽകി.

വെളിച്ചം പകർന്ന വിളക്കുകൾ എന്നെന്നേക്കുമായി മങ്ങി.

ഇരുട്ട് വിഴുങ്ങിയ മുറി പിന്നീട് ശാന്തമായിരുന്നു.

പ്രത്യാശയുടെ അരണ്ട വെളിച്ചം പോലും ആ മുറിയെ സ്പർശിച്ചു നോവിച്ചില്ല.

ഓർമ്മകൾ കടൽ താണ്ടി എത്തിയപ്പോൾ രണ്ടു തുള്ളി കണ്ണീർ നൽകി തിരിച്ചയച്ചു.

അലറിക്കരയാനൊരുങ്ങിയപ്പോൾ ആരോ വന്ന് വായിൽ പൊത്തി പറഞ്ഞു,
'നീയൊരു യന്ത്രമാണ്'.

ആർക്കോ വേണ്ടി പ്രവർത്തിക്കുന്ന ആത്മാവ് നഷ്ടപെട്ട ഒരു യന്ത്രം...!

കാലം നൽകിയ മുറിവുകൾ

റവാട് അവന് നല്ല ഓർമ്മകളുടെ കലവറയായിരുന്നു.

പൂക്കളേയും, പുഴകളേയും, കുയിലിനേയും, കുരുവിയേയും, കാറ്റിനേയും, കല്ലിനേയും സ്നേഹിച്ചിരുന്ന ആ പഴയ കാലത്തിന്റെ ഓർമ്മകൾ. 
ഇടയ്ക്കെപ്പോഴോ ഒരു മടുപ്പ് തോന്നിയപ്പോൾ കാലം അവനെ മാറ്റിപ്പാർപ്പിച്ചു.
"സാങ്കേതിക വിദ്യകൾ കൊണ്ട് വികസിപ്പിച്ചെടുത്ത ഒരു വിസ്മയ ലോകത്തേയ്ക്ക്".

കാലമൊരുപാട് കടന്നു പോയി. കണ്ണുനീരു കൊണ്ട് കള്ളം പ്രചരിച്ചു, പുഞ്ചിരികൾ വഞ്ചനയുടേത് മാത്രമായി. തറവാട്ടിലെ ഓർമ്മകളിൽ നിന്നും അവനറിഞ്ഞ മാനുഷിക മൂല്യങ്ങൾ ഇവിടെ വില്പ്പനച്ചരക്കുകളായി. മണ്ണിന്റെ മണവും, ആകാശത്തിന്റെ ആഴവും ഇവിടെ വിചിത്രമായ അറിവുകളായി.

നഷ്ടപെട്ടത് മുഴുവനും വിലപിടിച്ചതായിരുന്നു എന്നറിയുമ്പോഴേക്കും കാലം മനുഷ്യനെ ചന്ദ്രനിലെത്തിച്ചു. ഓർമ്മകളുടെ ആ പഴയ തറവാട്ടു മുറ്റത്തെത്താൻ മനസ്സ് കൊതിച്ചപ്പോൾ, പുതിയ കാലത്തെ അലങ്കാരങ്ങളോടും, ആർഭാടങ്ങളോടും വിട പറഞ്ഞു കൊണ്ട് അവൻ കുതിച്ചു.

അവിടെ അവനെ വരവേറ്റത് വീതിയേറിയ പാതകളും, ചീറിപ്പായുന്ന വാഹനങ്ങളും, മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുമായിരുന്നു. കളിച്ചു വളർന്ന തറവാട്ടുമുറ്റം കോൺക്രീറ്റുകൾക്ക് വഴിമാറിയപ്പോൾ, വരിക്കപ്ലാവും, മുവ്വാണ്ടാൻ മാവും അപ്രത്യക്ഷമായി. കാലം പുതിയ സംസ്കാരത്തേയും, മനുഷ്യൻ പുതിയ കാലത്തേയും തേടിയപ്പോൾ മാനുഷിക മൂല്യങ്ങൾ മാത്രം മണ്ണോടലിഞ്ഞു ചേർന്നു.

ബാക്കിയായ ഓർമ്മകളല്ലാതെ മറ്റൊന്നും അവിടെ അവശേഷിക്കുന്നില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ അവൻ തറവാടിന്റെ പുറകുവശത്തുണ്ടായിരുന്ന പാടശേഖരങ്ങളിലേയ്ക്ക് നടന്നു.

അവിടേയും സ്ഥിതി വ്യതസ്തമായിരുന്നില്ല. നികത്തപ്പെട്ട പാടശേഖരങ്ങൾ, മാനംമുട്ടെ ഉയർന്നു നിൽക്കുന്ന ഭീമൻ കെട്ടിടങ്ങൾ, വാർത്താ വിനിമയത്തിനായി സ്ഥാപിക്കപ്പെട്ട പടുകൂട്ടാൻ ടവറുകൾ. എല്ലാം മാറിവരുന്ന പുതിയ സംസ്കാരത്തിന്റെ ഞെട്ടിക്കുന്ന അടയാളങ്ങൾ.

ഓർമ്മകൾ ഓർമ്മകളായി തന്നെ ബാക്കിയായപ്പോൾ അവൻ ഒരു ഉയരമേറിയ കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് നടന്നു. തലയ്ക്കു മുകളിൽ ആകാശം മാത്രം ബാക്കിയായപ്പോൾ തലയുയർത്തിപ്പിടിച്ച് പരന്നു കിടക്കുന്ന ആകാശത്തെ നോക്കി അൽപ്പസമയം അനങ്ങാതെ നിന്നു. മാറ്റത്തിന്റെ അലയൊലികൾ പതിക്കാതിരുന്നത് ആ ആകാശം മാത്രമായിരുന്നു.

ആകാശം കാർമേഘങ്ങളിൽ മൂടിക്കെട്ടി ഭൂമിയിലേക്ക്‌ മഴ ചൊരിഞ്ഞു.
ആരും കാണാതെ പോയ അവന്റെ കണ്ണുനീരും ആ മഴയിലലിഞ്ഞു, മണ്ണിലമർന്നു..!