Thursday, 28 May 2020

മറക്കാനിഷ്ടപ്പെടാത്ത ഓർമ്മകൾ (Fond Memories)







റക്കം വരാത്ത ചില രാത്രികളിൽ ഓർമകളിലൂടെ ഞാൻ എന്റെ ഉമ്മയുടെ തറവാട്ടിലൂടെയൊന്ന് സഞ്ചരിക്കും.

ഉമ്മറം..

ഇടനാഴികൾ..

കിടപ്പുമുറികൾ..

വരാന്തകൾ..

വെല്ലിപ്പയുടെ മുറി..

വെല്ലിമ്മ കിടന്നിരുന്ന മുറി..

എല്ലായിടങ്ങളിലും ഒന്ന് ചുറ്റിക്കറങ്ങി, ഓർമ്മകളെ പതിയെ ഒന്ന് തലോടിയുണർത്തും.


തറവാടിന്റെ ചുറ്റുമുള്ള വലിയ പറമ്പിൽ മതിവരുവോളം ഓടിക്കളിച്ചതും, മടല് വെട്ടി ക്രിക്കറ്റ് കളിച്ചതും..

പശുവിൻ തൊഴുത്തിനോടു ചേർന്നുള്ള ഇരുമ്പാമ്പുളി മരത്തിലൂടെ വലിഞ്ഞു ടെറസിന്റെ മുകളിലേക്ക് കയറിയതും..

മൂവാണ്ടൻ മാവിന്റെ കൊമ്പിൽ കയർ കെട്ടി ട്ടയറിട്ട് ഊഞ്ഞാലാടിയതും..

പറമ്പിലെ ഐനമരത്തിലെ ഐനപ്പഴങ്ങൾ കഴിച്ചു, ബാക്കി കുരുവെല്ലാം ചുട്ടു തിന്നതും..

വെല്ലിമ്മയുടെ കയ്യിൽ നിന്ന് കാശ് വാങ്ങി വേല കാണാൻ പോയതും..

പകൽ മുഴുവൻ അഴിഞ്ഞാടി, രാത്രി ഒരു നീളൻ പുൽപ്പായയിൽ ഒരുമിച്ചുള്ള കിടത്തവും..

വെളിച്ചം അണച്ചുകഴിഞ്ഞാൽ പറഞ്ഞു തുടങ്ങിയിരുന്ന പ്രേതക്കഥകളും..

കള്ളക്കഥകളാണെന്നറിഞ്ഞിട്ടും ഭയം മറയ്ക്കാൻ ഉറക്കം നടിച്ചു കിടന്നിരുന്നതെല്ലാം ഓർമ്മകളിൽ എവിടെയൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്.


ആ വലിയ വീട്ടിൽ ഞങ്ങൾക്ക് ആകെ ഭയമുണ്ടായിരുന്നത് ഒരാളോട് മാത്രമായിരുന്നു.

വെല്ലിപ്പയോട്..

ബഹുമാനം കൊണ്ടുള്ള ഭയമാണെന്ന് മാത്രം.

മക്കളോടെല്ലാം ഇത്തിരി കർക്കശക്കാരനായിരുന്നെങ്കിലും ഞങ്ങൾ പേരമക്കളോടു വല്ലാത്ത സ്നേഹമായിരുന്നു വെല്ലിപ്പാക്ക്..

എന്നിരുന്നാലും, വെല്ലിപ്പയുടെ സ്കൂട്ടറിന്റെ ശബ്ദം കേട്ടാൽ ഞങ്ങൾ കുട്ടികൾ, ഉത്സവപ്പറമ്പുകളിൽ ആന ഇടഞ്ഞപോലെ ചിതറിയോടുന്നത് പതിവുകാഴ്ചയായിരുന്നു.

ഇതൊന്നുമറിയാതെ പാവം വെല്ലിപ്പ അകത്തുകയറി ഉമ്മറത്തെ ചാരുകസേരയിൽ കാൽനീട്ടിയിരിപ്പുണ്ടാവും.

കുട്ടിക്കാലത്തെ ആ നല്ല നാളുകളെ ബാക്കിയാക്കി ആദ്യം വെല്ലിപ്പയും, വൈകാതെ വെല്ലിമ്മയും യാത്രയായപ്പോൾ ആ വലിയ വീട് എന്നെന്നേക്കുമായി അനാഥമായി. 

അവരില്ലാത്ത ആ വീട് വെറുമൊരു കെട്ടിടം മാത്രമായിരുന്നു എന്ന് ഞങ്ങൾ പേരമക്കളും, മക്കളും വേദനയോടെ തിരിച്ചറിഞ്ഞു.

വൈകാതെ, ചോർന്നൊലിച്ച് തുടങ്ങിയ ആ തറവാട് പൊളിച്ചു നീക്കി, സമീപം ചെറിയ മാമയുടെ വീട് പണി തുടങ്ങിവെച്ചു.

റോഡരികിൽ തലയെടുപ്പോടെ നിന്നിരുന്ന ഞങ്ങളുടെ തറവാട്, ശൂന്യമായ ഒരു പ്രദേശമായി മാറി.

അവിടം മുഴുവൻ വെയിലും, വെളിച്ചവും കയ്യടക്കി.

ഇന്നും അതുവഴിയുള്ള യാത്രകളിൽ തറവാട് നിന്നിരുന്നിടത്തേക്ക് ഒന്നെത്തിനോക്കാൻ പോലും ഞങ്ങൾക്ക്‌ കഴിയാത്തത്, 'ആ തറവാട് ഇനിയില്ല' എന്ന സത്യം, ബോധപൂർവ്വം അവഗണിക്കുവാൻ കൂടിയാണ്.

കാർന്നു തിന്നാത്ത ഓർമ്മകളെ ഇടയ്ക്കിടയ്ക്കൊന്നു തലോടിയുണർത്താറുണ്ട്. ഒരിക്കലത് നഷ്ടമായാൽ വീണ്ടെടുക്കാൻ പ്രയാസമാണെന്ന ബോധ്യമുള്ളതുകൊണ്ട്.

ഓർമ്മകൾ ഇത്ര മനോഹാരമായി അനുഭവപ്പെടുന്നതും, ഒരുപക്ഷേ അത് ഓർമ്മകളായ്‌ മാത്രം അവശേഷിച്ചതിനാലാവാം...



9 comments:

  1. Masha ALLAH mabrook brather good Wark sharekkum kannu nerachu manasenu oru neettall😂😂

    ReplyDelete
  2. മാഷാ അള്ളാ....
    വളരെ നന്നായിട്ടുണ്ട്
    നിയാസ്.

    വായിച്ചുകഴിഞ്ഞപ്പോൾ
    മനസ്സിൽ ഒരു നീറ്റൽ
    എന്താ എന്നറിയില്ല
    വളരെ മനസ്സിൽ തട്ടിയ
    ഒരു എഴുത്ത്
    കുറച്ചു സമയം ആ തറവാടി നിൻറെ
    മുറ്റത്ത് എത്തിയതുപോലെ ഒരു തോന്നൽ
    ശരിക്കും കണ്ണ് നിറച്ചു പഹയാ നീ 😍
    ഇനിയും ഇതുപോലുള്ള
    പഴയ ഓർമ്മകൾ
    നിന്നിൽനിന്നുംപ്രതീക്ഷിക്കുന്നു.

    എന്ന്
    സ്നേഹത്തോടെ
    സജി

    ReplyDelete
  3. നമ്മുടെ തറവാട് അതിനൊരു ഓർമ്മയാണ് ഓർമ്മയെ യെ തട്ടിയുണർത്തിയ നിനു ഇക്കാക്ക ഒരുപാട് നന്ദിയുണ്ട് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി തറവാടിന്റെ മുറ്റത്തെത്തിയ പോലെ
    എന്ന
    ബാസില

    ReplyDelete
  4. കണ്ണുനിറഞ്ഞുപോയി. അതിനെക്കാളും സഹിക്കാനാവാത്ത എന്തോ കനം ചങ്കിൽ വായിച്ചതിനു ശേഷവും അവശേഷിക്കുന്നു. ഓർമ്മകളെ അയവിറക്കാൻ അല്ലേ കഴിയൂ. ഇങ്ങനെയൊക്കെ ഒന്ന് വീണ്ടും ആയെങ്കിൽ എന്ന് കൊതിക്കാനുo. അല്ലെങ്കിൽ ഒന്നാമുറ്റം വരെ ഒന്ന് ഓടിപ്പോയി മൂവാണ്ടൻ മാവിലും പുളി മരത്തിലും പറമ്പിലും ചാടി ഓടി പഴയ കുട്ടികൾ ആവാൻ ആരാണ് ആഗ്രഹിക്കാത്തത്. എഴുതിപ്പിടിപ്പിച്ചു ഈ വാക്കുകൾ ഗംഭീരം തന്നെ പക്ഷേ അതിലും ഗംഭീരമായി തോനിയത് അതിനു പിന്നിലെ അനുഭവങ്ങളാണ്. ഗൃഹാതുരത്വമാണ്. ഓരോ വ്യക്തിയുടെ ജീവിതത്തിലും ഇതുപോലെ ഉറങ്ങാത്ത രാവുകളിൽ ഓർക്കാൻ ഇഷ്ടമുള്ള നനുത്ത ചില ഓർമ്മകൾ ഉണ്ടാകും. ആ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു സോദരാ നിനക്ക് നന്ദി നന്ദി.

    ReplyDelete
  5. മാഷാ അല്ലാഹ്.. ശെരിക്കും കണ്ണ് നിറഞ്ഞു നിയാസ്.. ഒരുപാട് സന്തോഷം അതിലുപരി സങ്കടം വന്നു... ആ പഴയ ഓർമ്മകളിലേക്ക് ഒന്നുകൂടി കൊണ്ടു പോയതിനു.. 😍😍😍👍👍👍🤝🤝🤝

    ReplyDelete
  6. നല്ലൊരു എഴുത്ത്. . .

    ഓരോ വരികൾക്കും ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല നാളുകളിലേക്ക് തിരികെ കൊണ്ട് പോകാനുള്ള കരുത്തു ഉണ്ടായിരുന്നു. തറവാട്ടിൽ ഒന്ന് പോയി വന്ന ഒരു ഫീൽ 😍
    ഒരുപാട് നന്ദി ബ്രോ ആ നല്ല ഓർമ്മകൾ ഒന്ന്കൂടി സമ്മാനിച്ചതിന്❤

    ReplyDelete
  7. പ്രിയപ്പെട്ട സഹോദര നീ എഴുതിയ ഓരോ വരികൾക്കും ജീവൻ ഉള്ളത് പോലെ എനിക്ക് അനുഭവപെട്ടു... പ്രത്യേകിച്ചു വെല്ലിപ്പയെ കുറിച്ച് എഴുതിയപ്പോൾ വെല്ലിപ്പടെ മുഖം മനസിൽ നിറഞ്ഞു നിന്നു... വായിച്ചു തുടങ്ങുബോൾ കലങ്ങി തുടങ്ങിയ കണ്ണുകൾ. കഴിയാറായപ്പോളേക്കും ഞാൻ അറിയാതെ തന്നെ നിറഞ്ഞു ഒഴുകിയിരുന്നു... ഒരിക്കൽ കൂടി ആ നല്ല ഓർമ്മകളില്ലേക് അതിന്റെ പവിത്രത ഒട്ടും പോകാതെ തന്നെ കൊണ്ടുപോയ എന്റെ പ്രിയപ്പെട്ട സഹോദരന് ഒരായിരം നന്ദി.... ��

    സ്നേഹത്തോടെ ഫജിൽ

    ReplyDelete
  8. Masha allah... ellavarem polle thane ith vazhchapo ullil sangadam athil upari aa kutty Kalla ormakall. Duty kazhinje vane kulli ellam kazhinje one free ayite ane vaych nokiyath pine manasum mutham aa ormakal ayi, ethre alochichallum thiratha athrem ormakal athellam orth orth avasanam vallipadem vallimade Verpadum athode kodi illathaya tharvadenem korich orth othiri sangadam vanu.

    Avarum aa veedum ennum namuke ellam oru thira neshttam thane ayirikum....

    ReplyDelete