പിറന്നു വീണെന്നറിഞ്ഞപ്പോൾ വിഷമം ഉള്ളിലൊതുക്കി തേങ്ങി.
മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടങ്ങോട്ട്.
ഇടയ്ക്കെപ്പോഴോ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങിയത് അവളെ കണ്ടതിനു ശേഷമായിരുന്നു. പാതിവഴിയിൽ അവളും പിരിഞ്ഞു, ശിഷ്ട ജീവിതം മറ്റൊരുവന് സമ്മാനിച്ചു കൊണ്ട്.
ഓർക്കാനിഷ്ടമുണ്ടായിരുന്ന ആ നല്ല നാളുകളെയും മറയ്ക്കേണ്ടി വന്നപ്പോൾ കാലന്റെ കുളമ്പടിശബ്ദങ്ങൾക്ക് കാതോർത്തു. കയ്പ്പേറിയ മരുന്ന് കഴിച്ച് മരണത്തിന്റെ ജാലകം നോക്കി അക്ഷമയോടെ കാത്തിരിക്കുമ്പോൾ അവന്റെ മനസ്സ് പോയ കാലങ്ങളെ തലോടി..
പേറ്റുനോവ് സഹിക്കവയ്യാതെ തള്ള പോയി..,
കള്ള് കുടിച്ചു വന്ന അച്ഛന്റെ കാമവെറിക്കിരയായി പെങ്ങളും..!
'അച്ഛൻ' എന്നു വിളിച്ച നാവിലേക്ക് മരണത്തിന്റെ കയ്പ്പേറിയ മരുന്നൊഴിച്ചപ്പോൾ മനസ്സ് ഒരൽപം ആശ്വസിച്ചു.
തിരിച്ചുവരവില്ലാത്ത ഈ യാത്രയിൽ മരണത്തിന്റെ അനന്തമായ ജാലകം കടന്നു ചെല്ലുമ്പോൾ ഭൂമിയിലേക്ക് പിറന്നു വീഴാനിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കി നിസ്സഹായതയോടെ പുഞ്ചിരിച്ചു.


